സ്പെഷ്യല്‍
തിരുപ്പതി യാത്ര എങ്ങനെ സാധ്യമാക്കാം

തിരുപ്പതിയിൽ വണ്ടി ഇറങ്ങുന്ന ആളുകളുടെ ആദ്യ സംശയം എവിടെ തങ്ങണം എന്നായിരിക്കും. ഇവിടെ തന്നെ റൂം എടുക്കണോ അതോ അമ്പലം സ്ഥിതിചെയ്യുന്ന തിരുമലയിൽ വേണോ? ആകെ കൺഫ്യൂഷൻ! പരിചയ സമ്പത്തിന്റെ വെളിച്ചത്തിൽ പറയട്ടെ. റൂം തിരുപ്പതിയിൽ എടുക്കുന്നതാണ് നല്ലത്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡ് പരിസരത്തുമായി ധാരാളം ലോഡ്‌ജുകളുണ്ട്. വാടകയും കുറവ്. ഓൺലൈനിലൂടെ നേരത്തേ ബുക്ക്‌ ചെയ്താൽ പണവും ലാഭിക്കാം, അലച്ചിലും ഒഴിവാക്കാം. Make My Trip, TripAdvisor, Goibibo എന്നീ യാത്രാപോർട്ടലുകളെ ഇതിനായി ആശ്രയിക്കാം. ഒരു മുഴുനീള രാത്രിയാത്രയ്ക്കു ശേഷം വരുന്നതുകൊണ്ട് പെട്ടെന്ന് ‘ഫ്രഷപ്പാവാനും’ തിരുപ്പതി താമസമാണ് നല്ലത്.

തിരുമലയിലെ താമസം

ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയിൽ സ്വകാര്യലോഡ്ജുകൾ തീരെയില്ല. എല്ലാം ദേവസ്വംബോർഡിൻറെ (#TTD) കീഴിലുള്ള ഗസ്റ്റ് ഹൌസുകളും സത്രങ്ങളും വീടുകളുമൊക്കെയാണ്. നിസ്സാരമായ വാടകയ്ക്ക് ഇതൊക്കെ ലഭ്യമാണ്. എന്നാൽ ഓൺലൈനിൽ ആദ്യമേ ബുക്ക്‌ ചെയ്തു വരണം. മിക്കപ്പോഴും ലഭ്യമായിരിക്കില്ല. Full Booked സ്റ്റാറ്റസ് ആണ് അധികവും കാണുക. ചിലയിടത്തൊക്കെ താമസം സൗജന്യവുമാണ്. പെട്ടെന്ന് fresh-up ആവുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഇത് സൗജന്യവുമാണ്. റെയിൽവേ സ്റ്റേഷനു എതിർ വശത്തുള്ള ശ്രീനിവാസ ഗസ്റ്റ് ഹൌസിൽ ചുരുങ്ങിയ നിരക്കിൽ റൂമുകൾ കിട്ടും. ഇത് ദേവസ്വം ബോർഡിന്റെതാണ്. ആധാർ കാർഡ് കാണിക്കണം. ദർശന വേളയിലും ആധാർ ചോദിക്കുന്നതുകൊണ്ട് ആധാർകാർഡ് നിർബന്ധമായും കയ്യിൽ കരുതുക. ശ്രീനിവാസയിൽ റൂം കിട്ടിയില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. സ്വകാര്യ ലോഡ്ജുകളും കുറഞ്ഞ വാടകയേ ഈടാക്കുന്നുള്ളൂ. AC റൂം 1000 രൂപയ്ക്ക് പോലും കിട്ടുന്ന ഹോട്ടലുകൾ ഇവിടെയുണ്ട്. തിരുമലയിൽ തങ്ങേണ്ട എന്ന് പറഞ്ഞതിന്റെ മറ്റൊരു കാരണം ഇവിടെ ബാലാജി ക്ഷേത്രമല്ലാതെ മറ്റൊന്നുമില്ല. ദർശനവും വിശ്രമവും കഴിഞ്ഞാൽ കാണാനോ സമയം ചെലവഴിക്കാനോ പിന്നെ കാര്യമായി ഒന്നുമില്ല. തിരുപ്പതിയിലെ സ്ഥിതി അതല്ല. അതൊരു പട്ടണമാണ്. ചുറ്റിലും ധാരാളം ക്ഷേത്രങ്ങളുണ്ട്. ഷോപ്പിംഗ് അവെന്യൂസുണ്ട്. മിക്കവയും റെയിൽവേ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലോ, കൂടിപ്പോയാൽ നാലോ അഞ്ചോ കിലോമീറ്റർ ചുറ്റളവിനുള്ളിലോ ആണ്.

ഭക്ഷണം

രുചികരവും നമുക്ക് പരിചിതവുമായ തമിഴ് നാട് ശൈലിയിലുള്ള വെജ് ഭക്ഷണം എവിടെയും ലഭ്യം. വിലയും തുച്ഛം. അമ്പലത്തിൽ സദാ സമയവും ഭക്ഷണം (ചോറ് ഉൾപ്പെടെ) വിളമ്പും. തീർത്തും സൗജന്യം. സമയക്രമം ഒന്നും ഇല്ലാത്തതിനാൽ ഏതു നേരവും ഊൺ (പ്രസാദ ഊട്ടു) കഴിക്കാം. തിരുപ്പതിയുടെ ഒരു സവിശേഷത ഇതാണ് പിടിച്ചുപറി എവിടെയുമില്ല. എങ്ങും ശാന്തമായ അന്തരീക്ഷം. സുഖകരമായ കാലാവസ്ഥ. ആളുകൾ സമാധാനപ്രിയരും സഹകരണ മനോഭാവം ഉള്ളവരുമാണ്.

