സ്പെഷ്യല്‍
ഇവിടെ മനമുരുകി പ്രാര്‍ഥിച്ചാല്‍ വിവാഹം ഉറപ്പ്

കേരളത്തിലെ പ്രസിദ്ധമായ തിരുവൈരാണിക്കുളം ക്ഷേത്രം ആലുവയ്ക്കും കാലടിക്കും മധ്യേ പെരിയാറിന്റെ തീരത്ത് വെള്ളാപ്പിള്ളി തെക്കുംഭാഗം കരയിലാണ് സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂര്‍ത്തി. സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാര്‍വതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദര്‍ശനമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തില്‍തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളില്‍ ദേവിയെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്.

മംഗല്യതടസ്സം, ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവര്‍ ദേവിയെ പ്രാര്‍ത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നുവെന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തര്‍ അധികവും സ്ത്രീകളാണ്. അതിനാല്‍ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. ദേവിക്ക് പട്ടുംതാലിയും, മഞ്ഞള്‍പ്പറയും സമര്‍പ്പിച്ച് മംഗല്യസൗഭാഗ്യവും, ദീര്‍ഘമാംഗല്യവും തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരങ്ങളാണെത്തുന്നത്.

വര്‍ഷത്തില്‍ 12 ദിവസം മാത്രം പൂര്‍ണ്ണ നദീതീരത്തെ ക്ഷേത്രത്തിലേക്കൊഴുകിയെത്തുന്ന ഭക്തജന സഹസ്രങ്ങള്‍ക്ക് സര്‍വ്വാലങ്കാരവിഭൂഷിതയായി അനുഗ്രഹം ചൊരിയുന്ന പാര്‍വ്വതിദേവീ സങ്കല്‍പ്പവും, ആചാരാനുഷ്ഠാനങ്ങളും തിരുവൈരാണിക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേവിക്ക് പട്ടുംതാലിയും, മഞ്ഞള്‍പ്പറയും സമര്‍പ്പിച്ച് മംഗല്യസൗഭാഗ്യവും, ദീര്‍ഘമാംഗല്യവും തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരങ്ങളാണെത്തുന്നത്. മഹാദേവനും, ശ്രീപാര്‍വ്വതി ദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി പ്രതിഷ്ഠ നടത്തിയിട്ടുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് തിരുവൈരാണിക്കുളം.

ശ്രീപാര്‍വതീദേവിയുടെ നടതുറപ്പാണ് ഇവിടത്തെ പ്രധാന ആഘോഷം. ഇത്തവണത്തെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം 2020 ഡിസംബര്‍ 29 മുതല്‍ 2021 ജനുവരി 9 വരെയാണ്. കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടോടു കൂടി നടത്തുന്ന ശ്രീമഹാദേവന്റെ എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആഘോഷം. ശിവരാത്രി, ജന്മാഷ്ടമി, മേടം ഒന്നിനു വിഷുക്കണി ദര്‍ശനം, കന്നിയിലെ ആയില്യത്തിനു പ്രത്യേക പൂജകളും നവരാത്രി ആഘോഷങ്ങളും ഇവിടെ നടന്നുവരുന്നു.

സതീദേവി കുടികൊള്ളുന്ന ഏകക്ഷേത്രം ഇതാണ്. തളികനിവേദ്യമാണു ഇവിടത്തെ പ്രധാന വഴിപാട്. പാര്‍വതീദേവിയുടെ തിരുനട, വര്‍ഷത്തില്‍ 12 ദിവസമാണു തുറക്കുന്നതെങ്കിലും സതീദേവിയുടെ നട ദിവസവും തുറക്കും. സതീദേവി ദക്ഷയാഗത്തിലെ ഹോമകുണ്ഡത്തില്‍ ചാടി ആത്മഹത്യ ചെയ്തപ്പോള്‍ ചിതയില്‍ സതീദേവിയുടെ ശരീരം പൊട്ടിത്തെറിച്ചുവത്രേ. ദേവിയുടെ ശരീരത്തില്‍ നിന്നു ഭഗവാന്‍ അണിയിച്ച താലി തെറിച്ചു വീണത് ഇവിടെയാണെന്നു ഐതിഹ്യം.

