സ്പെഷ്യല്‍
അത്യപൂര്‍വ തൃക്കാര്‍ത്തിക; നാളെ ഓരോ കാര്യസാധ്യത്തിനും കൊളുത്തേണ്ട ദീപങ്ങളുടെ ഫലം ഇതാണ്

തൃക്കാര്‍ത്തിക ദിവസം രാവിലെയും വൈകുന്നേരവും ദീപം തെളിയിച്ച് ഭക്തര്‍ ഈ വിശേഷ ദിവസം ആഘോഷിക്കുന്നു. ജഗദ് ജനനി ആയ ദേവിയുടെ സാന്നിധ്യം ഈ ദിവസത്തില്‍ ഭൂമിയില്‍ ഏറ്റവുമധികം അനുഭവപ്പെടുന്നതാണ്. അതിനാല്‍ കാര്‍ത്തിക നാളില്‍ ദേവീപ്രീതിക്കായി മന്ത്രങ്ങള്‍ ജപിക്കുന്നതും ദേവിക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ സമര്‍പ്പിക്കുന്നതും ഉത്തമമായി കരുതുന്നു. കാര്‍ത്തിക നാളില്‍ ദീപം കൊളുത്തുക വഴി വീടുകളില്‍ ഐശ്വര്യവും സമ്പത്തും വന്നു ചേരുന്നുവെന്നാണ് വിശ്വാസം.

കാര്‍ത്തിക നാളില്‍ രാവിലെയോ വൈകുന്നേരമോ വിളക്ക് കൊളുത്തുമ്പോള്‍ സുമംഗലികളായ സ്ത്രീകള്‍ ദേവിക്ക് സിന്ദൂരം സമര്‍പ്പിക്കുന്നത് സര്‍വ്വൈശ്വര്യം പ്രദാനം ചെയ്യുന്നു. ദേവിക്ക് വളരെ പ്രീതികരമായ മറ്റൊരു വസ്തുവാണ് മഞ്ഞള്‍. ഈ ദിവസം വിളക്ക് കൊളുത്തുമ്പോള്‍ മഞ്ഞള്‍ ദേവിക്ക് സമര്‍പ്പിക്കുന്നത് വഴി ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുകയും, വീടുകളില്‍ തങ്ങി നില്‍ക്കുന്ന നെഗറ്റിവ് എനര്‍ജി ഇല്ലാതാവുകയും ചെയ്യുന്നു.

പെണ്‍കുട്ടികള്‍ കൈകളിലണിയുവാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് വള. കാര്‍ത്തിക ദിവസം ദേവിക്ക് പെണ്‍കുട്ടികള്‍ ചുവന്ന വളകള്‍ സമര്‍പ്പിക്കുന്നു. അതിലൂടെ അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാറാന്‍ കാരണമാവുകയും ശരീരത്തിന് പുത്തന്‍ ഉണര്‍വ്വ് കൈവരികയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചുവന്ന വളകള്‍ക്ക് പുറമെ പച്ചവളകളും ഇങ്ങനെ ദേവിക്ക് സമര്‍പ്പിക്കാറുണ്ട്.

അന്നപൂര്‍ണ്ണേശ്വരിയാണ് ദേവി. തന്റെ ഭക്തര്‍ ഏവര്‍ക്കും ആഹാരത്തിന് മുട്ട് വരാതെ ദേവി കാക്കുന്നു. കാര്‍ത്തിക ദീപം കൊളുത്തുന്ന ദിവസം ദേവിക്ക് അല്‍പ്പം അരി സമര്‍പ്പിക്കുക. അതോട് കൂടെ ഐശ്വര്യവും സമൃദ്ധിയും ആ വീടുകളില്‍ നിറയുന്നതായിരിക്കും.

പായസവും മധുരവും ആണ് ദേവിക്ക് പ്രിയമുള്ള മറ്റൊന്ന്. ദേവിക്ക് പായസം സമര്‍പ്പിക്കുന്നത് വഴി ആഗ്രഹ സാഫല്യവും ഉയര്‍ച്ചയും മധുരം സര്‍പ്പിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും ഉണ്ടാവുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമെ ധാരാളം പുഷ്പങ്ങളും ദേവിക്ക് സമര്‍പ്പിക്കുന്നു. ദേവിക്ക് വളരെ വിശേഷപ്പെട്ട പുഷ്പമാണ് താമര. ആഗ്രഹ സാഫല്യത്തിനായും, ജീവിതത്തിലുണ്ടാവുന്ന തടസ്സങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി ദേവിക്ക് താമര സമര്‍പ്പിക്കുന്നു. സുഗന്ധമുള്ള പുഷ്പങ്ങള്‍ ദേവിക്ക് വളരെയധികം ഇഷ്ടമുള്ളതാണ്. അതിനാല്‍ ദേവീപ്രീതി എളുപ്പത്തില്‍ ലഭിക്കുവാനായി ഈ ദിവസം റോസാ പുഷ്പ്പങ്ങള്‍ സമര്‍പ്പിക്കുന്നത് ഉത്തമമാണ്. മാനസിക സംതൃപ്തി നേടുന്നതിനും സന്താന സൗഖ്യം വന്ന് ചേരുന്നതിനും മുല്ലപ്പൂ മാലയും, ശത്രുദോഷം ശമിപ്പിക്കുന്നതിനും ദേവിയുടെ സംരക്ഷണം ലഭിക്കുന്നതിനും ചെമ്പരത്തി മാലയും ദേവിക്ക് സമര്‍പ്പിക്കുന്നു.

തൃക്കാര്‍ത്തിക ദിവസം ദീപങ്ങള്‍ തെളിയിക്കുന്നതിനും രീതികളുണ്ട്. ഒരു ദീപമെങ്കിലും തെളിയിക്കുവാന്‍ നാം ശ്രമിക്കേണ്ടതാണ്. പ്രണയബന്ധങ്ങള്‍ വിജയിക്കുവാന്‍ 64 ദീപങ്ങള്‍ കൊളുത്തണം. ശത്രുദോഷങ്ങള്‍ അകലുവാന്‍ 84 ദീപങ്ങളും കാര്യവിജയത്തിന് 31 ദീപങ്ങളും കൊളുത്തേണ്ടതാണ്. സന്താന സൗഭാഗ്യത്തിനായി 51 ദീപങ്ങളും വീട്ടിലെ തടസ്സങ്ങള്‍ മാറുവാനായി 48 ദീപങ്ങളും തെളിയിക്കണം. സാധാരണ ഗതിയില്‍ 108 ദീപങ്ങള്‍ അല്ലെങ്കില്‍ 25 ദീപങ്ങള്‍ കൊളുത്തുന്നതും ഉത്തമമാവുന്നു.

ത്രികോണാകൃതിയില്‍ 3 ഉം വൃത്താകൃതിയില്‍ 4 ഉം നടുവില്‍ മറ്റൊന്നും കൊളുത്തുന്നത് ഉത്തമമാണ്. ത്രിശൂലാകൃതിയില്‍ 7 ദീപങ്ങള്‍ കൊളുത്തുന്നതും ശുഭകരമാണ്.

 

Related Posts