സ്പെഷ്യല്‍
ഇത്തവണത്തെ സ്‌കന്ദഷഷ്ഠിക്ക് പ്രധാന്യമേറെ; സുബ്രഹ്മണ്യസ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. അതില്‍തന്നെ ഏറെ പ്രധാന്യമുള്ളതാണ് സ്‌കന്ദഷഷ്ഠി വ്രതം. ഇത്തവണത്തെ സ്‌കന്ദഷഷ്ഠിവ്രതം നവംബര്‍ 18 ശനിയാഴ്ചയാണ്. ശ്രീസുബ്രഹ്‌മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് സ്‌കന്ദഷഷ്ഠി.

ഷഷ്ഠിവ്രതമെടുക്കുന്നതിനായി തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ.

ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം. പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്.

* വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്.
* വെറും നിലത്ത് കിടക്കണം.
* ആഡംബരം പാടില്ല.
* ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം.

മഹാരോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു രോഗശാന്തി കൈവരിക്കുന്നതിനും ഷഷ്ഠിവ്രതം ഉത്തമമാണ്. പൊതുവായഫലങ്ങള്‍:
* സന്താനലാഭം
* സന്തതികളുടെ ശ്രേയസ്
* രോഗനാശം
* ദാമ്പത്യസൗഖ്യം
* ശത്രുനാശം
* ഉദ്ദിഷ്ടകാര്യ സിദ്ധി
* സര്‍പ്പദോഷ ശാന്തി
* ത്വക്ക് രോഗശാന്തി

ആരാണ് സുബ്രഹ്മണ്യന്‍

പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു.
ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു.

തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം.

significance-skanda-shasti
significance-skantha-shasti-2019
Related Posts