സ്പെഷ്യല്‍
കൊടുങ്ങല്ലൂരിലെ ശക്തിചൈതന്യം

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും താന്ത്രിക വിധികളും നിലനിര്‍ത്തി പോരുന്ന ഏറ്റവും ശക്തിചൈതന്യവത്തായ ദേവീ ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം. കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളത്തെ ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനു നാലു അതിരുകളിലായി ഓരോ അംബികാ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു പരാശക്തിയെ പ്രതിഷ്ഠിച്ചു. അതോടൊപ്പം തന്നെ ശ്രീചക്രപ്രതിഷ്ഠയും ചെയ്തു. വടക്കു കൊല്ലൂരില്‍ മൂകാംബികയും തെക്കു കന്യാകുമാരിയില്‍ ബാലാംബികയും കിഴക്ക് പാലക്കാട് കരിമലയില്‍ ഹേമാംബികയെയും പടിഞ്ഞാറ് കൊടുങ്ങല്ലൂരില്‍ ലോകാംബികയെയും പ്രതിഷ്ഠിച്ചെന്നാണ് ഐതിഹ്യം.

അടികള്‍

വിശ്വാമിത്ര ഗോത്രത്തില്‍പ്പെട്ടവരും യജുര്‍വേദം പിന്തുടരുന്നവരും ബൗധായനക്കാരുമാണ് അടികള്‍അതിപുരാതനമായ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാനശാന്തിക്കാര്‍ ഈ മലയാള ബ്രാഹ്മണരാണ്. യാഗപാരമ്പര്യമുള്ള മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍മുറക്കാരാണ് ഇവര്‍. ഇവര്‍ക്ക് സിദ്ധിച്ചിട്ടുള്ള താന്ത്രിക പൂജാവിധികള്‍ അതീവരഹസ്യവും തലമുറകളായി കൈമാറിവരുന്നതുമാണ്. തൊണ്ണൂറ്റൊമ്പതു യാഗം നടത്തിയ അഗ്നിഹോത്രിയാല്‍ ഉപദേശിക്കപ്പെട്ടതാണത്രേ ഈ മന്ത്രവിധികള്‍.
അടികള്‍ എന്ന പദം പൂജനീയര്‍ എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കുന്നത്. ബഹുമാനപൂര്‍വ്വം ഉപയോഗിക്കുന്ന സ്ഥാനപ്പേരാണിത്. ഇവര്‍ ശ്രീചക്രപൂജയിലും ശ്രീവിദ്യോപാസനയിലും ഉയര്‍ന്നതലത്തിലെത്തിയവരായാണ് കണക്കാക്കപ്പെടുന്നത്. ദേവിയെ ഉപാസിച്ച ദേവിയുമായി താദാത്മ്യം പ്രാപിച്ചവരായിരുന്നു ഇവരുടെ പൂര്‍വ്വികരെന്നാണ് വിശ്വാസം. ഋഷിതുല്യരായ സാധകന്‍മാര്‍ മുന്‍തലമുറകളിലുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്ത് കൊടിക്കുന്നത്തുകാവാണ് അടികള്‍മാരുടെ മൂലസ്ഥാനം.

ഒരിക്കല്‍ തമിഴകത്ത് കാവേരി നദിയില്‍ ഒരു ചുഴി പ്രത്യക്ഷമായി അവിടെവെച്ച് ഒഴുക്ക് തടസ്സപ്പെടുകയും ജലം ചുഴിയിലൂടെ അപ്രത്യക്ഷമാവുകയും തന്മൂലം വരള്‍ച്ച നേരിടുകയും ചെയ്തു. അപ്പോള്‍ നദിക്കരെയുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലെ യുവതി തുള്ളിപ്പറയുകയുണ്ടായത്രെ. മലയാള നാട്ടിലെ ശുകപുരം ഗ്രാമത്തിലെ മേഴത്തോള്‍ അഗ്നിഹോത്രിക്കേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ എന്ന്. അങ്ങനെ മധുര രാജാവിന്റെ പ്രത്രേക ക്ഷണപ്രകാരം അഗ്നിഹോത്രി അവിടെ എത്തുകയും കാവേരി നദിയിലെ ചുഴിയില്‍ മുങ്ങുകയും മൂന്നാം ദിവസം പൊങ്ങുകയും ചെയ്തു. വന്നപ്പോള്‍ വലതു കൈയില്‍ മൂന്ന് ശൂലങ്ങളും ഉണ്ടായിരുന്നു. ഈ മൂന്നുദിവസവും നേരത്തേ പറഞ്ഞ ബ്രാഹ്മണയുവതി അഗ്നിഹോത്രിയെ കാത്ത് രാപകലില്ലാതെ നാമജപത്തോടെ നദിക്കരയിലുണ്ടായിരുന്നു.
അഗ്നിഹോത്രി കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ആ ബ്രാഹ്മണ യുവതിയെ കൊണ്ടുവന്ന് വേളി കഴിച്ച് മൂന്നാമത്തെ ഭാര്യയാക്കി അദ്ദേഹത്തിന്റെ ഇല്ലത്ത് (കടമ്പൂരില്ലം അഥവാ വേമഞ്ചേരി മന) കുടയിരുത്തി. കൂടെ കൊണ്ടുവന്ന മൂന്ന് ശൂലങ്ങളില്‍ സ്വര്‍ണ്ണ ശൂലം തന്റെ ഇല്ലത്തും വെള്ളി ശൂലം യജ്ഞേശ്വരത്തും ചെമ്പ് ശൂലം കൊടിക്കുന്നത് ഭഗവതി ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഈ ഭാര്യ മറ്റു ഭാര്യമാരില്‍ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹത്തിന്റെ യാഗപൂജാദി കാര്യങ്ങളെല്ലാം ഒരുക്കുന്നതിനായി അതീവ ശ്രദ്ധപുലര്‍ത്തുക മൂലം പ്രത്യേക പ്രീതിക്ക് പാത്രീഭൂതയായി. അതിനാല്‍ അഗ്നിഹോത്രിക്ക് ആ സ്ത്രീയുലുണ്ടായ സന്തതികളോട് മമത തോന്നുകയും മറ്റുള്ളവര്‍ക്കാര്‍ക്കും ഉപദേശിച്ചുകൊടുക്കാത്ത താന്ത്രിക വിദ്യ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

