സ്പെഷ്യല്‍
ജീവിതത്തിലെ ആ ആറുവര്‍ഷങ്ങള്‍ എങ്ങനെ?

ആദിത്യദശയില്‍ ജാതകന് എന്തെല്ലാമാകും നേരിടേണ്ടിവരിക. ഒരു വ്യക്തിയെ സംബന്ധിച്ച് ആറ് വര്‍ഷമാണ് അവന്റെ ആദിത്യദശ. ആദിത്യദശയിലെ പൊതുവായ ഫലങ്ങള്‍ അത്ര നന്നല്ല എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. എന്നാല്‍ ദശാകാലം കൃത്യമായി അറിയാന്‍ ജാതകന്റെ ജനനസമയം അറിഞ്ഞിരിക്കണം.

ആദിത്യദശയില്‍ സൂര്യന്‍ ബലവാനെങ്കില്‍ ജാതകന് എല്ലാം ഗുണപരമായി ഭവിക്കും എന്നാണ് ആചാര്യന്മാര്‍ പറയാറ്. എന്നാല്‍ സൂര്യന്‍ ദുര്‍ബലനാകുന്ന അവസ്ഥയില്‍ ആപത്തും വന്നുചേരുമെന്ന് പറയാറുണ്ട്. ഈ കാലത്ത് ജാതകന് സുഖവും ചില ഘട്ടങ്ങളില്‍ ദുഖവും പ്രതീക്ഷിക്കാമെന്ന് വ്യക്തം.

സദ്ഭാവങ്ങളില്‍ ബലവാനായി നില്‍ക്കുകയാണെങ്കില്‍ ആ സൂര്യദശ ജാതകന് ഐശ്വര്യം സമ്മാനിക്കുമെന്നാണ് വിശ്വാസം. ഈശ്വരാനുഗ്രഹം ഉണ്ടെന്ന് സാരം.

ക്രയവിക്രയങ്ങളിലൂടെ ധനം സമ്പാദിക്കും. സന്തോഷസന്താപങ്ങളില്‍ മനസ് ഇളകാതിരിക്കുക, ഉത്സാഹമുണ്ടാവുക, കീര്‍ത്തി നേടുക, ദൂരെയിരുന്ന് ശത്രുക്കളെ അമര്‍ച്ച ചെയ്യുക തുടങ്ങിയവയും ബലവാനായ സൂര്യന്റെ ദശാകാലത്ത് ജാതകന് അനുഭവപ്പെടും.

എന്നാല്‍, സൂര്യന്‍ ദുര്‍ബലനാകുന്ന അവസ്ഥയില്‍ ആദിത്യദശയില്‍ അശുഭകാര്യങ്ങള്‍ ഫലമെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഭാര്യ,മക്കള്‍, ധനം, ശത്രു,ആയുധം,അഗ്‌നി, രാജാവ് എന്നിവ നിമിത്തമായി നാനാതരം ആപത്തുകള്‍ ഫലം. ഹൃദയം,ഉദരം എന്നിവയുമായി ബന്ധപ്പെട്ട് അസുഖവും പിതാവിന് അരിഷ്ടതയും അനുഭപ്പെടും.

മേടം, ചിങ്ങം,ധനു,മീനം, വൃശ്ചികം,കര്‍ക്കടകം എന്നീ രാശികളിലും 3,6,10,11 ഭാവങ്ങളിലും നില്ക്കുന്ന ആദിത്യദശ പ്രായേണ ശുഭപ്രദമായിരിക്കും എന്നാണ് വിശ്വാസം. വ്യാഴത്തിന്റെ യോഗദൃഷ്ട്യാദികള്‍ ആദിത്യന്റെ ബലം വര്‍ദ്ധിപ്പിക്കും. എന്നാല്‍ രാഹു,കേതു,ശനി ഇവരുടെ യോഗദൃഷ്ട്യാദികള്‍ ആദിത്യനെ കൂടുതല്‍ ദുര്‍ബലനാക്കും. പാപശക്തി വര്‍ദ്ധിപ്പിക്കും.കേന്ദ്രഭാവങ്ങളുടെ ആധിപത്യമുള്ള ആദിത്യദശ നല്ല ഫലങ്ങള്‍ക്ക് കാരണമാകും. 2,3,6,8,12 ഭാവങ്ങളുടെ ആധിപത്യമുള്ള ആദിത്യദശ മികച്ചതായിരിക്കില്ല എന്നാണ് പറയാറ്.

