സ്പെഷ്യല്‍
ഭഗവാന്റെ ശ്രീ സന്താനഗോപാലമൂര്‍ത്തി ഭാവത്തെ അറിയാം

ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളില്‍ ഒന്നാണ് ശ്രീ സന്താനഗോപാലമൂര്‍ത്തി ഭാവം. ഒരിക്കല്‍ പാലാഴിവാസനായ ഭഗവാന്‍ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാര്‍ കൃഷ്ണനും അര്‍ജ്ജുനനും ആയി ദ്വാപര യുഗത്തില്‍ അവതരിച്ച കാലത്താണിത്.

ഈ സമയം പാണ്ഡവന്മാര്‍ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്‍ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നില്‍ക്കുകയാണ്. തങ്ങള്‍ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആര്‍ക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അര്‍ജ്ജുനന്റെ ഈ അഹങ്കാരം തീര്‍ത്തു കൊടുക്കുകയും വേണം.

അര്‍ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയില്‍ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാന്‍ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാന്‍ ഒരു വഴി കണ്ടു.

ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്‌നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്‌നി പ്രസവിക്കുകയും ആ കുട്ടികള്‍ എല്ലാം മരണപ്പെടുകയും ചെയ്തു. ഇതില്‍ മനംനൊന്തു ഇതിനൊരു പരിഹാരത്തിനായി ബ്രാഹ്മണന്‍ പാണ്ഡവ സന്നിധിയില്‍ വന്നു സങ്കടമുണര്‍ത്തിച്ചു.
ഇത് കേട്ട് അര്‍ജ്ജുനന്‍ ഇതിനു പരിഹാരം കാണാം എന്ന് ബ്രാഹ്മണന് വാക്ക് കൊടുത്തു.
ബ്രാഹ്മണ പത്‌നിയുടെ ഒമ്പതാമത്തെ പ്രസവ സമയം അര്‍ജ്ജുനന്‍ അവരുടെ വീടിനു പുറത്തു കാവല്‍ നിന്നു.

സങ്കടമെന്നു പറയട്ടെ ആ കുട്ടിയും പ്രസവത്തോടെ മരിച്ചു. ഇതില്‍ ദുഃഖിതനായ ബ്രാഹ്മണന്‍ പാണ്ഡു പുത്രനെ പലവിധത്തില്‍ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.
ഇത് കേട്ട് ലജ്ജിതനായ അര്‍ജുനന്‍ ബ്രാഹ്മണനു ഒരു വാക്ക് കൊടുത്തു.
അടുത്ത പ്രസവ സമയത്തു കുട്ടിയെ രക്ഷിക്കാം എന്നും അതിനു സാധിച്ചില്ലെങ്കില്‍ ഞാന്‍ സ്വയം ചിത ഒരുക്കി, അതില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും സത്യം ചെയ്തു.
അതിനു ശേഷം ബ്രാഹ്മണ പത്‌നി വീണ്ടും ഗര്‍ഭം ധരിക്കുകയും പ്രസവസമയം അര്‍ജ്ജുനന്‍ വന്നു അവരുടെ വീടിനു ചുറ്റും ദിവ്യാസ്ത്രങ്ങളാല്‍ ശക്തി സുരക്ഷാ കവചം സൃഷ്ടിക്കുകയും ചെയ്തു. ഒരു സൂക്ഷ്മാണുവിന് പോലും കടക്കാന്‍ പറ്റാത്തവിധം ബന്ധനസ്ഥമായിരുന്നു അത്. കൂടാതെ അര്‍ജ്ജുനന്‍ വീടിനു കാവലിരിക്കുകയും ചെയ്തു.

അത്ഭുതമെന്നേ പറയേണ്ടു… ഈ പ്രസവാനന്തരം കുട്ടിയെ ഉടലോടെ തന്നെ കാണാതായി. ഇതു കണ്ടു സങ്കടവും ദേഷ്യവും സഹിക്കാതെ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ പലവിധം ശപിച്ചു കൊണ്ടിരുന്നു. വില്ലാളി വീരനാണ്, ഉത്തമ ഭരണാധികാരി ആണ്, പ്രജകള്‍ക്ക് ഒരു വിഷമവും വരുത്താത്തവനാണ്, പിന്നെ എന്തൊക്കെ ആയിരുന്നു വീമ്പ്. ഇപ്പോള്‍ എന്തായി, മുന്‍പ് എനിക്കെന്റെ മക്കളുടെ ഉടലെങ്കിലും കാണാമായിരുന്നു. ഇപ്പോള്‍ താങ്കള്‍ കാരണം അതും നഷ്ടമായി, എന്നൊക്കെ പറഞ്ഞു അര്‍ജ്ജുനനോട് അരിശം തീര്‍ത്തു കൊണ്ടിരുന്നു.

