സ്പെഷ്യല്‍
ഗുരുവായൂരിലെ സ്വര്‍ഗവാതിലും ശങ്കരാചാര്യരും

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ്. 1300 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങള്‍ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത്.

ശങ്കരാചാര്യര്‍ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം. അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ആകാശ മാര്‍ഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു. ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര. അപ്പോള്‍ താഴെ ഗുരുവായൂരില്‍ ശീവേലി നടക്കുകയായിരുന്നു. എന്നാല്‍ ശൈവ തേജസ് ആയ ആചാര്യര്‍ ഭഗവാനെ വണങ്ങാന്‍ കൂട്ടാക്കിയില്ല. ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല.

അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യര്‍ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു. അതും ഗുരുവായൂര്‍ വടക്കേ നടപന്തലില്‍ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു. വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകവും നാരായണ ജപവും നടത്തി ഭഗവാനോട് മാപ്പിരുന്നു. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. മണ്ഡലം ചിറപ്പും അതിനുള്ളില്‍ ഏകാദശിയും വരുന്ന രീതിയില്‍ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി. അതില്‍ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത്.

ശങ്കരാചാര്യര്‍ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളില്‍ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാളപ്പെടുത്തിയിട്ടുണ്ട്. ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോള്‍ ആ ഭാഗത്തുണ്ട്. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോള്‍ ശങ്കരാചാര്യര്‍ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിര്‍ത്തി ആ ഓര്‍മ പുതുക്കാറുണ്ടത്രേ. ഉത്സവ കാലത്ത് ഭഗവാന്‍ പൊന്‍പഴുക്കാ മണ്ഡപത്തില്‍ ദര്‍ശനം കൊടുക്കുന്നതും ശങ്കരാചാര്യര്‍ അന്ന് വീണ സ്ഥലത്ത് വച്ചാണ്.
വടക്കേ നടയില്‍ വച്ച് ഭഗവാനെ ദര്‍ശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര്‍ വടക്കേ നട സ്വര്‍ഗ്ഗ വാതില്‍ ആയി കണക്കാക്കപ്പെടുന്നു. കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയില്‍ വച്ചാണ്. രാവിലെയും വൈകുന്നേരവും നടക്കുന്ന ശീവേലി വടക്കേ നടയില്‍ എത്തുമ്പോള്‍ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്‌ക്കരിക്കുന്നത് ആ സ്മരണയില്‍ ആണ്.
ഭഗവാനെ നാരായണ …
കാരുണ്യാലോക ലീല ശിശിരിത ഭുവനം ക്ഷിപ്യതാം മയ്യനാഥേ….

Related Posts