ആദിത്യദശ സ്വാപഹാരം(3 മാസം 18 ദിവസം)

ബലവാനെങ്കില്‍ അധികാരലാഭം,അധികാരികളുടെ പ്രീതി, പിതൃസൗഖ്യം, വനപര്‍വ്വതവാസം, യാത്രകളില്‍ ധനലാഭം, ശിവക്ഷേത്ര ദര്‍ശനഭാഗ്യം തുടങ്ങിയവ ഫലം. ദുര്‍ബലനെങ്കില്‍ അലച്ചില്‍, മനോദുഖം,നേത്രഹൃദയഉദരരോഗങ്ങള്‍, അധികാരികളുടെ അപ്രീതി.പ്രവാസം, ബന്ധം,പിതൃക്ലേശം എന്നിവ ഫലമെന്നും വിശ്വാസം.

ചന്ദ്രാപഹാരം (6 മാസം)

ചന്ദ്രന്‍ ബലവാനും,ദശാനാഥന്റെ സദ്ഭാവങ്ങളില്‍ സ്ഥിതിചെയ്യുകയും ചെയ്താല്‍ ഉന്നതസ്ഥാനലബ്ധി,മാതൃസൗഖ്യം,സജ്ജനസംസര്‍ഗ്ഗം, കൃഷി പുരോഗതി, സ്ത്രീസൗഖ്യം, ധനലാഭം എന്നിവയുണ്ടാവും.പക്ഷബലരഹിതനും അനിഷ്ടഭാവസ്ഥിതനുമായാല്‍ ചന്ദ്രന്റെ അപഹാരത്തില്‍ കൃഷിപ്പിഴ, മാതൃക്ലേശം, മനശ്ചാഞ്ചല്യം, നീര്‍ദോഷം, ശത്രുശല്യം, അപവാദം എന്നിവ ഫലം.

കുജാപഹാരം (4 മാസം 6 ദിവസം)

ചൊവ്വ ബലവാനും സദ്ഭാവങ്ങളില്‍ നില്ക്കുകയും ചെയ്താല്‍ നേതൃത്വസിദ്ധി, മംഗളകാര്യപ്രാപ്തി, തിരഞ്ഞെടുപ്പുകളിലും പരീക്ഷകളിലും വിജയംസഹോദരാനുകൂല്യം, സ്വര്‍ണ്ണരത്‌നാദിലാഭം, പ്രതാപം ഇവ ഫലം. ചൊവ്വ ദുര്‍ബലനും അനിഷ്ടഭാവസ്ഥിതനുമായാല്‍ അപകീര്‍ത്തി, പിത്ത,ഉഷ്ണരോഗങ്ങളുടെ ആക്രമണം, ഭയം, സഹോദരക്ലേശം, സ്വജനവിരോധം, കുടുംബകലഹം, തോല്‍വി എന്നിവ ഫലമെന്നും ആചാര്യന്മാര്‍ പറയുന്നു.

രാഹു അപഹാരം (10 മാസം 24 ദിവസം)

രാഹുവും സൂര്യനും ശത്രുക്കളാണെന്നാണ് പറയാറ്. ഇതിനാല്‍ ആദിത്യദശയിലെ രാഹുവിന്റെ അപഹാരം ജാതകന് ദുരനുഭവങ്ങള്‍ക്ക് കാരണമാകും എന്നാണ് വിശ്വാസം. സ്ഥാനഭ്രംശം, സര്‍പ്പഭയം, പിതൃവ്യന്‍, പിതാമഹന്‍ എന്നിവര്‍ക്ക് അരിഷ്ടത,ചോരന്മാരുടെ ഉപദ്രവം, ശിരോരോഗം,സ്ഥാനഭ്രംശം, ബന്ധുകലഹം, മരണം, മരണതുല്യമായ അനുഭവങ്ങള്‍ എന്നിവയും ഫലമെന്നും ആചാര്യന്മാര്‍ പറയുന്നു.രാഹു ഉപചയഭാവങ്ങളിലും ദശാനാഥന്റെ ഇഷ്ടഭാവങ്ങളിലും ശുഭയോഗദൃഷ്ടി സഹിതനായും നിന്നാല്‍ ശുഭഫലം പ്രതീക്ഷിക്കാം.

