സ്പെഷ്യല്‍
സർവ്വൈശ്വര്യം തരും ശ്രീ രാമനവമി; രാമനവമി ദിവസം ചെയ്യേണ്ടത്

ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശ്രീരാമനവമി ഏപ്രില്‍ 17നാണ്.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു.

നീണ്ട ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ചൈത്ര നവരാത്രിയിലെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണ് രാമനവമി. പൂര്‍ണ്ണമായ അനുഗ്രഹസിദ്ധിക്കായി, ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിച്ച് വരാറുണ്ട്. ഈ ദിവസങ്ങളിൽ ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’, എന്ന നാമജപം എത്രകണ്ട് ജപിക്കാന്‍ കഴിയുന്നുവോ, അത്രയും ജപിക്കുക.

രാവിലെ സൂര്യ വന്ദനത്തില്‍ നിന്ന് വേണം ഈ ദിനങ്ങൾ തുടങ്ങാന്‍. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും ഏറെ നല്ലതാണ്. ഭൂമിയില്‍നിന്നും ചുറ്റുപാടുകളില്‍ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാല്‍ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് വിശ്വാസം.അതുപോലെ തന്നെ, ഈ സമയങ്ങളില്‍ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.

അതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ വ്രതശുദ്ധിയോടെ വേണം പ്രാര്‍ഥനകള്‍ നടത്താന്‍. ശ്രീരാമ- സീത  വിവാഹം നടന്ന ദിനമായിട്ടും ചിലയിടങ്ങളില്‍ ഇതിനെ കാണുന്നതിനാല്‍, വിവാഹവും അനുബന്ധ കാര്യങ്ങള്‍ക്കും ഈ ദിനം ഉത്തമമാണെന്നും, ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് ഐശ്വര്യദായകമാണെന്നും വിശ്വസിക്കപ്പെടുന്നു.

രാമനവമി ദിവസം ചെയ്യേണ്ടത്

രാമനവമി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അതിനുശേഷം ശ്രീരാമനെയും ലക്ഷ്മണനെയും സീതാ ദേവിയെയും ആരാധിക്കുക. ആദ്യം കുങ്കുമം, വെണ്ണ, ചന്ദനം മുതലായവ കൊണ്ട് തിലകം ചാര്‍ത്തുക. ഇതിനു ശേഷം അരിയും തുളസിയിലയും നിവേദിക്കുക. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും തുളസി വളരെ പ്രിയപ്പെട്ടതാണ്. ഇതിനുശേഷം, പുഷ്പങ്ങള്‍ അര്‍പ്പിക്കുക, തുടര്‍ന്ന് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക, വെള്ളം സമര്‍പ്പിക്കുക. ശേഷം നെയ്യ് വിളക്കും കുന്തിരിക്കവും കത്തിക്കുക. ശ്രീ രാമചരിത മാനസം, രാമ രക്ഷാ സ്തോത്രം അല്ലെങ്കില്‍ രാമായണം എന്നിവ പാരായണം ചെയ്യുക. ആരതിയും മറ്റും ചെയ്ത പ്രസാദം എല്ലാവര്‍ക്കും വിതരണം ചെയ്യുക.

Ram Navami
Related Posts