സ്പെഷ്യല്‍
തുളസി വിവാഹ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍

നാലുമാസത്തെ യോഗനിദ്രയില്‍നിന്ന് വിഷ്ണുഭഗവാന്‍ ഉണരുന്നദിവസമാണ് ഉത്ഥാന ഏകാദശി. ഈ ദിവസം വിഷ്ണുഭഗവാനെ ഭജിക്കാന്‍ സാധിക്കുകയെന്നത് അതീവ പുണ്യമായ കാര്യമാണ്. ഉത്ഥാന ഏകാദശിയുടെ അടുത്തദിവസം അതായത് നവംബര്‍ അഞ്ചിന് ദ്വാദശി തിഥിയിലാണ് തുളസി വിവാഹം നടത്തപ്പെടുന്നത്. തുളസി ചെടിയും വിഷ്ണുഭഗവാനും തമ്മിലുള്ള വിവാഹത്തെയാണ് ഈ ദിനത്തില്‍ സൂചിപ്പിക്കുന്നത്. തുളസിച്ചെടിയില്‍ മഹാവിഷ്ണുവിന്റേയും മഹാലക്ഷ്മിയുടേയും സാന്നിധ്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
ദ്വാദശി തീയതി ആരംഭിക്കുന്നത് നവംബര്‍ നാലിന് വൈകുന്നേരം 6:08 നും ദ്വാദശി തീയതി അവസാനിക്കുന്നത് നവംബര്‍ അഞ്ചിന് വൈകുന്നേരം 5:06 നുമാണ്. ഈ ദിനത്തില്‍ തുളസിയേയും മഹാവിഷ്ണുവിനേയും ആരാധിച്ചാല്‍ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നാണ് വിശ്വാസം. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷവും ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഈ ദിനത്തില്‍ ഭര്‍തൃനന്മക്ക് വേണ്ടി വിവാഹിതരായ സ്ത്രീകള്‍ വ്രതമെടുത്ത് പൂജ ചെയ്യാറുണ്ട്.

മഹാവിഷ്ണുവിന്റെ പത്‌നിയായാണ് ലക്ഷ്മി ദേവിയെ കണക്കാക്കുന്നത്. ലക്ഷ്മി ദേവിയാണ് തുളസി ചെടിയായി മാറിയത് എന്നാണ് ദേവീ ഭാഗവതത്തില്‍ പറയുന്നത്. തുലാസപ്പെടുത്താന്‍ സാധിക്കാത്തവള്‍ അഥവാ ഉപമിക്കാന്‍ സാധിക്കാത്തവള്‍ എന്നാണ് തുളസി എന്ന വാക്കിന്റെ അര്‍ത്ഥം.
‘വൃന്ദ വൃന്ദാവനീ വിശ്വ- പൂജിതാ വിശ്വപാവനീ നാന്ദിനി പുഷ്പസാരാഖ്യ തുളസി കൃഷ്ണ ജീവനി’ – എന്ന മന്ത്രം ജപിച്ച് തുളസിക്ക് അര്‍ച്ചന നടത്തുന്നവരെങ്കില്‍ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്.
തുളസി വിവാഹം സാധാരണ വിവാഹത്തിന് സമാനമായ എല്ലാ ആചാരങ്ങളും പാലിച്ച് കൊണ്ടാണ് നടക്കുന്നത്. വീടുകള്‍ അലങ്കരിക്കുന്നതിനൊപ്പം മംഗളാഷ്ടക മന്ത്രം ജപിക്കുന്നതും നല്ലതാണ്. തുളസിക്ക് ചുവന്ന വസ്ത്രങ്ങളും 16 ആഭരണങ്ങളും കുങ്കുമവും ചാര്‍ത്തുന്നു. അഗ്‌നിയെ സാക്ഷിയാക്കി വിഷ്ണുവും തുളസിയും വിവാഹിതയാവുന്നു. കന്യാദാന ചടങ്ങുള്‍പ്പെടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഈ ഉത്സവത്തിലാണ് നടത്തുന്നത്.

തുളസി വിവാഹ ദിനത്തില്‍ ഒരിക്കലും തുളസിയില പറിക്കാനോ തുളസി ചെടി പിഴുതുമാറ്റാന്‍ പാടുള്ളതല്ല. മറ്റുള്ളവരോട് മോശമായി സംസാരിക്കുകയോ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.

Related Posts