വ്യാഴാപഹാരം (9 മാസം 18 ദിവസം)

വ്യാഴം ബലവാനെങ്കില്‍ വിദ്യാപുരോഗതിയും ഉദ്യോഗലബ്ദിയും ഫലമെന്നും വിശ്വാസം. പുത്രാഭ്യുദയം, സര്‍ഗ്ഗത്മാകത, സജ്ജനങ്ങളുമായി സഹവാസം,ആത്മീയകാര്യങ്ങളില്‍ പുരോഗതി, വിവാഹാദിമംഗള പ്രാപ്തി,ധനപുഷ്ടി തുടങ്ങിയവ ഉണ്ടാകുമെന്നും ആചാര്യന്മാര്‍ പറയുന്നു. വ്യാഴം ദുര്‍ബലനായാല്‍ ഭാഗ്യഹാനി, ഈശ്വരാധീനക്കുറവ്,പുത്രക്ലേശം,അപവാദം, ദാരിദ്ര്യം, ഗുരുക്കന്‍മാരുടെ അപ്രീതി എന്നിവയ്ക്ക് കാരണമാകും.

ശനിയപഹാരം(11 മാസം 12 ദിവസം)

പരസ്പരം ശത്രുഗ്രഹങ്ങളാണ് സൂര്യനും ശനിയും. സൂര്യദശയിലെ ശനിയുടെ അപഹാരം വാതരോഗം, ദുര്‍വ്യയം, ദുര്‍ജ്ജനസംസര്‍ഗ്ഗം, തസ്‌ക്കരഭയം, അപകടം എന്നിവയ്ക്ക് കാരണമാകും. കാര്യവിഘ്‌നവും ഫലം. ശനി ബലവാനെങ്കില്‍ മിശ്രഫലമെന്നാണ് വിശ്വാസം.

ബുധാപഹാരം (10 മാസം 6 ദിവസം)

ബുധന്‍ ബലവാനെങ്കില്‍ വിദ്യാലാഭം, ബിരുദലബ്ധി, ബന്ധുസഹായം, അംഗീകാരം എന്നിവ തേടിയെത്തും. ബുധാപഹാരത്തിന്റെ തുടക്കത്തില്‍ ശത്രുശല്യവും തിക്താനുഭവങ്ങളും ഏറുമെങ്കിലും ക്രമേണ ഗുണഫലങ്ങള്‍ തേടിയെത്തും.

കേതു അപഹാരം (4 മാസം 6 ദിവസം)

നിയമേന അനിഷ്ടകാരിയായിരിക്കും ഈ അപഹാരം. സുഹൃത്തുക്കള്‍,സ്വജ്ജനങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരോട് ശത്രുത,സ്ഥാനഭ്രംശം, ഗുരുക്കന്‍മാര്‍ക്ക് രോഗം, പാദം ശിരസ്സ് എന്നിവയ്ക്ക് അസുഖം, വീടുമാറ്റം, ശത്രുശല്യം, മരണഭയം എന്നിവ ഫലം.

ശുക്രാപഹാരം (1 വര്‍ഷം)

ആറുവര്‍ഷം നീളുന്ന സൂര്യദശയിലെ അവസാനത്തെ ഒരു വര്‍ഷക്കാലമാണ് ശുക്രാപഹാരം. ഇതോടെ സൂര്യദശ അവസാനിക്കുന്നു. കേതു അപഹാരത്തിന്റെ തുടര്‍ച്ച പോലെ അനിഷ്ടഫലങ്ങള്‍ക്ക് സാധ്യത. എന്നാല്‍ ഭൗതിക നേട്ടങ്ങളും തേടിവരുമെന്ന് ആചാര്യന്മാര്‍ പറയുന്നു.ഗൃഹവാഹനലാഭം, വിവാഹസിദ്ധി എന്നിവയും ഫലം. ജ്വരപീഡ,ശിരോരോഗം,അപവാദശല്യം,കൃഷിപ്പിഴ കലഹം എന്നിവയ്ക്ക് സാധ്യത.

Related Posts