കിരാതമൂര്‍ത്തിഭാവത്തിലുള്ള ക്ഷിപ്രപ്രസാദിയായ മഹാദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഭദ്രകാളിക്കും മഹാവിഷ്ണുവിനും മഹാദേവനും സതീദേവിക്കും മഹാഗണപതിക്കും ഇവിടെ ദിവസവും പൂജകള്‍ നടക്കുന്നുണ്ട്. മിഥുനം രാശിയില്‍ പടിഞ്ഞാറ് ദര്‍ശനമായാണു സതീദേവിയുടെ പ്രതിഷ്ഠ. തൊട്ടടുത്തു ഭദ്രകാളിയുമുണ്ട്. നമസ്‌കാര മണ്ഡപത്തിനകത്തു മഹാദേവന് അഭിമുഖമായി വൃഷഭത്തെയും ശ്രീകോവിലിനു സമീപം കിഴക്ക്, ദര്‍ശനമായി ശ്രീമഹാഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. കന്നിരാശിയില്‍ കിഴക്ക് ദര്‍ശനമായി കലിയുഗവരദനായ ധര്‍മശാസ്താവും കുംഭം രാശിയില്‍ കിഴക്കു ദര്‍ശനമായി ചതുര്‍ബാഹുവായ മഹാവിഷ്ണുവും വാണരുളുന്നു. ഇവിടത്തെ നന്ദി പ്രതിഷ്ഠയ്ക്കും പ്രധാന്യമുണ്ട്. പാര്‍വതീദേവിയുടെ ദാരുവിഗ്രഹമായതിനാല്‍ ജലാഭിഷേകത്തിനു പകരം മഞ്ഞള്‍പ്പൊടി അഭിഷേകമാണു പതിവ്. ഇവിടെ നിത്യവും നിവേദ്യവും വഴിപാടുകളും പാര്‍വതീദേവിക്കു നടത്തുന്നുണ്ട്.

ക്ഷേത്രത്തിലെ പ്രധന ആഘോഷമായ ധനുമാസത്തിലെ നടതുറപ്പുത്സവത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളില്‍ ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ ദിവസം മഹാദേവനു വേണ്ട നിവേദ്യങ്ങള്‍, തിടപ്പള്ളിയില്‍ വച്ച് പാര്‍വതീദേവി തന്നെയാണു തയാറാക്കിയിരുന്നത്. ഈ സമയത്തു തിടപ്പള്ളിയിലേക്ക് ആരും കടന്നുചെല്ലരുതെന്നു പാര്‍വതിയുടെ അരുളപ്പാട് ഉണ്ടായിരുന്നു. എന്നാല്‍, ഒരു ദിവസം പാര്‍വതി നിവേദ്യം തയാറാക്കവേ അകവൂര്‍ മനയുടെ ഉരാണ്‍ മക്കളിലൊരാള്‍ തിടപ്പള്ളിയിലെ രഹസ്യമറിയാന്‍ അവിടേക്ക് ഒളിഞ്ഞുനോക്കി.

അപ്പോള്‍ അവിടെ സര്‍വാഭരണ വിഭൂഷിതയായ പാര്‍വതീദേവിയെ കണ്ടു. അദ്ദേഹം ഭക്തിലഹരിയില്‍ ‘അമ്മേ ജഗദാംബികേ, പാര്‍വതീദേവീ, രക്ഷിക്കണേ’ എന്ന് അറിയാതെ വിളിച്ചു പോയി. എന്നാല്‍, തന്റെ വിലക്കു ലംഘിച്ചു തിടപ്പള്ളിയിലേക്ക് ഒളിഞ്ഞുനോക്കിയതില്‍ ക്ഷുഭിതയായ പാര്‍വതീദേവി അവിടം വിട്ടുപോകാന്‍ തീരുമാനിച്ചു.

