സ്പെഷ്യല്‍
ശ്രീപുരുഷമംഗലത്തപ്പനെ വിശ്വരൂപത്തില്‍ കണ്ട് തൊഴുതാല്‍; ഈ 18 ദിവസം അതിവിശേഷം

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്രപ്രാധാന്യവുമുള്ള കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം ഭാരതത്തിലെ തന്നെ അത്യപൂര്‍വ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. വീരാട് രൂപത്തിലാണ് ഭഗവാനിവിടെ ദര്‍ശനം നല്‍കുന്നത്. അഭൗമമായ ദേവ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രസന്നിധിയിലെത്തുകയെന്നത് ഓരോ ഭക്തനെ സംബന്ധിച്ചെടുത്തോളം സുകൃതമാണ്. ഈ ക്ഷേത്രഭൂമിയിലെത്തുമ്പോള്‍ തന്നെ ഭഗവത് ചൈതന്യം നമ്മുക്ക് അനുഭവിച്ചറിയാവുന്നതാണ്.

വര്‍ഷത്തില്‍ 18 ദിവസം ഇവിടെ ഭഗവാന്‍ വിശ്വരൂപത്തിലാണ് ദര്‍ശനം നല്‍കുന്നത്. എല്ലാവര്‍ഷവും ധനു ഒന്നുമുതല്‍ 18 ദിവസമാണ് വിശ്വരൂപദര്‍ശനം. ഈ വര്‍ഷത്തെ വിശ്വരൂപദര്‍ശനം ഡിസംബര്‍ 16 മുതല്‍ 2023 ജനുവരി 2 വരെയാണ്. ഈ ദിവസങ്ങളിലെ ദര്‍ശനത്തിന് മറ്റൊരു പ്രധാന്യം കൂടിയുണ്ട്. ദേവേന്ദ്രപുത്രന്‍ മദ്ധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ രാത്രിയില്‍ പൂജിച്ച വിഗ്രഹമാണ് പകല്‍ ഇവിടെ ഭക്തര്‍ ദര്‍ശിക്കുന്നത്. വിശ്വരൂപദര്‍ശന കാലത്ത് അര്‍ജ്ജുനന്‍ ഭഗവാനെ പൂജിക്കാനായി രാത്രിയില്‍ ഇവിടെയത്തുന്നുവെന്നാണ് വിശ്വാസം.

കുരുക്ഷേത്രയുദ്ധം നടന്ന പതിനെട്ടു ദിവസം ധനു ഒന്നിനാണ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ ഭഗവാന്റെ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിക്കുന്ന ഭക്തന് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് ലഭിക്കുമെന്നാണ് വിശ്വാസം. ഈ സമയം ഭഗവാനെ ദര്‍ശിക്കുമ്പോള്‍ എന്തെന്നില്ലാത്തെ ഒരു ഉള്‍ക്കരുത്താണ് ഭക്തന് ലഭിക്കുന്നത്. ജീവിതത്തിലെ ഏത് ദുഖകരമായ അവസ്ഥയേയും തരണം ചെയ്യാന്‍ ഈ ദര്‍ശനം കൊണ്ടു സാധിക്കുമെന്നാണ് വിശ്വാസം. വിശ്വാസം മാത്രമല്ല അത്, അനുഭവ സാക്ഷ്യം കൂടിയാണത്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് നിരവധി ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെ വിശ്വരൂപദര്‍ശനത്തിനായി എത്തുന്നത്.

ഭഗവാന്‍ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ടയിടമായിട്ടാണ് ഈ ക്ഷേത്ര സങ്കേതത്തെ കരുതുന്നത്. ഇവിടെ 18 ദിവസം മാത്രം അതേ വിരാട് രൂപത്തിലും ശിഷ്ടദിവസങ്ങളില്‍ ശ്രീപുരുഷനായും ഭഗവാന്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലും പ്രശ്‌നവിധികളിലും തെളിഞ്ഞത്.

ക്ഷേത്രപൂജകള്‍ക്ക് വരെ വിഘ്‌നം സംഭവിക്കുകയും നാട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത സമയത്താണ് 2010 ലെ ദേവപ്രശ്‌നവിധിയെ തുടര്‍ന്ന്‌ക്ഷേത്രനവീകരണം നടത്തി അന്നുമുതല്‍ പ്രത്യേക ചടങ്ങുകളോടെ വിശ്വരൂപദര്‍ശന മഹോത്സവത്തിന് തുടക്കമിട്ടതും, ബാക്കിദിവസങ്ങളിലെ പൂജാക്രമങ്ങള്‍ക്ക് പടിത്തരം നിശ്ചയിച്ചതും.

ഓരോ ദിവസവും ഓരോ ഭക്തരുടെ വഴിപാടായാണ് വിശ്വരൂപ പൂജ നടത്തുന്നത്. ഒരു ദിവസം ഒരാള്‍ക്കുമാത്രം ശീട്ടാക്കാവുന്ന ഈ പൂജക്ക് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറാണ് പതിവ്.

കുരുക്ഷേത്ര യുദ്ധ ദിനങ്ങളില്‍ 18 ദിവസവും ഭഗവാന്‍ കഴിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നമാണ് ഈ ദിവസങ്ങളില്‍ മാത്രം ഇവിടെയുള്ള പ്രത്യേക നിവേദ്യം. ഈ നിവേദ്യശിഷ്ടം കഴിക്കുന്നതുവഴിയും ഇതിലെ പ്രധാന ദ്രവ്യങ്ങളിലൊന്നായ ഉണക്കലരികൊണ്ടുള്ള നിറപറ സമര്‍പ്പിക്കുന്നതുവഴിയും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധം സാധ്യമാക്കും എന്നാണ് വിശ്വാസം.

സ്വര്‍ണ്ണ വര്‍ണ്ണമുള്ള കൂര്‍മ്മത്തിന്റെ രൂപത്തില്‍ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ മഹാദിവ്യയോഗിയെ പ്രാര്‍ത്ഥിച്ച് ധനാഭിവൃദ്ധിക്കായി ചെയ്യുന്ന ആദി കൂര്‍മ്മ പൂജയും ഇവിടുത്തെ മറ്റൊരു വിശേഷാല്‍ വഴിപാടാണ്.

മഹോത്സവ ദിനങ്ങളിലെ പ്രധാന വഴിപാടുകള്‍ ഇവയാണ്- എല്ലാ പ്രതിബന്ധങ്ങളും അകറ്റുന്നതിനായി വിശ്വരൂപ പൂജ, കുടുംബ ഐശ്വര്യപൂജ , പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യ ഹവനം. സന്താന സൗഭാഗ്യത്തിന് താമരമൊട്ടില്‍ നെയ് നിറച്ചുള്ള ഹവനം . വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വിദ്യാഗോപാലമന്ത്രം ജപിച്ച സാരസ്വതഘൃതം . ധനാഭിവൃദ്ധിക്ക് – ആദികൂര്‍മ്മ പൂജ . അരിപറ, അന്നദാനം കൂടാതെ പാല്‍പ്പായസം, പഴം. പഞ്ചസാര, വെണ്ണ നിവേദ്യം, കദളിപ്പഴം തുടങ്ങിയ നിവേദ്യങ്ങളും ഉണ്ട്.ക്ഷേത്രത്തിലെ ഫോണ്‍നമ്പര്‍: 9895827332, 8606290970, 9947047957

 

Related Posts