ശബരിമല സ്‌പെഷ്യല്‍
ശാസ്താവിന്റെ മൂലമന്ത്രവും ധ്യാനശ്ലോകവും

തന്ത്രശാസ്ത്രത്തില്‍ ഓരോദേവതയ്ക്കും മൂല(അടിസ്ഥാന) മന്ത്രം കല്‍പ്പിച്ചിരിക്കുന്നു. മനനാത് ത്രായതേ ഇതി മന്ത്രഃ
അതായതു മനനം ചെയ്യുന്നവരെ സംരക്ഷിക്കുന്നതാണ് മന്ത്രം. മന്ത്രത്തിന്റെ ഉച്ചാരണത്തിലൂടെ സംസാരബന്ധനത്തില്‍ നിന്നും രക്ഷ ലഭിക്കുന്നു. ‘ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ’എന്നാണു ശാസ്താവിന്റെ മൂലമന്ത്രം.

മംഗളാചരണമാണ് ഓംകാരം. ഓങ്കാരം ബ്രഹ്മത്തെ കുറിക്കുന്നു. സംഭവിച്ചിട്ടുളളതും സംഭവിക്കാനിരിക്കുന്നതുമെല്ലാം ഓങ്കാരം തന്നെ.ഓരോദേവതക്കും ബീജാക്ഷരം വിധിക്കപ്പെട്ടിട്ടുണ്ട്.

ഘ്രൂം എന്നത് ശാസ്താവിന്റെ ബീജാക്ഷരമാണ്. മന്ത്രങ്ങള്‍ക്കു ശക്തി പകരുന്നവയാണ് ബീജാക്ഷരങ്ങള്‍. ബീജ മന്ത്രത്താല്‍ ഏതു ദേവതയെ ഉപാസിക്കുന്നുവോ ആ ദേവതയുടെ സ്വഭാവവിശേഷങ്ങളും ശക്തിയും ബീജമന്ത്രാക്ഷരത്തിനും ഉണ്ടാകും.

‘പരഃ’ശബ്ദത്തിനു ശ്രേഷ്ഠന്‍( ഈശ്വരന്‍, പരമാത്മാവ്) എന്നും’ഗോപ്താ’ശബ്ദത്തിനു രക്ഷകന്‍ എന്നും’നമഃ’ശബ്ദത്തിനു നമസ്‌ക്കാരം എന്നും അര്‍ത്ഥം. ‘നമഃ പരായഗോപ്‌ത്രേ’എന്നാല്‍ ശ്രേഷ്ഠനായരക്ഷകന് (ശാസ്താവിന്) നമസ്‌ക്കാരം എന്നര്‍ത്ഥം.

ഭഗവാന്റെ സ്വരൂപം മനസ്സില്‍ ഉറപ്പിക്കുവാനുള്ളതാണ് ധ്യാനശ്ലോകം. മൂലമന്ത്രത്തിന്റെ ധ്യാനശ്ലോകം ഇതാണ്

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം

മിനുത്തു ചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടും കൂടിയവനും,ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ(ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.

 

Related Posts