സ്പെഷ്യല്‍
ഒറ്റത്തവണ ഇവിടെ പ്രാര്‍ഥിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിവാഹഭാഗ്യം ഉറപ്പ്!

ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുന്ന തിരുവൈരാണിക്കുളം ക്ഷേത്രം വളരെ പ്രസിദ്ധി ആർജിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു കൊച്ചു ഗ്രാമത്തിലെ ഈ ക്ഷേത്രത്തിലേക്ക് ഇത്ര മേൽ ജനപ്രവാഹം ഉണ്ടാകാൻ കാരണമെന്താണെന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഭക്തിസാന്ദ്രമായി കേൾക്കേണ്ട ഐതിഹ്യങ്ങളുടെ പൊരുളുണ്ട്. മനം തൊട്ട് തൊഴുന്നവർക്ക് കരം നിറയെ വരം അരുളുന്ന ഈ പുണ്യ ഭൂമിയുടെ കഥകളിലേക്ക് കാതോർക്കാം.

ക്ഷിപ്രപ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീപാർവ്വതി ദേവിയും ഒരേ ശ്രീകോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്താണ്. മഹാദേവനെ കിഴക്കോട്ടായും അതേ ശ്രീകോവിലിൽ തന്നെ പാർവതി ദേവിയെ പടിഞ്ഞാറോട്ട് ദർശനമായും പ്രതിഷ്ഠിച്ചിരിക്കുന്നു.

നമസ്കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തെയും ശ്രീകോവിലിനു സമീപമായി കിഴക്കോട്ടു ദർശനത്തിൽ ശ്രീ മഹാഗണപതിയെയും പ്രതിഷ്ഠിചിരിക്കുന്നു. സതീ ദേവി, ഭദ്രകാളി, ധർമ ശാസ്താവ്, മഹാവിഷ്ണു തുടങ്ങിയവരുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. വട്ട ശ്രീകോവിലോട്കൂടിയ ഈ ക്ഷേത്രത്തിന്റെ തച്ച് ശാസ്ത്ര കണക്കും മറ്റും പെരുന്തച്ചന്റെതാണെന്ന് പറയപ്പെടുന്നു. ബലിക്കൽ തട്ടിൽ തച്ചന്റെ കരവിരുത് പ്രകടമാണ്.

മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്. ദേവി ദർശനത്തിന് വർഷത്തിൽ 12 ദിവസം മാത്രം ശ്രീ പാർവതി ദേവിയുടെ നട തുറക്കുന്നു എന്നതാണത്. ഈ പന്ത്രണ്ടു നാളുകളിലും ഇവിടെ എത്തുന്ന ഭക്തന്മാർക്ക് ഉണ്ടാകുന്നത് വാക്കുകൾക്കും അതീതമായ അനുഭൂതിയും അനുഭവങ്ങളാണ്.

ഒരു ആണ്ടിലെ 12 ദിവസങ്ങൾ മാത്രം ദേവിയുടെ നട തുറക്കുന്നതിനു പിന്നിൽ ആരെയും അദ്‌ഭുതപ്പെടുത്തുന്ന ഒരു കഥയുണ്ട്. ആദ്യ കാലങ്ങളിൽ ദിനവും പാർവതി ദേവിയുടെ നട തുറന്നിരുന്നു. അക്കാലത്ത് മഹാ ദേവനായുള്ള നിവേദ്യങ്ങൾ ശ്രീ പാർവതി ദേവി തന്നെയാണ് തയാറാക്കിയിരുന്നത്.

നിവേദ്യത്തിന് വേണ്ടിയുള്ള സാധനങ്ങളലെല്ലാം തിടപ്പള്ളിയിൽ കൊണ്ട് വെച്ച് വാതിൽ അടച്ച് പോരുകയായിരുന്നു പതിവ്. കർമങ്ങൾ എല്ലാം കഴിഞ്ഞ് നിവേദ്യത്തിനുള്ള സമയം ആകുമ്പോൾ തിടപ്പള്ളിയിൽ ചെന്ന് നോക്കിയാൽ എല്ലാ നിവേദ്യ സാധനങ്ങളും തയ്യാറായി ഇരിക്കുന്നതയായി കാണാമായിരുന്നു. ഈ സമയത്ത് ആർക്കും തിടപ്പള്ളിയിൽ പ്രവേശനവും ഉണ്ടായിരുന്നില്ല.