അതറിഞ്ഞ് അദ്ദേഹം ചെയ്തുപോയ തെറ്റിനു പാര്‍വതീദേവിയോടു ക്ഷമായാചനം നടത്തുകയും അവിടം വിട്ടുപോകരുതെന്നു കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തുവത്രേ. ആ ഭക്തന്റെ കരളലിയിപ്പിക്കുന്ന ഭക്തിയോടെയുള്ള ക്ഷമാപണത്തിലും അപേക്ഷയിലും മനസ്സലിവു തോന്നിയ പാര്‍വതീദേവി ഇപ്രകാരം അരുള്‍ ചെയ്തുവത്രേ: ഭഗവാന്റെ തിരുനാള്‍ ദിവസമായ ധനു മാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം സര്‍വാഭരണ വിഭൂഷിതയായ എന്നെ വന്നു കാണുന്ന ഭക്തര്‍ക്കു ദര്‍ശനം നല്‍കി സര്‍വ ഐശ്വര്യങ്ങളും നല്‍കിക്കൊള്ളാമെന്ന്. ഇതെ തുടര്‍ന്നാണു ധനുമാസത്തിലെ തിരുവാതിര മുതലുള്ള 12 ദിവസത്തിലെ നടതുറപ്പുത്സവം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്: പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചുതൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു. ഒരിക്കല്‍ പ്രാര്‍ത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം.

ക്ഷേത്രത്തിലെത്താനുള്ള വഴി: ദേശീയപാതയില്‍ ആലുവയ്ക്കു സമീപം ദേശത്തു നിന്നു ചൊവ്വരകാലടി റോഡിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീമൂല നഗരത്തെത്തി വല്ലം റോഡില്‍ കൂടി ഒന്നര കിലോമീറ്റര്‍ മുന്നോട്ടു വന്നു വലതുഭാഗത്തുള്ള അകവൂര്‍ തിരുവൈരാണിക്കുളം റോഡില്‍ കൂടി ഒന്നര കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. എംസി റോഡില്‍ കാലടിയില്‍ നിന്നു കാലടിചൊവ്വര റോഡിലൂടെ അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ച് ശ്രീമൂലനഗരത്തു വന്ന് ഇടതുഭാഗത്തു പോക്കറ്റു റോഡില്‍ കൂടി വല്ലം റോഡില്‍ പ്രവേശിച്ച് ഒരു കിലോമീറ്റര്‍ ഇടതുഭാഗത്തു വന്ന് തെക്കു ഭാഗത്തുള്ള അകവൂര്‍ തിരുവൈരാണിക്കുളം റോഡില്‍ കൂടി ഒന്നര കിലോ മീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ആലുവ പെരുമ്പാവൂർ KSRTC റൂട്ടിൽ മാറമ്പിള്ളിയിലെത്തി ശ്രീമൂലം പാലം കടന്നും ക്ഷേത്രത്തിലെത്താം.

സാധാരണ ദിവസങ്ങളില്‍ നടതുറക്കുന്ന സമയം രാവിലെ 4.30 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 7.30 വരെയുമാണ്. എന്നാല്‍, കോവിഡ് 19 മൂലം ദര്‍ശന സമയം രാവിലെ 6.30 മുതല്‍ 8.30 വരെ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. വൈകിട്ട് ക്ഷേത്ര ദര്‍ശനം ഇല്ല.
നിവേദ്യവഴിപാടുകള്‍ നടത്തുന്നവര്‍ക്ക് പൂജ കഴിഞ്ഞ് ക്ഷേത്ര നട അടച്ചതിനു ശേഷം 9.30 മുതല്‍ 10 വരെ വഴിപാട് പ്രസാദം നല്‍കുന്നതാണ്.
വഴിപാടുകള്‍ ഓണ്‍ ലൈനായി ബുക്ക് ചെയ്യുന്നതിന് www.thiruvairanikkulam temple.org

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

THIRUVAIRANIKKULAM MAHADEVA KSHETHRA TRUST,
FEDERAL BANK
ACCOUNT NO. 19480100003352
BRANCH. MARAMPALLY
IFSC. FDRL0001948

Related Posts