ഹൈന്ദവവിശ്വാസത്തില്‍ വെറ്റിലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ശുഭകരമായ ചടങ്ങുകള്‍ നടക്കുന്ന അവസരങ്ങളില്‍ വെറ്റില ഉപയോഗിക്കാറുണ്ട്. വെറ്റിലയുടെ തുമ്പ് മുന്നിലാക്കി മലര്‍ത്തിവെച്ചാലും കിഴക്കോട്ട് തിരിച്ചുവെച്ചാലും ഉത്തമം എന്നാണ് വിശ്വാസം. പ്രഷ്ടാവോ ദൂതനോ നേരെ വന്ന് ആദരപൂര്‍വ്വം പൊന്നും പണവും ഒപ്പം വെച്ചാല്‍ ഉത്തമം എന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വെറ്റിലയില്‍ പണമോ ഫലമോ വെയ്ക്കുന്നത് അശുഭസൂചനയായാണ് കണക്കാക്കുന്നത്.
വെറ്റിലക്കെട്ട് അഴിച്ചുവെച്ചാല്‍ ഉത്തമമാണ്. അഴിക്കാതെ കെട്ടോടെ വെച്ചാല്‍ അധമവും. വെറ്റില കമഴ്ത്തിയോ തുമ്പ് തെക്കുപടിഞ്ഞാറാക്കി വെയ്ക്കുകയോ ചെയ്താല്‍ അത് അനിഷ്്്ടങ്ങളുടെ സൂചനയായി വേണം കണക്കാക്കാന്‍. അംഗഹീനന്‍ വെറ്റിലവെച്ചാല്‍ അനര്‍ത്ഥമെന്നും വിശ്വാസമുണ്ട്. വെറ്റില കേടുവന്നതാണെങ്കില്‍ അശുഭമെന്ന് ആചാര്യന്മാര്‍ പറയുന്നു. വെറ്റില വെച്ചിട്ട് ദൂതന്‍ തലയില്‍ തൊട്ടാല്‍ പൃഛകന്‍ മരിച്ചുപോകുമെന്ന് ധരിക്കണം.
നെറ്റിയില്‍ തൊടുന്നതുകണ്ടാല്‍ പൃഛകന്റെ രോഗം ഔഷധങ്ങളാല്‍ ശമിക്കുമെന്നും പറയണം. കണ്ണില്‍ തൊടുന്നതു കണ്ടാല്‍ ബാധോപദ്രവമാണെന്നു പറയാം. മുഖം തൊടുന്നുവെങ്കില്‍ രോഗം ശമിച്ചു സുഖമാകും. വാ പൊത്തിനിന്നാല്‍ രോഗി നിശ്ചയമായും മരിക്കും. ചെവിയില്‍ തൊട്ടാല്‍ പുലയുണ്ടെന്ന് പറയണം. കഴുത്തില്‍ തൊട്ടാല്‍ രോഗം ഉടന്‍ ശമിക്കുമെന്ന് പറയണം.
ഇടത്തേ തോള്‍ തൊടുന്നുവെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ക്ലേശാനുഭവമുണ്ടാകും. മൂക്കിലാണ് തൊടുന്നതെങ്കില്‍ രോഗം വളരെക്കാലം നീണ്ടുനില്‍ക്കും. വയറിലാണ് തൊടുന്നതെങ്കില്‍ രക്തസ്രാവമാണ് രോഗമെന്ന് പറയണം.നെഞ്ചില്‍ തൊട്ടാല്‍ ജ്വരവും പനിയും വരും. നാഭിയില്‍ തൊടുന്നുവെങ്കില്‍ പിത്തപ്പുണ്ണെന്നു പറയുക. ഗുഹ്യസ്ഥലം തൊടുന്നുവെങ്കില്‍ വാതരോഗമെന്നു നിശ്ചയിക്കാം. കണങ്കാലില്‍ ദൂതനോ പൃഛകനോ തൊട്ടാല്‍ ശത്രുബാധയുണ്ടെന്ന് പറയണം.ഞെരിയാണി (ഗുല്‍ഫാം) തൊട്ടാല്‍ സര്‍പ്പബാധയുണ്ടെന്നു പറയാം. ഇത് വെറ്റില വെച്ചിട്ടു നില്‍ക്കുന്നവര്‍ തൊടുന്ന സ്ഥാനമനുസരിച്ചുള്ള ഫലങ്ങളാണ്.
വെറ്റിലക്കെട്ട് വച്ചത് ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ അടിയില്‍ നിന്നും മുകളിലേക്കെണ്ണണം. ഉച്ചതിരിഞ്ഞായാല്‍ മുകളില്‍ നിന്ന് കിഴോട്ടെണ്ണണം. ഇത് ലഗ്‌നമാക്കി പന്ത്രണ്ടു ഭാവവും നോക്കിപ്പറയുക. എത്രാമത്തെ വെറ്റിലയാണോ കീറിയോ വാടിയോ മുറിഞ്ഞോ പൊട്ടിയതോ ആയി കാണപ്പെടുന്നത് അത്രാമത്തെ ഭാവത്തിന് ഹാനിയുണ്ടെന്ന് കാണുക. കേടില്ലാത്ത താംബൂലസംഖ്യാഭാവങ്ങള്‍ക്ക് പുഷ്ടിയായിരിക്കും.
വെറ്റിലയുടെ എണ്ണത്തെ പത്തുകൊണ്ട് ഗുണിച്ച് ഒന്നുകൂട്ടി ഏഴുകൊണ്ട് ഹരിച്ചതിന് ശേഷം വരുന്നത് ആദിത്യാദിഗ്രഹങ്ങളാണ്. സൂര്യന്‍ ദുഖപ്രദനും ചന്ദ്രന്‍ സുഖപ്രദനുമാണ്. ചൊവ്വ വന്നാല്‍ കലഹവും ബുധന്‍,വ്യാഴം വന്നാല്‍ ധനവും ശുക്രന്‍ വന്നാല്‍ ഇഷ്ടലബ്ധിയും ശനിയായാല്‍ മരണവും ഫലം. ആ ഗ്രഹം നില്‍ക്കുന്ന രാശിയാണ് താംബൂല ലഗ്‌നമായി കണക്കാക്കേണ്ടത്. അതുവച്ച് ഭാവങ്ങള്‍ നിര്‍ണ്ണയിച്ച് ഫലം പറയണം.