സ്പെഷ്യല്‍
ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടയിടം!; രായിരനല്ലൂരിലേക്ക് നാളെ ഭക്തരെത്തുമ്പോള്‍

തുലാം ഒന്ന് (ഒക്ടോബര്‍ 18) ന് ചരിത്രപ്രസിദ്ധമായ പട്ടാമ്പി രായിരനല്ലൂര്‍ മലകയറ്റമാണ്. ദുര്‍ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നു കരുതപ്പെടുന്ന തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. മഹാരോഗദുരിത ശമനത്തിന് ആയിരങ്ങളാണ് തുലാം ഒന്നിന് ഇവിടെ മലകയറാന്‍ എത്തുന്നത്ത്. സന്താന സൗഭാഗ്യത്തിനു മലകയറുന്നതും നിരവധിയാണ്. ആണ്‍കുട്ടിക്കുവേണ്ടിയാണെങ്കില്‍ കിണ്ടിയും പെണ്‍കുട്ടിക്കു വേണ്ടിയാണെങ്കില്‍ ഓടും കമഴ്ത്തി പ്രാര്‍ഥിക്കും. കുഞ്ഞുണ്ടായ ശേഷം അവിടചെന്ന് ഈ പാത്രങ്ങളില്‍ നെയ്യ് നിറച്ച് വയ്ക്കണമെന്നാണ് വിശ്വാസം.

സമുദ്ര നിരപ്പില്‍ നിന്ന് അഞ്ഞൂറടി ഉയരത്തിലാണ് രായിരനല്ലൂര്‍ മല. പാറയില്‍ തീര്‍ത്ത 63 പടികള്‍ക്കു മുകളിലാണ് നാറാണത്തുഭ്രാന്തന്‍ കുടികൊള്ളുന്ന ഭ്രാന്താചലം ക്ഷേത്രം.വലിയൊരു കാഞ്ഞിരമരവും അതിലൊരു വലിയ ചങ്ങലയും (നാറാണത്തിനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു) കാണാം. അതിനു സമീപം കടുത്തവേനലിലും വറ്റാത്ത നീരുറവയും കാണാം.

ഒറ്റരാത്രികൊണ്ട് നാറാണത്ത് നിര്‍മിച്ച നീരുറവയാണതെന്നാണ് വിശ്വാസം. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന ഈ മലയിലാണ് ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തില്‍ ഭഗവതിയുടെ പാദമുദ്രയാണ് പൂജിക്കുന്നത്. വിത്യസ്തമായ പൂജാരീതികളാണ് ഇവിടെ അവലംബിക്കുന്നത്. ക്ഷേത്രം അശുദ്ധമായാല്‍ പുണ്യാഹം പതിവില്ല; പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. കൊപ്പം  വളാഞ്ചേരി റൂട്ടില്‍ നടുവട്ടം ബസ് സ്‌റ്റോപ്പിലിറങ്ങി ചെങ്കുത്തായ മലകയറിയാല്‍ ക്ഷേത്രത്തിലെത്താം.

Related Posts