കുറച്ചുകാലങ്ങള്‍ക്കുശേഷം തമിഴ് ബ്രാഹ്മണ സ്ത്രീയിലുണ്ടായ ഉണ്ണിയേയും ഇല്ലത്തെ മറ്റൊരുണ്ണിയേയും കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് പൂജാദി കാര്യങ്ങള്‍ക്കായി അഗ്നിഹോത്രി പറഞ്ഞയച്ചു. അവര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചപ്പോള്‍ അഗ്നിഹോത്രി ഇവിടെ സ്ഥാപിച്ച ചെമ്പ് ശൂലം വിറച്ചുകൊണ്ട് നില്‍ക്കുന്നതായി കണ്ടു. അവര്‍ പഠിച്ച താന്ത്രിക വിദ്യകള്‍ പ്രയോഗിച്ച് നോക്കിയിട്ടും ശൂലം ഉറച്ചുകണ്ടില്ല. ഒടുവില്‍ അഗ്നിഹോത്രിയുടെ മൂന്നാമത്തെ ഭാര്യയിലെ ഉണ്ണി തനിക്ക് പിതാവില്‍ നിന്ന് കിട്ടിയ അതീവ രഹസ്യമായ താന്ത്രിക വിധികള്‍ പ്രകാരം ഇളനീര്‍ കൊണ്ട് അഭിഷേകവും മറ്റു പൂജാദികര്‍മ്മങ്ങളും അനുഷ്ഠിച്ചപ്പോള്‍ വിറച്ചുകൊണ്ട് നിന്നിരുന്ന ശൂലം ഉറച്ചത്രേ.

ഇല്ലത്ത് തിരിച്ചെത്തിയ ഉണ്ണികള്‍ ഈ വൃത്താന്തം അഗ്നിഹോത്രിയെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം മകനെ വിളിച്ച് ഇനി മുതല്‍ കൊടിക്കുന്നത്തു തന്നെ താമസിച്ച് ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ ചെയ്തുകൊള്ളാന്‍ ഉപദേശിച്ചു. ബഹുമാനാര്‍ത്ഥം നിങ്ങള്‍ ‘അടികള്‍’ എന്ന വിശേഷണത്താല്‍ അറിയപ്പെടുന്നും പറഞ്ഞു. പിന്നീടുള്ള വംശ പരമ്പരകള്‍’ അടികള്‍’ എന്ന പേരില്‍ അറിയപ്പെടുകയും മേലേപ്പാട്, നടുവിലേപ്പാട്, കീഴേപ്പാട് എന്ന മഠങ്ങള്‍ ഉരുത്തിരിയുകയും ചെയ്തു. ഇപ്പോള്‍ കൊടുങ്ങല്ലൂരിലും ഗുരുവായൂരിനടത്തുള്ള കുരഞ്ഞിയൂരിലും കൊടിക്കുന്നത്തും വടക്കാഞ്ചേരിക്കടുത്തുള്ള വിരുട്ടാണത്തും പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്തുമായി അടികള്‍ കുടുംബങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

