മന്ത്രങ്ങള്‍
അര്‍ഥം അറിഞ്ഞ് ഈ മന്ത്രം ജപിച്ചാല്‍

ഭഗവാന്‍ പരമശിവന്‍ എന്ന സ്മരണ വന്നാലുടന്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നതാണ് നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം. എന്നാല്‍, ഈ മന്ത്രം പരമശിവനെ മാത്രമല്ല ഈ പ്രപഞ്ചത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.

അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരില്‍ സുപ്രസിദ്ധമായി. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണു നമ്മെളെല്ലാവരും ഈ മന്ത്രം ജപിക്കുന്നത്. നമഃശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു നോക്കാം.

വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭഗവാന്‍ പരമശിവന്റെ പാവനവും പ്രസിദ്ധവുമായ നാമെമന്നു നമഃശിവായയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ‘ന’ ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും, ‘മ’ പ്രപഞ്ചത്തെയും കുറിക്കുന്നു. ‘ശി’ ശിവനെ പ്രതിനിധീകരിക്കുന്നു. ‘വ’ എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം. ‘യ’ എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ‘ന’ എന്നാല്‍ ഭൂമി. ‘മ’  എന്നാല്‍ ജലം. ‘ശി’ എന്നാല്‍ അഗ്‌നി. ‘വ’ വായു. ‘യ’ എന്നാല്‍ ആകാശം.

മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും അതുകൊണ്ട് നമഃശിവായ മന്ത്രം ജപിക്കുമ്പോള്‍ പ്രകൃതിശക്തികളെയും മനസില്‍ സ്മരിക്കുക. നമഃശിവായ കാലാതീതമാണ്. അതുകൊണ്ട് ഏതു സമയത്തും ജപിക്കാവുന്നതാണ്. മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശിവമന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാത്ക്കാരമാണു പഞ്ചാക്ഷരി വഴി സിദ്ധിക്കുക.

Related Posts