സ്പെഷ്യല്‍
ജീവിതത്തിലെ 20 വര്‍ഷം ഇങ്ങനെയായിരിക്കും

ശുക്രദശ 20 വര്‍ഷമാണ്. ശുക്രദശാകാലത്ത് ജാതകന് അനുകൂല പ്രതികൂല സന്ദര്‍ഭങ്ങളെ ഒരുപോലെ നേരിടേണ്ടിവരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.ശുക്രന്‍ ബലവാനെങ്കില്‍ ജാതകനെ സംബന്ധിച്ച് അത് അനുകൂലഘടകമാണ്.

ധനപ്രാപ്തി, സുഖം, അഭിവൃദ്ധി എന്നിവ ഫലമെന്നും വിശ്വാസം. ക്രയവിക്രയങ്ങള്‍, കൃഷി, വാഹനം എന്നിവയില്‍ ലാഭവും പ്രതീക്ഷിക്കാം. വിബലനായ ശുക്രന്റെ ദശയില്‍ വിപരീതഫലം പ്രതീക്ഷിക്കാമെന്നും ആചാര്യന്മാര്‍ പറയുന്നു. ജാതകനെ സംബന്ധിച്ച് അനുകൂലസമയം ആയിരിക്കില്ല എന്ന് സാരം. ധനനഷ്ടം, കുടുംബത്തിലെ സ്ത്രീകള്‍ക്ക് ദുരിതം,ഭാര്യാനഷ്ടം,ജന്തുക്കളില്‍ നിന്ന് ഭയം എന്നിവ ഫലം. ഉച്ചരാശിസ്ഥിതിയും നീചാംശകവുമുള്ള ശുക്രന്‍ സ്വാദശയില്‍ ധനനാശവും സ്ഥാനഭ്രഷ്ടതയും ചെയ്യും. മറിച്ച് നീചസ്ഥിതിയും ഉച്ചാംശകവുമുള്ള ശുക്രന്‍ സ്വദശയില്‍ കൃഷി, കച്ചവടം ഇവയെക്കൊണ്ട് ധനലാഭമുണ്ടാക്കും.

ശുക്രദശസ്വാപഹാരം (3 വര്‍ഷം 4 മാസം)

സജ്ജനങ്ങളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും ബഹുമതി, വിവിധ ധനാഗമമാര്‍ഗ്ഗങ്ങള്‍ വിഷയസുഖാനുഭവങ്ങള്‍ കീര്‍ത്തി, പുത്രസന്തോഷം ശത്രുനാശം എന്നിവ ഫലം. ശുക്രന്‍ വിബലനാണെങ്കില്‍ ഇഷ്ടജനങ്ങള്‍ക്കും ഭാര്യയ്ക്കും ജാതകനും ആപത്തും, രോഗദുരിതങ്ങളും മാനഹാനി ഉണ്ടാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.

സൂര്യാപഹാരം (1 വര്‍ഷം)

ഈ കാലഘട്ടം ജാതകനെ സംബന്ധിച്ച് പൊതുവേ ഗുണകരമല്ല. ധനനഷ്ടം, ഉദര,ശിരോ,നേത്രരോഗങ്ങള്‍,പൃതൃദുഖം, വീട് ഭൂമി എന്നിവയ്ക്ക് നാശം, ബന്ധുക്കള്‍ ശത്രുക്കളാകുന്ന അനുഭവം എന്നിവ പ്രതീക്ഷിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു. സൂര്യന്‍ ബലവാനായാല്‍ പിതൃസൗഖ്യം, അധികാരികളുടെ എന്നിവ അനുഭവം.

ചന്ദ്രാപഹാരം ( 1 വര്‍ഷം 8 മാസം)

ചന്ദ്രാപഹാരത്തില്‍ ജാതകനെ സംബന്ധിച്ച് മിശ്രഫലങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സാഹം,ധനാഗമം, ഭൂമിലാഭം, കൃഷിയില്‍ വിജയം എന്നിവയ്‌ക്കൊപ്പം മാതൃസൗഖ്യക്കുറവ്, അര്‍ത്ഥനാശം, ക്ഷയം ആസ്മാ പോലുള്ള രോഗങ്ങളും ഫലം.

