ക്ഷേത്രായനം
ഹനുമാന്‍സ്വാമി ഇപ്പോഴും ശ്രീരാമനെ പൂജിക്കുന്നിടം; തിരുമറയൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രം

നമ്മുടെ ഇന്നത്തെ യാത്ര തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രത്തിലേക്കാണ്. കേട്ടാല്‍ ഞെട്ടുന്ന തരത്തിലുളള അത്ഭുതങ്ങള്‍ ഇപ്പോഴും നടക്കുന്നിടമാണിത്. എറണാകുളം ജില്ലയില്‍ പിറവത്തിന് അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളം – പിറവം റൂട്ടില്‍ പേപ്പതിയില്‍ നിന്ന് നാലു കിലോമീറ്ററാണ് ഈ ക്ഷേത്രത്തിലേക്കുളളത്.

സന്ധ്യയ്ക്ക് ദീപാരാധന തൊഴുക എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നതിനാല്‍ ആ സമയം കണക്കാക്കിയാണ് യാത്രയായത്. തികച്ചും ഗ്രാമീണത നിറഞ്ഞ പ്രദേശമാണ് തിരുമറയൂര്‍. പാടശേഖരത്തിനു കിഴക്കുവശത്തായി ഒരു കുന്നിന്‍ ചെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കര്‍ക്കടക സന്ധ്യയാണെങ്കിലും നമ്മുക്കു വേണ്ടി സൂര്യഭഗവാന്‍ അങ്ങനെ തെളിഞ്ഞുനിന്നു. ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും ഭഗവാന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്നു തോന്നുന്ന അനുഭവവും ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ക്കു മാത്രമല്ല, ഇവിടെ വരുന്ന ഓരോ ഭക്തനും അത് അനുഭവിച്ചറിയാന്‍ സാധിക്കും.

800 വര്‍ഷത്തിലധികം പഴക്കമുളള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ പുറമേ കാണാവുന്ന ദൃശ്യം തന്നെ അത് സാക്ഷ്യപ്പെടുത്തുന്നതാണ്. ക്ഷേത്രത്തിന് മാളികയുള്ള ശ്രീകോവിലും ചുറ്റമ്പലവും ബലിക്കലുമെല്ലാമുണ്ട്. പ്രധാന പ്രതിഷ്ഠ ശ്രീരാമനാണ്. പട്ടാഭിഷേകരൂപത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. പട്ടാഭിഷേക ഭാവത്തിലായതുകൊണ്ടുതന്നെ ലക്ഷ്മണ, ഭരത, ശത്രുഘ്‌നന സ്വാമിമാരുടെയും സീതാദേവിയുടെയും സാന്നിധ്യമുണ്ടിവിടെ.

ഈ ക്ഷേത്രത്തിന് അടുത്തുതന്നെ പടിഞ്ഞാറോട്ടു ദര്‍ശനമായി മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രവുമുണ്ട്. രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ പണ്ട് ഉത്സവകാലത്ത് ഉപഹാരങ്ങള്‍ കൈമാറുന്ന രീതിയുണ്ടായിരുന്നതായി പറയപ്പെടുന്നു. മേടത്തിലെ പുണര്‍തം നാള്‍ ആറാട്ടിനായി വരത്തക്കവണ്ണം എട്ടുദിവസത്തെ ഉത്സവമാണിവിടെ.

രണ്ടുനേരം പൂജയുളള ഇവിടെ ഉപദേവതമായി ഹനുമാന്‍ സ്വാമിയും ഗണപതി ഭഗവാനും, ശാസ്താവുമാണുള്ളത്. ക്ഷേത്രത്തിനുള്ളില്‍ ശ്രീരാമഭഗവാനോടു ചേര്‍ന്നുതന്നെയാണ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയും. ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ ശ്രീമൂലസ്ഥാനത്ത് സുന്ദരയക്ഷിയാണിവിടെ പ്രതിഷ്ഠ. ഏറെ പ്രധാന്യമുള്ള പ്രതിഷ്ഠയാണിത്. ഈശാനകോണില്‍ സര്‍പ്പവുമുണ്ട്. ക്ഷേത്രത്തില്‍ കഥകളി നടക്കുമ്പോള്‍ കാണുന്നതിനായി കൊച്ചി രാജാവ് ക്ഷേത്രത്തിനു മുന്നില്‍ നിര്‍മിച്ച മാളിക ഇപ്പോഴുമുണ്ട്. രാജഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന മാളികയാണത്.

കാനനവാസ കാലഘട്ടത്തില്‍ സീതാദേവിയോടും ലക്ഷ്മണസ്വാമിയോടും ഒപ്പം യാത്ര ചെയ്ത പ്രദേശമാണിത്. സീതയില്‍ നിന്നും ശ്രീരാമനെ മാറ്റുന്നതിനായി മാരീചന്‍ മാനിന്റെ രൂപത്തിലെത്തുകയും ആ മാനിനെ ഭഗവാന്‍ മറഞ്ഞിരുന്ന് അമ്പെയ്ത സ്ഥലമാണിത്. അങ്ങനെയാണ് ഈ സ്ഥലത്തിന് തിരുമറയൂര്‍ എന്ന പേരുതന്നെ വന്നത്.

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യമാണ്. പുലര്‍ച്ചെ 3.30ന് ഹനുമാന്‍ സ്വാമി ശ്രീരാമദേവന് പൂജ ചെയ്യാന്‍ എത്തുന്നുണ്ടെന്നാണ് വിശ്വാസം. ആ സമയം ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങള്‍ ആടിയുലയുന്ന ശബ്ദദം കേള്‍ക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ ഹനുമാന്‍ സ്വാമി പൂജ ചെയ്യുമ്പോഴുണ്ടാകുന്ന മണിനാദവും ശംഖുവിളിക്കുന്നതും കേട്ടിട്ടുണ്ടെന്ന് ഭക്തര്‍ പറയുന്നു. പിറ്റെ ദിവസം പുലര്‍ച്ചെ ശ്രീരാമ വിഗ്രഹത്തിന് മുന്നില്‍ തുളസീദളമോ പൂജ ചെയ്തതിന്റെ മറ്റ് തെളിവുകളോ ഇപ്പോഴും കാണാമെന്നാണ് പറയുന്നത്. ഇവിടെയുളളവരുടെ നേരനുഭവം കേള്‍ക്കുമ്പോള്‍ ഇതെല്ലാം നമ്മുക്കും അവിശ്വസനീയമായി തോന്നാം. എന്നാല്‍ ഇവിടെ ഒരിക്കലെങ്കിലും വന്നാല്‍ ഇതെല്ലാം വിശ്വസിക്കാതിരിക്കാന്‍ ആവില്ല.

kerala temples
Related Posts