ഈ അദ്‌ഭുതം മുറ പോലെ നടന്നു പോന്നിരുന്നു. എന്നാൽ കാലങ്ങൾ പോകെ അന്നത്തെ ഊരായ്മക്കാരിൽ കാരണാവരായിരുന്ന ആകവൂർ നമ്പൂതിരിപ്പാടിന് ഉള്ളിൽ ജിജ്ഞാസ ഉണരുകയും പൂജാ സമയത്ത് തിടപ്പള്ളിയുടെ വാതിൽ തുറന്ന് നോക്കുകയും ചെയ്തു.

സർവ്വാഭരണ വിഭൂഷിതയായി ശ്രീ പാർവതി ദേവി പാചകത്തിൽ ഏർപ്പെട്ടു കൊണ്ട് നിൽക്കുന്നതായി കാണുകയും ഭക്തി മൂലം നമ്പൂതിരിപ്പാട് ‘അമ്മേ.. ജഗദാദംബികേ ‘ എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. ആചാരങ്ങൾ തെറ്റിച്ചത് കണ്ട് കോപ്പിഷ്ട്ടയായ ദേവി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിപോകുന്നതായി അറിയിച്ചു. എന്നാൽ നമ്പൂതിരി മാപ്പ് ഇരക്കുകയും ക്ഷേത്രത്തിൽ എന്നും ദേവി സാന്നിധ്യം ഉണ്ടായിരിക്കണമേ എന്ന് അപേക്ഷിക്കുകയും ചെയ്തു. ഒടുവിൽ മനസ്സലിഞ്ഞ ദേവി ഭഗവാന്റെ തിരുനാൾ ദിനം മുതൽ 12 ദിവസത്തേക്ക് ദർശനം തരാമെന്ന് സമ്മതിച്ചു. ഈ ദിവസങ്ങളിൽ തന്നെ ദർശിക്കുന്ന ഭക്തർക്ക് മംഗല്യവും ദീർഘ മംഗല്യ സൗഭാഗ്യവും ഉണ്ടാവട്ടെയെന്ന് ദേവി അരുളിച്ചെയ്തു. അന്ന് മുതലാണ് സർവൈശ്വര്യങ്ങളും അരുളുന്ന പാർവതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമായി തുറന്ന് തുടങ്ങിയത്.

ദേവീ കാടാക്ഷത്തിന്റെ ധന്യത അറിയാത്ത ഒരു ഭക്തർ പോലും ഈ ക്ഷേത്രം വിട്ടു പോയിട്ടില്ല. അനുഭവസ്ഥരുടെ കഥകൾ ദേവീ മാഹത്മ്യത്തിന്റെ സാക്ഷ്യം കൂടിയാണ്. വിവാഹ സ്വപ്‌നങ്ങൾ നിറവേറാതെ ആശയറ്റ് പോയ പെൺജീവിതങ്ങൾക്ക് ശ്രീ പാർവതി ദേവീ അനുഗ്രഹങ്ങൾ നൽകുന്നു.

മംഗല്യ സൗഭാഗ്യവും ദീർഘ മംഗല്യ ജീവിതവും നേടി ദേവിയുടെ കൃപാ കടാക്ഷം അനുഭവിച്ചവർ ഏറെയാണ്.
ധനു മാസത്തിലെ തിരുവാതിരനാൾ മുതൽ ദേവീദർശനം സാധ്യമാകൂ എങ്കിലും നിത്യവും നിവേദ്യവും വഴിപാടുകളും ദേവിക്ക് നടത്തി വരുന്നുണ്ട്.

ഉത്സവ ദിനങ്ങളിൽ ശ്രീ പാർവതി ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളും നടത്തി വരുന്നു. നട തുറക്കുന്ന ദിനങ്ങളിൽ നാനാദേശത്ത് നിന്നുമുള്ള ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. സ്ത്രീ ജനങ്ങളുടെ അഭയ സങ്കേതമായ ഈ മണ്ണിലെത്തുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. ഇക്കൊല്ലത്തെ നടതുറപ്പ് മഹോത്സവം ഡിസംബർ 19 ഞായറാഴ്ച മുതൽ 30 വ്യാഴം രാത്രി വരെയാണ്.

എല്ലാ വർഷത്തെയും പോലെ ഇക്കൊല്ലവും ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. ആലുവ- പെരുമ്പാവൂർ ksrtc റൂട്ടിൽ വടക്കേ വഴക്കുളത്ത് വന്ന് ശ്രീമൂലം പാലം വഴി ക്ഷേത്രത്തിൽ എത്തി ചേരാവുന്നതാണ്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി എന്നീ ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസും നടത്തുന്നുണ്ട്.

Related Posts