മന്ത്രങ്ങള്‍
ലളിതാ സഹസ്രനാമം ജപിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്ര ഗ്രന്ഥമാണ് ലളിതസഹസ്രനാമം. ശ്രീമാതയില്‍ തുടങ്ങി ലളിതാംബിക എന്ന നാമത്തില്‍ പൂര്‍ണമാകുന്നു. നാമങ്ങളില്‍ ശ്രേഷ്ഠമാണ് വിഷ്ണുനാമം. ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. ദിവസവും ലളിതസഹസ്രനാമം പാരായണം ചെയ്യുന്നതിലൂടെ കുടുംബൈശ്വര്യം വര്‍ദ്ധിക്കുകയും രോഗദുരിതങ്ങള്‍ അകലുകയും ചെയ്യും. ജാതകദോഷവും ഗ്രഹപ്പിഴയും അലട്ടുകയുമില്ല. ഉത്തമസന്താന സൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീര്‍ഘായുസിനും ലളിതസഹസ്രനാമജപം ഉത്തമമാണ്. മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്‌നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു ലളിതസഹസ്രനാമം ചൊല്ലിയാല്‍ ഫലം ഉറപ്പ്.

എപ്പോള്‍ ചൊല്ലണം?

ലളിതസഹസ്രനാമ ജപത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍കയറുന്ന നിരവധി സംശയങ്ങളുണ്ട്. നാമം ചൊല്ലുമ്പോള്‍ തെറ്റിയാല്‍ കുഴപ്പമുണ്ടോ? രാവിലെ തന്നെ ചൊല്ലണോ? ഇടയ്ക്കുവച്ച് നിര്‍ത്തിയാല്‍ ദോഷമുണ്ടോ? അതിനെല്ലാം ഒരൊറ്റ ഉത്തരമേയുള്ളൂ. അമ്മയെ സ്‌നേഹിക്കുന്നതിനു സമയമോ കാലമോ നോക്കേണ്ടതില്ല. ഭഗവതിയെ മാതൃസ്വരൂപമായി കരുതി എപ്പോള്‍ വേണമെങ്കിലും ധ്യാനിക്കാം. എപ്പോള്‍, എത്രതവണ ചൊല്ലുന്നു എന്നതിലല്ല, എങ്ങനെ ചൊല്ലുന്നു എന്നതിലാണ് പ്രാധാന്യം. രാമ, രാമ എന്നത് ‘മരാ മരാ’ എന്ന് ചൊല്ലിയ കാട്ടാളന്‍ വാല്മീകി മുനിയായതും രാമായണം രചിച്ചതും ഓര്‍ക്കുക. ഭക്തിയാണ് പ്രധാനം. ലളിതസഹസ്രനാമം ജപിക്കുമ്പോള്‍ അറിയാതെ വരുന്ന അക്ഷരതെറ്റുകള്‍ ഭക്തിയുടെ മുന്നില്‍ നിര്‍വീര്യമാകും. നിത്യവും ജപിച്ചാല്‍ മനസ്സ് ശാന്തമാവുകയും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അര്‍ത്ഥം അറിഞ്ഞു ജപിക്കുന്നത് ഇരട്ടി ഫലം നല്‍കും. ജീവിത തിരക്കിനിടയില്‍ അരമണിക്കൂര്‍ ലളിതസഹസ്രനാമം ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്. ദേവീകടാക്ഷവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ നിത്യവും ലളിതസഹസ്രനാമ പരായണം സാധ്യമാകൂ.

എങ്ങനെ ചൊല്ലണം?

ശരീരശുദ്ധിയോടെ നിലവിളക്കുകൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യക്ക് പടിഞ്ഞാട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാം. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നാമം ചൊല്ലുന്നതിനു മുന്നിലായി ഭഗവതിയുടെ ചിത്രം, കുങ്കുമം, ഏതെങ്കിലും പുഷ്പം എന്നിവ വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും, ദേവീസ്വരൂപം മനസ്സില്‍ തെളിഞ്ഞു നില്‍ക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ഭഗവതിക്ക് മുന്നില്‍ നമസ്‌ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സില്‍ ചൂടുന്നതും ഉത്തമം. മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പുഷ്പമായി ചൂടുന്നത് ഭര്‍ത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം. നിത്യവും ചൊല്ലാന്‍ സാധിക്കാത്ത പക്ഷം പൗര്‍ണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളില്‍ ചൊല്ലാന്‍ ശ്രമിക്കുക.

ലളിതാസഹസ്രനാമ ധ്യാനം

ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീ
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം
സര്‍വ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ
രഹമിത്യേവ വിഭാവയേ ഭവാനീം!

Related Posts