നക്ഷത്രവിചാരം
രാഹുഗ്രസ്ത സൂര്യഗ്രഹണം; നിങ്ങള്‍ക്കെങ്ങനെ?

ജൂണ്‍ 21ന് ഞായറാഴ്ച രാഹുഗ്രസ്ത സൂര്യഗ്രഹണം നടക്കുകയാണ്. ഇത് ചിലര്‍ക്ക് ചെറിയ ദോഷങ്ങളും ചിലര്‍ക്ക് ഗുണങ്ങളും അനുഭവപ്പെടാം. ഇത്തവണത്തെ സൂര്യഗ്രഹണത്തിന്റെ ചില ഫലങ്ങള്‍ വായിക്കാം. ഗ്രഹണം ഉഭയരാശിയിലായതിനാല്‍ തീക്ഷ്ണത കുറവായിരിക്കും. സ്ഥിരവും ആയിരിക്കില്ല.

രണ്ടോ മൂന്നോ മാസത്തില്‍ കൂടുതല്‍ ഫലം ഉണ്ടാകുന്നതല്ല. ഇവിടെ പറയാന്‍ പോകുന്നത് പൊതുവായ ഫലം മാത്രമാണ്. അവരവരുടെ ജാതകത്തിലെ ദശാപഹാരങ്ങള്‍, ഗോചരഫലം എന്നിവ കൂടി കണക്കിലെടുത്ത് ഫലം വിലയിരുത്തണം. മിഥുനം രാശിയില്‍ ഗ്രഹണം ആയതിനാല്‍ മിഥുനം മുതല്‍ നോക്കാം.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിര, പുണര്‍തം ¾ ):
ഈ കൂറുകാര്‍ക്ക് ദേഹപീഢയും, ധനനഷ്ടവും ഫലം.

കര്‍ക്കടക്കൂറ് (പുണര്‍തം ¼ , പൂയം, ആയില്യം):
ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. കൂടാതെ, പണം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തില്‍ ¼ ):
ധനലാഭം, സാമ്പത്തിക ഉയര്‍ച്ച അതുമൂലമുളള മനസ്സന്തോഷം ഫലം.

കന്നിക്കൂറ് (ഉത്രം ¾ , അത്തം, ചിത്ര ½ ):
ഈ കൂറുകാര്‍ക്ക് കര്‍മ്മ സംബന്ധമായ ഉയര്‍ച്ചയും സുഖവും ഫലം.

തുലാക്കൂറ് (ചിത്ര ½ , ചോതി, വിശാഖം ¾ ):
മാനഹാനിയും അതുമൂലമുളള മനോവ്യഥയും ഫലം.

വൃശ്ചിക്കൂറ് (വിശാഖം ¼ , അനിഴം, തൃക്കേട്ട):
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. വഴിയോര ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുക. അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼):
ഈ കൂറുകാര്‍ക്ക് ഭാര്യാഭര്‍തൃ കലഹം, കളത്രാരിഷ്ടത ഫലം.

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) :
ഈ കൂറുകാര്‍ക്ക് കഠിനമായ സാഹചര്യത്തില്‍ നിന്ന് വിജയകരമായി പുറത്തുവന്നേക്കാമെന്നതിനാല്‍ ഇത് അവര്‍ക്ക് ഒരു പ്രധാന വഴിത്തിരിവായിരിക്കും. കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതു വഴി സൗഖ്യം ഫലം.

കുംഭക്കൂറ് (അവിട്ടം ½ , ചതയം, പൂരുരുട്ടാതി ¾):
ഈ കൂറുകാര്‍ക്ക് മനോദുഃഖത്തിന് സാദ്ധ്യതയുള്ളതുകൊണ്ട് ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉത്രട്ടാതി,രേവതി):
ഈ കൂറുകാര്‍ക്ക് ശാരീരിക അസ്വസ്ഥതയ്ക്ക് സാദ്ധ്യത.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼ ):
ഈ കൂറുകാര്‍ക്ക് ഐശ്വര്യം ഫലം

ഇടവക്കൂറ് (കാര്‍ത്തിക ¾ , രോഹിണി, മകയിരം ½):
ഈ കൂറുകാര്‍ക്കു ശരീരത്തില്‍ മുറിവുകള്‍ക്കോ വ്രണത്തിനു ഉളള സാദ്ധ്യത. സാമ്പത്തിക ബാധ്യതകള്‍ അലട്ടിയേക്കാം.

ദോഷശാന്തിക്കായി ഗ്രഹണ സ്പര്‍ശ കാലങ്ങളില്‍ കുളിച്ച് ഭസ്മം ധരിച്ച് ശിവനാമജപം, മൃത്യുഞ്ജയ മന്ത്രം എന്നിവ ഗ്രഹണാന്ത്യം വരെയും സശ്രദ്ധം ചെയ്യണം. ഗ്രഹണാരംഭത്തിന് മുമ്പ് മുതല്‍ ഗ്രഹണം കഴിയുന്നത് വരെ ഭക്ഷണാദികള്‍ക്ക് നിഷിദ്ധകാലമാകുന്നു.ഗ്രഹണം, അതു പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. അതു തുടര്‍ന്നു കൊണ്ടേയിരിക്കും. അതിനെ ഭയപ്പെടുകയല്ല വേണ്ടത്. അതില്‍ നിന്നുണ്ടാകാന്‍ സാദ്ധ്യതയുളള ദോഷഫലങ്ങളില്‍ നിന്ന് എല്ലാ ചരാചര ജീവികളെയും രക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ കഴിയുക എന്നതാണ് നമ്മുടെ ധര്‍മ്മം.

കടപ്പാട്:
ശിവ മാന്നാര്‍

Related Posts