പൈതൃകം
അത്യപൂര്‍വദിനം; ഈ തിങ്കളാഴ്ച ശിവപാര്‍വതി ഭജനം നടത്തിയാല്‍

തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഗുണങ്ങള്‍ ഏറെയെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഡിസംബര്‍ 14 തിങ്കളാഴ്ച വ്രതമെടുക്കുന്നതിന് ഏറെ പ്രത്യേകതകളുണ്ട്. കാരണം, വൃശ്ചികമാസത്തിലെ അമാവാസിയും തിങ്കളാഴ്ചയും ഒന്നിച്ചുവരുന്ന അമോസോമവാരമാണന്ന്. ഈ ദിവസം വ്രതമെടുക്കുന്നത് ശിവകുടുംബത്തിന്റെ അനുഗ്രഹത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ശിവകുടുംബപ്രീതിക്കു കാരണമാകുന്ന വ്രതമാണ് സോമവാരവ്രതമെന്ന് അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം. ഇത് അനുഷ്ഠിക്കുകവഴി ഉത്തമമംഗല്യഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.

വൈധവ്യദോഷങ്ങളും ചന്ദ്രദോഷങ്ങളും മാറുന്നതിനും ദാമ്പത്യപ്രശ്നങ്ങള്‍ അകലുന്നതിനും തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ശിവപാര്‍വതി മന്ത്രങ്ങള്‍ കൊണ്ടുവേണം ഭഗവാനെ ഭജിക്കേണ്ടത്.

‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നതും ശിവസഹസ്രനാമം, ലളിതാസഹസ്രനാമം, ശിവ അഷ്ടോത്തര ശതഃ നാമാവലി, ഉമാമഹേശ്വരസ്തോത്രം എന്നിവ ഭക്തിയോടെ ജപിക്കുന്നത് ഐശ്വര്യദായകമാണ്.

തിങ്കളാഴ്ച ദിവസം കഴിയുന്നതും ഓം നമഃശിവായ എന്ന പഞ്ചാക്ഷരി മന്ത്രവും ഓം ഹ്രീം ഉമായൈ നമഃ എന്ന ശ്രീ പാര്‍വതീദേവിയുടെ മൂലമന്ത്രവും ജപിക്കണം. കൂടാതെ, ശിവക്ഷേത്രത്തില്‍ പാര്‍വതീദേവിയെ ധ്യാനിച്ച് വെളുത്തപുഷ്പങ്ങളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നത് ഐശ്വര്യപ്രദമാണ്.

തിങ്കളാഴ്ചയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിനം ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഉമാമഹേശ്വര പൂജയും സ്വയംവരപുഷ്പാഞ്ജലിയും വിവാഹ തടസം നീങ്ങാന്‍ ഉത്തമമാണ്.

വ്രതമെടുക്കേണ്ടത്

വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍ വര്‍ജിക്കണം. രാത്രിയില്‍ അരിയാഹാരം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണമോ, പഴവര്‍ഗങ്ങളോ കഴിക്കാം. തിങ്കളാഴ്ച പുലര്‍ച്ചെ കുളികഴിഞ്ഞ് ദേവീസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം.

നെറ്റിയില്‍ ഭസ്മവും കുങ്കുമവും ചേര്‍ത്ത് തൊടാവുന്നതാണ്്. ശിവക്ഷേത്രത്തില്‍ പിന്‍വിളക്കും കൂവളമാലയും വഴിപാടായി നടത്താവുന്നതാണ്. വ്രതദിവസം ഒരിക്കലൂണാണ് നല്ലത്. രാവിലെയും വൈകിട്ടും പഴങ്ങള്‍ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചും വ്രതം അനുഷ്ഠിക്കാം. ചൊവ്വാഴ്ച രാവിലെ കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.

Related Posts