സ്പെഷ്യല്‍
കൈയില്‍ ചരട് കെട്ടുന്നതിന്റെ രഹസ്യമെന്ത് ?

പേടി മാറാന്‍ കൈയില്‍ ചരട് കെട്ടുന്നത് നല്ലതാണെന്ന് കാലങ്ങള്‍ക്ക് മുന്നേ നമ്മള്‍ കേള്‍ക്കുന്നതാണ്. ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ചരട് പൂജിച്ചു നല്‍കുന്ന പതിവുമുണ്ട്. പേടി മാറാന്‍ മാത്രമല്ല, ആത്മവിശ്വാസം ഉണ്ടാകാനും ഏത് പ്രതിസന്ധിയിലും മുന്നേറാനും ചരടുകെട്ടുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ചരടുകള്‍ തന്നെ പല നിറങ്ങളിലുണ്ട്. എന്നാല്‍ പലര്‍ക്കും ഇതിന്റെ വ്യത്യസ്ത നിറങ്ങളിലുള്ള ചരടുകള്‍ എന്തിന്റെ പ്രതീകമാണെന്നതിനെ കുറിച്ച് വലിയ ധാരണയില്ലെന്നതാണ് സത്യം. ചിലര്‍ ഇതൊരു ട്രന്‍ഡായി കരുതി കയ്യില്‍ കെട്ടുകയും ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ പോലും ചരടുകെട്ടുന്നത് പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

കറുത്ത ചരട്

കറുത്ത ചരടാണ് കൂടുതലായും കണ്ടുവരുന്നത്. ദൃഷ്ടിദോഷം മാറാന്‍ ഏറ്റവും നല്ലത് കറുത്ത് ചരട് കെട്ടുന്നതാണ്. കറുത്ത ചരട് കെട്ടുന്നത് കുട്ടികളെ ദുഷിച്ച കണ്ണില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു. കൂടാതെ ആളുകളെ ദുരാത്മകള്‍, അനാവശ്യ തന്ത്ര മന്ത്രങ്ങള്‍ എന്നിവയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സഹായിക്കും.

ചുവന്ന ചരട്

ശത്രുക്കളില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്തുന്നതിനും ദീര്‍ഘായുസിനും ചുവന്ന ചരട് കെട്ടുന്നത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. രക്ഷാചരടെന്നും ഇതറിയപ്പെടുന്നുണ്ട്. സന്തോഷം, ആരോഗ്യം, സമൃദ്ധി എന്നിവ ഇത് ധരിക്കുന്നതിലൂടെ ലഭിക്കുമെന്നുമാണ് വിശ്വാസം.

ഓറഞ്ച് അല്ലെങ്കില്‍ കാവി നിറത്തിലുള്ള ചരട്

സൂര്യന്‍, തീ, ഗ്രഹങ്ങള്‍ എന്നിവയുടെ പ്രതീകമാണ് ഓറഞ്ച് അല്ലെങ്കില്‍ കാവി നിറത്തിലുള്ള ചരട്. ഈ നിറത്തിലുള്ള ചരട് ജപിച്ച് കെട്ടുന്നതിലൂടെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം എരിഞ്ഞുതീരുമെന്നാണ് വിശ്വാസം.

മഞ്ഞ ചരട്

വിഷ്ണുവിന്റെ പ്രതീകമാണ് മഞ്ഞചരട്. ഏകാഗ്രതയും ആശയവിനിമയവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞ ചരട് കെട്ടുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി സ്ത്രീകള്‍ മഞ്ഞ ചരട് ധരിക്കാറുണ്ട്.

പല നിറങ്ങളും മിക്‌സ് ചെയ്ത് കെട്ടുന്നവരും ഉണ്ട്. ഇതും ഏറെ ഗുണകരം തന്നെയാണ്. ആരോഗ്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

Related Posts