സ്പെഷ്യല്‍
ഓഗസ്റ്റ് 28 തിങ്കള്‍ പ്രദോഷം; ശിവഭഗവാനെ ഭജിക്കേണ്ടതിങ്ങനെ

ഓഗസ്റ്റ് 28 തിങ്കളാഴ്ച ശിവഭജനത്തിന് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നുവരുന്ന അത്യപൂര്‍വ ദിവസം. ഈ ദിവസത്തെ ശിവഭജനം അതീവ ഐശ്വര്യദായകമാണ്. കഴിയുന്നവരെല്ലാം ഈ ദിവസം ഭഗവാനെ ഭജിക്കുക.

മറ്റുദേവന്മാരില്‍നിന്നും വ്യത്യസ്തമായി ജടാധാരിയാണ് ഭഗവാന്‍ ശിവന്‍. തൃശ്ശൂലം ഭഗവാന്റെ കയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രക്കല ജടയില്‍ വിരാജിക്കുന്നു. ശരീരത്തില്‍ രുദ്രാക്ഷമാലയും നാഗങ്ങളും ചേര്‍ന്നതാണ് ഭഗവാന്‍ ശിവന്റെ രൂപം. ശിവന്‍ എന്നാല്‍ ”മംഗളകാരി” എന്നാണ് അര്‍ത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവഭഗവാന്‍ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാല്‍ മനസിലാവുന്നത്. പരബ്രഹ്‌മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരന്‍ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. സര്‍വ്വദേവന്‍മാരുടെയും ദേവനായ ഭഗവാനെ ആരാധിക്കുന്നതിലൂടെ തീരാത്ത ദുരിതങ്ങളില്ല. ജീവിത്തിലെ ഏതു പ്രതിസന്ധിഘട്ടത്തിലും ഭഗവാനെ അറിഞ്ഞു പ്രാര്‍ഥിച്ചാല്‍ പ്രത്യേക്ഷാനുഭവം ഉണ്ടാകുമെന്നതു തീര്‍ച്ചയാണ്.

ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. ഇത്തവണ തിങ്കളാഴ്ച വരുന്നതുകൊണ്ട് സോമ പ്രദോഷം എന്നാണ് ഈ പ്രദോഷം അറിയപ്പെടുന്നത്. ഈ ദിവസം ഭഗവാനെ പ്രാര്‍ഥിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം കുറയ്ക്കാനും ഈദിവസത്തെ ശിവഭജനം ഉത്തമമാണ്.

ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യയിലെ ശിവപൂജ, ക്ഷേത്ര ദര്‍ശനം എന്നിവ പുണ്യദായകമാണ്. ശിവ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തില്‍ ഛണ്ഡന്‍, പ്രഛണ്ഡന്‍ എന്നീ ദ്വാരപാലകര്‍ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സില്‍ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാന്‍. അകത്തെത്തിച്ചേര്‍ന്നാല്‍ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തുനിന്നു വേണം തൊഴാന്‍. അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന് ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭക്തര്‍ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്. മൂന്നു പ്രദക്ഷിണമാണ് പ്രധാനമായും ചെയ്യേണ്ടത്.

പ്രദോഷദിനം പകല്‍ മുഴുവന്‍ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും ചോറു വാങ്ങി കഴിക്കണം.

പ്രധാനവഴിപാടുകള്‍

ശ്രീപരമേശ്വരന് പ്രിയങ്കരമായ വഴിപാടാണ് ധാര. ധാരാതീര്‍ത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീര്‍ത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. കുടുംബപരമായി ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കാത്തവര്‍ക്ക് ധാര കഴിക്കുന്നത് വളരെ നല്ലതാണ്.

അഭിഷേകമാണ് ശിവക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. പാല്‍, ഇളനീര്‍, നെയ്യ്, എണ്ണ, ഭസ്മം, പനിനീര്‍ മുതലായവ അഭിഷേകത്തിനായി ഉപയോഗിക്കാം. ശിവന് അഭിഷേകം ചെയ്ത പാല്‍, ഇളനീര്‍ എന്നിവ പ്രഭാതത്തില്‍ സേവിച്ചാല്‍ ഉദര രോഗങ്ങള്‍ ശമിക്കുമെന്നും വിശ്വാസമുണ്ട്. പാല്‍ അഭിഷേകം ചെയ്താല്‍ സന്താന ഭാഗ്യവും ഇളനീര്‍ അഭിഷേകം ചെയ്താല്‍ മനസുഖവുമാണ് ഫലം. അഭിഷേകം ചെയ്ത നെയ്യ് സേവിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധി ഭ്രമം അകലുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. അപസ്മാരാധിരോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിന് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് സേവിക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

എണ്ണകൊണ്ട് അഭിഷേകം ചെയ്താല്‍ രോഗശാന്തിയുണ്ടാകും. പനിനീര്‍കൊണ്ടുള്ള അഭിഷേകത്തിന് ശരീര സൗഖ്യമാണ് ഫലം. ഭസ്മംകൊണ്ടുള്ള അഭിഷേകം പാപനാശവും ദുരിതമോചനവും സിദ്ധിക്കുന്നതിന് ഉത്തമമാണ്.

ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീകോവിലിന്റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിന്‍വിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം. പിന്‍വിളക്ക് കത്തിച്ചാല്‍ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും. ശിവക്ഷേത്ര ദര്‍ശനത്തിന്റെ പൂര്‍ണഫലം ലഭിക്കണമെങ്കില്‍ പാര്‍വതീ ദേവിക്ക് പിന്‍വിളക്ക് വഴിപാടുകൂടി സമര്‍പ്പിക്കണം എന്നാണ് വിശ്വാസം. 21 ദിവസം തുടര്‍ച്ചയായി പിന്‍വിളക്ക് വഴിപാട് സമര്‍പ്പിക്കുന്നത് അത്യുത്തമമാണ്.

പാര്‍വ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാര്‍ച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനും നല്ലതാണ്.

പ്രദോഷദിനത്തില്‍ ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച ശേഷം കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപുരാണം പാരായണം ചെയ്യുന്നത് വളരെ വിശേഷമാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവാഷ്ടോത്തരം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്.

ഒരു കാര്യം ശ്രദ്ധിക്കുക, പ്രദോഷ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിന് സാധിച്ചില്ലെങ്കിലും ശിവഭജനം മുടക്കരുത്. വളരെ അസുലഭമായി ലഭിക്കുന്ന ഈ അവസരം ഇത് കേള്‍ക്കുന്ന എല്ലാവരും പാഴാക്കാതെ ഈ ദിവസം പ്രാര്‍ഥന കൊണ്ട് ധന്യമാക്കൂ.

Related Posts