സ്പെഷ്യല്‍
ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ വ്രതമെടുത്തോളൂ!

ശിവന്റെ രാത്രിയാണ് ശിവരാത്രി. ക്ഷീരസാഗരമഥന സമയത്ത് വാസുകിയില്‍നിന്നും പുറത്തുവന്ന കൊടുംവിഷം ഭൂമിയില്‍ വീഴാതെ ഭഗവാന്‍ മഹാദേവന്‍ ഭുജിച്ചു. ഭുജിച്ചത് കൊടും വിഷം ആകയാല്‍ വിഷം തീണ്ടാതിരിക്കാന്‍ അത് കഴിച്ചയാള്‍ ആ ദിവസം ഉണ്ണാതെ ഉറങ്ങാതെ ഇരിക്കണമെന്നാണ് പറയുന്നത്. ഭഗവാന്‍ ജാഗ്രത് അവസ്ഥയില്‍ കഴിയുന്നതിനായി പ്രപഞ്ചം മുഴുവനും ഉറങ്ങാതെ കഴിച്ചുകൂട്ടി. ആ ദിനമാണ് ശിവരാത്രി.

മാഘമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് കുംഭമാസത്തിലെ കറുത്തവാവ് വരെയുള്ളമാസത്തില്‍ കറുത്ത ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രി. ചതുര്‍ദശി അര്‍ധരാത്രിതട്ടുന്ന ദിവസമാണ് ശിവരാത്രിവ്രതം ആചരിക്കേണ്ടത്. രണ്ടുരാത്രിയിലുമായിട്ടാണ് തട്ടുന്നതെങ്കില്‍ ഒന്നാമത്തെ രാത്രിയാണ് ശിവരാത്രി.ത്രയോദശിയില്‍ ശിവനെ പൂജിച്ച് ഭക്തിയോടെ പൂജാദികള്‍ നടത്തണം. പ്രഭാതം മുതല്‍ വ്രത മനുഷ്ഠിച്ച് രാത്രിയില്‍ ഉറക്കമിളക്കുകയും വേണം.

ശിവാനുഗ്രഹത്തിനും മോക്ഷത്തിനുമായി ഋഷിശ്വരന്‍മാര്‍വരെ ശിവരാത്രിവ്രതമെടുത്തതായി പറയപ്പെടുന്നു. ആയിരം ഏകാദശിവ്രതത്തിനു തുല്യമാണ് അര ശിവരാത്രിവ്രതം. പാപപരിഹാരത്തിനും ആഗ്രഹസാഫല്യത്തിനും സര്‍വ്വാര്‍ഥസാധകാര്‍ത്ഥം തുടങ്ങി വിവിധ ഉദ്ദേശത്തോടെയാണ് ശിവരാത്രിവ്രതം ആചരിക്കുന്നത്.

സ്വന്തം ശക്തിയനുസരിച്ച് പൂജ, ദാനം, ഹോമം, തപസ്സ് ഇതൊക്കെ ചെയ്യുക. ചതുര്‍ദ്ദശി നാള്‍ നിരാഹാരനായി കഴിഞ്ഞ് പിറ്റേന്നു മാത്രം ഭക്ഷണം കഴിക്കുക. പഞ്ചഗവ്യം കൊണ്ട് സ്‌നാനം ചെയ്യിച്ച് ”ഓം നമഃശിവായ” എന്ന മന്ത്രം ചൊല്ലി ശിവനെ പൂജിക്കുക. എള്ള്, അരി, വ്രീഹി ഇവ നെയ്യും ചേര്‍ത്ത് ഹോമദ്രവ്യം നിര്‍മ്മിച്ച് ഹോമം നടത്തുക.

അര്‍ദ്ധരാത്രിയില്‍ മൂന്ന് യാമം കഴിഞ്ഞാല്‍ നാലാം യാമത്തില്‍ വീണ്ടും പൂജ നടത്തുക. മൂലമന്ത്രം ജപിക്കണം. പ്രഭാതത്തില്‍ പൂജ പര്യവസാനിപ്പിക്കുക. ശിവ ഭഗവാനോട് പ്രസാദിക്കണമെന്ന് പ്രാര്‍ഥിക്കുക. യഥാവിധി പൂജയും പ്രാര്‍ഥനയും നടത്തുന്ന പക്ഷം കീര്‍ത്തി, പുത്ര സമ്പത്ത്, രാജപദവി എന്നിവയും ഇന്ദ്രിയാനുഭൂതിയും നേടി ശിവപഥം പ്രാപിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

Related Posts