ഭാഷാവൈവിധ്യം

സകല ഭാരതീയരും എത്തുന്ന ഇടമായതിനാൽ എല്ലാ ഭാഷകളും ഇവിടെ കേൾക്കാം. സത്യം പറഞ്ഞാൽ മലയാളം കേൾക്കുന്നതാണ് കുറവ്. മലയാളികളുടെ കുത്തൊഴുക്ക് ഇങ്ങോട്ടില്ലല്ലോ! തെലുങ്ക് ആണ് മുഖ്യ ഭാഷ. തമിഴ് വ്യാപകമായി ഉപയോഗത്തിലുണ്ട്; ഹിന്ദിയും. മിക്ക മലയാളികൾക്കും ബേസിക് തമിഴ് അത്യാവശ്യം അറിയുന്നതിനാൽ കമ്മ്യൂണിക്കേഷൻ ഒരു വിഷയമല്ല.

തിരുമല ചുരം യാത്ര

ബാലാജി ക്ഷേത്രം മലമുകളിലാണ്. തിരുപ്പതിയിൽ നിന്നും 24 km അകലെ. യാത്രയ്ക്ക് 1മണിക്കൂർ എടുക്കും. ബസ് ചാർജ് 65 രൂപ. കുട്ടികൾക്ക് 40 രൂപ. തിരുപ്പതി സ്റ്റാൻഡിൽ പോയി തിരുമല ബസ് ചോദിച്ചു കയറുക. ബസ് യാത്ര തുടങ്ങി 10-15 മിനിറ്റിനകം ഒരു സെക്യൂരിറ്റി പ്ലാസയിൽ എത്തും. നാം ബാഗുമായി ഇറങ്ങി ചെക്കിങ്ങിനു വിധേയമാകണം. ഇതിനെല്ലാം കൂടിയാൽ 10 മിനിറ്റ് മാത്രമേ എടുക്കൂ. ഇറങ്ങുമ്പോൾ ബസ് നമ്പർ ഒന്നു നോട്ട് ചെയ്യാൻ മറക്കരുത്. പിന്നീട് തിരിച്ചു കയറുമ്പോൾ കൺഫ്യൂഷൻ ഒഴിവാക്കാനാണിത്. വാഹനങ്ങൾ നിരനിരയായി പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം. ബസിന്റെ Regn. No. മൊബൈലിൽ കുറിച്ചിടുകയോ ഫോട്ടോ എടുക്കുകയോ ചെയ്യാം. ചെക്കപ്പ് കഴിഞ്ഞാൽ പിന്നെ നോൺ സ്റ്റോപ്പ്‌ റണ്ണിംഗ് ! ചുരം കയറുന്നതും ഇറങ്ങുന്നതും വെവ്വേറെ പാതയിലൂടെയാണ്. ട്രാഫിക് ബ്ലോക്ക്‌, അപകടം ഒന്നും ഇവിടെ കാണില്ല. ചുരം കാഴ്ചകൾ മനോഹരമാണ്. എല്ലാം ക്യാമറയിൽ ഒപ്പിയെടുക്കുക.
ഒരു മണിക്കൂർ യാത്ര കഴിഞ്ഞു നമ്മൾ മല മുകളിൽ എത്തുന്നു. ഇനി ദർശനമാണ്. ഓൺലൈനിൽ ദർശനം ബുക്ക്‌ ചെയ്തു വരുന്നതാണ് നല്ലത്. 300 രൂപയ്ക്ക് സ്പെഷ്യൽ എൻട്രി ദർശൻ ബുക്ക്‌ ചെയ്യുക. ഗൂഗിളിൽ പരതിയാൽ ഇതൊക്ക ലഭ്യമാണ്. കഴിയുന്നതും ഉച്ചക്ക് 12-നും വൈകിട്ട് 4-നും ഇടയിലുള്ള ഏതെങ്കിലും ഒരു ടൈം സ്ലോട്ടിൽ ദർശന സമയം ഉറപ്പിക്കുക. ബുക്ക്‌ ചെയ്തു പോയാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ദർശനം നേടാം. ഫ്രീ ദർശൻ 6 മണിക്കൂർ മുതൽ 15 മണിക്കൂർ വരെ നീണ്ടുപോയേക്കാം. ദർശനം കഴിഞ്ഞാലും ഒന്നു രണ്ടു മണിക്കൂർ ക്ഷത്ര പരിസരത്തു ചെലവഴിക്കുക. എപ്പോഴും സംഗീതവും നൃത്തവും മറ്റുമൊക്കെയായി ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന ഒരിടമാണ് തിരുമലയും പരിസരവും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇതുകൂടിയൊക്കെ ആസ്വദിക്കുക. അവർണ്ണനീയ രുചിയാണ് തിരുപ്പതി ലഡ്ഡുവിന്. നമ്മുടെ ക്ഷീണം മാറ്റുന്ന ഒരു മാന്ത്രികത കൂടി ഈ മധുരക്കട്ടയ്ക്കുള്ളിലുണ്ടോ എന്ന് തോന്നിപ്പോവും.
ദർശനസായൂജ്യം നേടിയ നിർവൃതിയിൽ ഇനി നമുക്ക് മടങ്ങാം. ദീപാലംകൃതവും ഭക്തിസാന്ദ്രവുമായ ആ അന്തരീക്ഷത്തിൽ മടങ്ങുമ്പോൾ നിങ്ങളുടെ കാതുകളിൽ മുഴങ്ങുന്നതും ചുണ്ടുകളിൽ നിന്നുരുവിടുന്നതും ഒരു മന്ത്രം മാത്രം: ഗോവിന്ദാ! ഗോവിന്ദാ!

കടപ്പാട്:

സുനിൽ കുന്നോത്ത്
കോഴിക്കോട്

Related Posts