സ്പെഷ്യല്‍
കര്‍ക്കടക ഷഷ്ഠി 10ന്; സുബ്രഹ്‌മണ്യസ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു രോഗശാന്തി കൈവരിക്കുന്നതിനും ഷഷ്ഠിവ്രതം ഉത്തമമാണ്. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഇത്തവണത്തെ കര്‍ക്കടകത്തിലെ ഷഷ്ഠി ഓഗസ്റ്റ് 10നാണ്.

പൊതുവായ ഫലങ്ങള്‍:

* സന്താനലാഭം
* സന്തതികളുടെ ശ്രേയസ്
* രോഗനാശം
* ദാമ്പത്യസൗഖ്യം
* ശത്രുനാശം
* ഉദ്ദിഷ്ടകാര്യ സിദ്ധി
* സര്‍പ്പദോഷ ശാന്തി
* ത്വക്ക് രോഗശാന്തി

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം. പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്.

* വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്.
* വെറും നിലത്ത് കിടക്കണം.
* ആഡംബരം പാടില്ല.
* ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം.

ആരാണ് സുബ്രഹ്മണ്യന്‍

പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു.
ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു.

തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം.

ഭക്തപ്രിയനും അറുമുഖനുമായ സുബ്രഹ്മണ്യന് പേരുകളിലുമുണ്ട് വൈവിധ്യം.

മുരുകന്‍-മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍

ബാഹുലേയന്‍-അഗ്നിയില്‍ (ശിവന്റെ നേത്രാഗ്നി) നിന്നും ജനിച്ചതിനാല്‍

വേലായുധന്‍-വേല്‍ ആയുധമാക്കിയതിനാല്‍

സുബ്രഹ്മണ്യന്‍-വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍

സ്‌കന്ദന്‍-പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനാകയാല്‍

കുമാരന്‍-സദാ യൗവനരൂപയുക്തനാകയാല്‍

സ്വാമിനാഥന്‍-സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍

ഷണ്‍മുഖന്‍-ആറുമുഖങ്ങളോടു കൂടിയവനാകയാല്‍

ഗുഹന്‍-അനന്തവും ഗോപ്യവുമായ ജ്ഞാനത്തിന്റെ അധികാരിയാകയാല്‍

ശരവണഭവന്‍-ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിക്കയാല്‍

കാര്‍ത്തികേയന്‍-കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍  താരകബ്രഹ്മന്‍-ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍

ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. പൊതുവേ സുബ്രഹ്‌മണ്യപ്രീതികരമായ മന്ത്രങ്ങള്‍ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്‌മണ്യ സ്വാമിയുടെ മൂലമന്ത്രമായ ‘ഓം വചദ്ഭുവേ നമ:’ സുബ്രഹ്‌മണ്യരായമായ ‘ഓം ശരവണ ഭവ:’ എന്നിവ സ്‌കന്ദഷഷ്ഠി ദിനത്തില്‍ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

സുബ്രഹ്‌മണ്യ ഗായത്രി:

‘സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്‌കന്ദ: പ്രചോദയാത്’

ധ്യാനശ്ലോകം

‘സ്ഫുരന്‍മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം’

 

Shasti Worship Lord Murugan
Related Posts