സ്പെഷ്യല്‍
തിരുവൈരാണിക്കുളം ക്ഷേത്ര നടതുറപ്പ് മഹോത്സവം: സന്ദര്‍ശകര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കാലടി: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം നടത്താന്‍ തീരുമാനം. ഡിസംബര്‍ 19 മുതല്‍ 30 വരെ ആഘോഷിക്കുന്ന നടതറുറപ്പ് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഹരിതചട്ട പാലനവും ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കും പ്രവേശനം നല്‍കുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കും. വെര്‍ച്വല്‍ ക്യൂ ഇത്തവണയുമുണ്ടാകും. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് സന്ദര്‍ശന സമയം തീരുമാനിക്കാം. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണം ഉത്സവനാളുകളില്‍ ശക്തമാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. കുടിവെള്ളവും വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഈ വര്‍ഷം അന്നദാനം ഉണ്ടായിരിക്കില്ല. ജോലിയിലുള്ള പോലീസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്ഷണം ഒരുക്കും. ക്ഷേത്രത്തിനു പുറത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷണ ശാലകള്‍ നടത്താം. ഭക്ഷണ ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിലവിവരപട്ടിക സ്ഥാപിക്കും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയുമുണ്ടാകും.

ഉത്സവനാളുകളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പടെ നടത്തുന്ന പാര്‍ക്കിംഗ് ഏരിയകള്‍ക്ക് ഏകീകൃത ഫീസായിരിക്കും ഈടാക്കുക. പാര്‍ക്കിംഗ് നിരക്ക് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കും.

യോഗത്തില്‍ സബ് കളക്ടര്‍ പി. വിഷ്ണു രാജ്, എ.ഡി.എം എസ്. ഷാജഹാന്‍, ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരന്‍, ട്രസ്റ്റ് അംഗം എന്‍. ഷാജന്‍, മാനേജര്‍ എം.കെ. കലാധരന്‍, മുന്‍ ട്രസ്റ്റ് അംഗം കെ.കെ. ബാലചന്ദ്രന്‍, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷെബീറലി, വാര്‍ഡ് മെമ്പര്‍ ഷിജിത സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Related Posts