സ്പെഷ്യല്‍
ദീപാരാധന ഇങ്ങനെ തൊഴുതാല്‍

ഹൈന്ദവിശ്വാസത്തില്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാന ചടങ്ങായാണ് ദീപാരാധനയെ കാണുന്നത്. ക്ഷേത്രങ്ങളില്‍ ദീപാരാധന തൊഴാന്‍ എത്തുമ്പോള്‍ ഭക്തര്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നു ആചാര്യന്മാര്‍ പറയുന്നു. ദീപാരാധനയ്ക്ക് നടതുറക്കുംമുമ്പേ ഭക്തര്‍ ക്ഷേത്രത്തിലെത്തണം.

പ്രദക്ഷിണം കഴിഞ്ഞ് മനസ്സില്‍ ദേവന്റെ രൂപത്തെ ധ്യാനിച്ച് പ്രാര്‍ത്ഥനയുമായി കൈകൂപ്പി നില്‍ക്കണം. ഉച്ചത്തില്‍ സംസാരിക്കുകയോ ദേഷ്യത്തിന് അടിമപ്പെടുകയോ ചെയ്യരുത്. ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴരുതെന്നാണ് വിശ്വാസം. നടയ്ക്ക് നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് 30 ഡിഗ്രി ചരിഞ്ഞു നിന്നു വേണം തൊഴാന്‍.

ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പിളാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കാലുകള്‍ ചേര്‍ത്തുപിടിച്ച് ഇരുകൈകളും താമരമൊട്ടുപോലെ കൂപ്പി തൊഴണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തമായി ശരീരമാസകലം വ്യാപിക്കുമെന്നാണ് വിശ്വാസം.

പൃഥ്വീ ശക്തി ചെറു വിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്‌നിശക്തി നടുവിരലിലൂടെയും വായു ശക്തി ചൂണ്ടുവിരല്‍ വഴിക്കും ആകാശ ശക്തി പെരുവിരല്‍ മാര്‍ഗ്ഗമായും ഭക്തന്റെ ശരീരത്തില്‍ പ്രവേശിക്കുന്നു. പൃഥ്വിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തി പ്രാണവകാരബലവും അഗ്‌നിശക്തി മനോബുദ്ധിബലവും വായുശക്തി ബോധബലവും ആകാശശക്തി അത്മബലവും നല്‍കുന്നുവെന്ന് ആചാര്യന്മാര്‍ പറയുന്നു.

ദീപാരാധനയ്ക്ക് ശേഷം പൂജാരി ശംഖതീര്‍ത്ഥം തളിക്കുന്നു. ഈ ശംഖതീര്‍ഥം കലശാഭിഷേകത്തിന്റെ ഫലമാണ് നല്കുന്നത്. അതു സ്വീകരിക്കാന്‍ തലകുനിച്ചു നില്ക്കണം. ഈ ശംഖതീര്‍ത്ഥം ഏല്ക്കുന്നത് മന്ത്രദീക്ഷ ലഭിക്കുന്നതിനു തുല്യമാണ്. ശാന്തിക്കാരന്‍ കര്‍പ്പൂരാരതിയും മറ്റും നടത്തുന്നത് പ്രാണജ്യോതിസ്സ് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായാണ്.

Related Posts