ചൊവ്വയുടെ അപഹാരം (1 വര്‍ഷം 2 മാസം)

രക്തരോഗം, പ്രവൃത്തിഭംഗം, സ്ത്രീകളെ ഉപദ്രവിക്കുന്ന ശീലം, ക്രയവിക്രയങ്ങളില്‍ നഷ്ടം എന്നിവ ഫലം.  ചൊവ്വ ബലവാനെങ്കില്‍ ഭൂമി സമ്പാദിക്കാന്‍ സാധിക്കും. ജാഗ്രതയോടെ കര്‍മ്മങ്ങളില്‍ മുഴുകും.

രാഹു അപഹാരം (3 വര്‍ഷം)

ഭാഗ്യക്കുറിയില്‍ നിന്ന് ധനലാഭം പ്രതീക്ഷിക്കാം. ശത്രുവിജയം, ഇഷ്ടഭക്ഷണയോഗം,സ്വജ്ജനങ്ങളില്‍ നിന്നും സ്‌നേഹാദരങ്ങള്‍ എന്നിവ ഫലം. രാഹു അനിഷ്ടമെങ്കില്‍ പേരുദോഷവും പിതാമഹന്‍,പിതാമഹി എന്നിവര്‍ക്ക് അരിഷ്ടയും ഫലം

വ്യാഴാപഹാരം ( 2 വര്‍ഷം 8 മാസം)

ധര്‍മ്മപ്രവൃത്തികളും, മതാനുഷ്ഠാനങ്ങളും, അധികാരസിദ്ധിയും സജ്ജനങ്ങളുടെ നേതൃത്വവും പുത്രാഭ്യുദയവും നഷ്ടപ്പെട്ട വസ്തു മടക്കികിട്ടുമെന്നും ഫലം. വ്യാഴം അനിഷ്ടഫലദാതാവാണെങ്കില്‍ നിര്‍ഭാഗ്യവും ഭാര്യസന്താനങ്ങള്‍ക്ക് രോഗവും ഫലം.

ശനിയപഹാരം (3 വര്‍ഷം 2 മാസം)

നാട്ടുപ്രമാണിമാരില്‍ നിന്നും ബഹുമതി, ഭൂമിലാഭം, വീട് പുതുക്കിപ്പണിയുക, രാഷ്ട്രീയവിജയങ്ങളും പദവികളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അനുഭവത്തില്‍ വരും. ശനി ദുര്‍ബലനായാല്‍ അപഹാരത്തിന്റെ ആരംഭത്തില്‍ കുടുംബസൗഖ്യവും ക്രമേണ ഗൃഹത്തില്‍ സമാധാനക്കുറവും കൃഷിക്കും കന്നുകാലിക്കും നാശവും മോഷ്ടാക്കളില്‍ നിന്ന് ഉപദ്രവും ഫലം.

ബുധാപഹാരം (2 വര്‍ഷം 10 മാസം)

പുത്രാഭ്യുദയം, കച്ചവടത്തില്‍ നിന്നും ലാഭം, സമ്പല്‍സമൃദ്ധി, മൃഷ്ടാന്നഭോജനസൗഖ്യം,ഇഷ്ടജനസമാഗമം, വ്യാകരണം, ശാസ്ത്രം,ഗണിതം ഇവയില്‍ പാണ്ഡിത്യം, അധികാരികളുടെ പ്രീതി എന്നിവ ഫലം. ബുധന്‍ ദുര്‍ബലനായാല്‍ രോഗങ്ങള്‍,ബന്ധുവിയോഗം,ഗൃഹച്ഛിദ്രം,വ്യവഹാരപരാജയം,അന്യഗൃഹവാസം എന്നിവ ഫലം.

കേതു അപഹാരം (1 വര്‍ഷം 2 മാസം)

ശുക്രദശയില്‍ അവസാനത്തെ അപഹാരമാണ് കേതുവിന്റേത്. ഈ കാലത്ത് ദുരിതഫലങ്ങള്‍ കൂടുതലായിരിക്കും. അഗ്‌നിഭയവും, ഗൃഹത്തില്‍ അശാന്തിയും, വിഷാദരോഗവും ഫലം. കേതു ശുഭയോഗദൃഷ്ടികളോടെ നിന്നാല്‍ തൊഴില്‍മെച്ചവും, ശുഭാനുഭവങ്ങളും ഫലം.

Related Posts