അടികള്‍മാരും കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും

പണ്ട് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്കായി 41 ഇല്ലങ്ങള്‍ ഉണ്ടായിരുന്നുവത്രെ. ഒരിക്കല്‍ ദേവി ഉപാസകനായ ഒരു പരദേശി ബ്രാഹ്മണന്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ നേരം ഇരുട്ടി. അദ്ദേഹം സന്ധ്യാവന്ദനാദികള്‍ കഴിക്കുന്നതിനും അന്ന് രാത്രി വിശ്രമിക്കുന്നതിനും ആദ്യത്തെ ഇല്ലത്ത് സമീപിച്ചപ്പോള്‍ അങ്ങേയില്ലത്ത് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ആദ്യത്തെ ഇല്ലത്തെ അനുഭവം തന്നെയാണ് ഉണ്ടായത്. നാല്‍പ്പത്തി ഒന്നാമത്തെ ഇല്ലത്ത് ചെന്നപ്പോഴും അങ്ങേയില്ലത്ത് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ആ ബ്രാഹ്മണന്‍ അപ്രകാരം ചെയ്തു. അത് ദേവീക്ഷേത്രമായിരുന്നു. അവിടെ ചെന്നപ്പോഴാകട്ടെ ദേവി കുത്തുവിളക്ക് പിടിച്ച വാരസ്യാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് വിവരങ്ങള്‍ ആരായുകയും അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

എന്നാല്‍ തന്റെ ഉപാസകനായ ആ സാധു ബ്രാഹ്മണനെ പരിഹസിച്ച ഇല്ലങ്ങള്‍ ദേവി തന്റെ കോപാഗ്നിയില്‍ ചുട്ടെരിച്ചു. അതുമൂലം ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് ആളില്ലാതായപ്പോള്‍ സഹോദരിയായ കൊടിക്കുന്നത്ത് ഭഗവതിക്ഷേത്രത്തിലെശാന്തിക്കാരായ അടികളെ കൊണ്ടുവന്ന് പൂജാദികാര്യങ്ങള്‍ക്കായി നിയോഗിച്ചു എന്നുമാണ് ഐതിഹ്യം. ഇവിടത്തെ താന്ത്രിക പൂജാവിധാനങ്ങള്‍ അതീവരഹസ്യവും അടികള്‍മാര്‍ക്കു മാത്രം പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതുമാണ്.

ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചുപോരുന്നത് മഠത്തില്‍ മഠം, നീലത്ത് മഠം, കുന്നത്ത് മഠം എന്നീ മൂന്ന് മഠങ്ങളില്‍ പ്പെട്ട അടികള്‍മാരാണ്. ഈ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളിലെ പരമാധികാരം ഇവര്‍ക്കാണ്. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ മുമ്പ് പ്രത്യേകിച്ച് തന്ത്രിമാരുണ്ടായിരുന്നില്ല. കാരായ്മാവകാശമുള്ള അടികള്‍മാര്‍ തന്നെയാണ് പാരമ്പര്യ മേല്‍ശാന്തിമാരും താന്ത്രിക കാര്യങ്ങള്‍ ചെയ്തിരുന്നതും പ്രാധാന പൂജകളായ ഇല്ലം നിറ, ചാന്താട്ടം, അശ്വതി പൂജ (തൃച്ചന്ദനചാര്‍ത്ത്) തുടര്‍ന്നുള്ള യാമപൂജകള്‍ എന്നിവയെല്ലാം അടികള്‍മാരാണ് നിര്‍വഹിച്ചുപോരുന്നത്.

കേരളത്തില്‍ അനവധി ക്ഷേത്രങ്ങള്‍ അടികള്‍മാരുടെ അധീനതയില്‍ ഉണ്ടായിരുന്നു. ഗുരുവായൂരിനടുത്ത് 6 കിലോമീറ്റര്‍ വടക്കുമാറി കുരഞ്ഞിയൂര്‍ എന്ന ഗ്രാമവും ദേവീക്ഷേത്രവും അന്നത്തെ നാടുവാഴിയായിരുന്ന കുന്നത്ത് മൂസ്സ് അടികള്‍മാര്‍ക്ക് ചാര്‍ത്തികൊടുത്തിട്ടുണ്ട്. സമീപകാലത്ത് എറണാകുളത്തുള്ള പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രം, തൃശ്ശൂരിനടത്തുള്ള മുള്ളൂര്‍ ഭഗവതിക്ഷേത്രം എന്നിവ അടികള്‍ മാരുടെ അധീനതയില്‍നിന്ന് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പൂര്‍വ്വികരില്‍ ഋഷി തുല്യനായ ഒരു അടികളാണ് തൃപ്പൂണിത്തറയ്ക്കടുത്തുള്ള മുരിയമംഗലം നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഔവ്വസനാഗ്നിയില്‍ നിന്ന് അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷനായ നരസിംഹസ്വാമിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
(തുടരും)

Related Posts