ഇത് കണ്ടും, ബ്രാഹ്മണന്റെ വാക്കു കേട്ടും വിഷമം സഹിക്കാതെ അര്‍ജ്ജുനന്‍ പല സ്ഥലങ്ങളിലും കുട്ടിയെ അന്വേഷിച്ചു നടന്നു, അവിടെയൊന്നും കാണാതെ പാര്‍ത്ഥന്‍ നേരെ യമലോകത്തു പോയി. അവിടെയും കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് യമരാജനോട് അന്വേഷിച്ചപ്പോള്‍ കുട്ടിയെ ഞാന്‍ കൊണ്ട് വന്നിട്ടില്ലെന്നും കുട്ടിക്ക് മരണസമയം ആയിട്ടില്ലെന്നും അറിയിച്ചു.
അവിടെ നിന്ന് നിരാശനായി അര്‍ജ്ജുനന്‍ വീണ്ടും ബ്രാഹ്മണ സവിധം വരികയും, തന്നെ കൊണ്ട് കുട്ടിയെ തിരിച്ചു തരാന്‍ സാധിക്കില്ലെന്നും,ക്ഷമിക്കണമെന്നും അപേക്ഷിക്കുകയും, സത്യം പാലിക്കുവാന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്യുവാന്‍ അതിലേക്കു ചാടാന്‍ പോകുകയും ചെയ്തു.

അന്നേരം ശ്രീകൃഷ്ണന്‍ ഓടിവന്നു അര്‍ജ്ജുനന്റെ കൈയില്‍ പിടിച്ചു. എന്നിട്ടു പാര്‍ത്ഥനോട് , ‘എന്തായാലും ഇത്രയായി, ഇനി എന്റെ കൂടെ ഒരു സ്ഥലം കൂടി പോയി അന്വേഷിച്ചു വരാം’ എന്ന് പറഞ്ഞു.

കുരുക്ഷേത്ര യുദ്ധ സമയത്തു ഞാന്‍ പാര്‍ത്ഥന്റെ സാരഥി ആയി, എന്നാല്‍ ഈ യാത്രയില്‍ പാര്‍ത്ഥന്‍ എന്റെ സാരഥി ആവട്ടെയെന്നും പറഞ്ഞു. അര്‍ജ്ജുനന്‍ തെളിച്ച തേരില്‍ അവര്‍ അവിടെ നിന്ന് യാത്ര തിരിച്ചു. ദൂരം കുറെ കഴിഞ്ഞു, ഭൂമിയും, ആകാശവും, ലോകങ്ങളും,എല്ലാം കഴിഞ്ഞു അവസാനം കൂരാ കൂരിരുട്ടായി. അന്നേരം അര്‍ജ്ജുനന് ഭയമാകുകയും, അതിനു പോംവഴിയായി ഭഗവാന്‍ സുദര്‍ശന ചക്രം വരുത്തി. സുദര്‍ശന ചക്രത്തിന്റെ പ്രഭയില്‍ ഇരുട്ടുമാറുകയും അവര്‍ വീണ്ടും യാത്ര തുടരുകയും ചെയ്തു. അവസാനം അവര്‍ എത്തിച്ചേര്‍ന്നത് പാലാഴി നടുവിലായി ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന ഏഴു ഗോപുരങ്ങളോടെയുള്ള വൈകുണ്ഠത്തിലാണ്. അവിടെ അവര്‍ ആദിശേഷനായ അനന്തനു കീഴെ ശ്രീദേവി ഭൂദേവി സമേതനായ സാക്ഷാല്‍ പരബ്രഹ്മ സ്വരൂപനായി ശംഖു ചക്ര ഗദാ പത്മ ധാരിയായ ശ്രീഹരി വിഷ്ണുവിനെ കണ്ടു.

അത്യന്തം അത്ഭുത ദര്‍ശനം. കൂടെ കാണാതാവുകയും, മരിക്കുകയും ചെയ്ത ബ്രാഹ്മണന്റെ കുട്ടികള്‍ ഭഗവാന്റെയും ദേവിമാരുടെയും കൂടെ കളിച്ചു കൊണ്ടിരിക്കുന്നു! നരനാരായണന്മാര്‍ ഭഗവാനെ സാഷ്ടാംഗം വണങ്ങി, ഭഗവാന്‍ ഇങ്ങനെയൊക്കെ സംഭവിക്കാനിടയായ കാര്യം അര്‍ജ്ജുനന് പറഞ്ഞു കൊടുക്കുകയും ചെയ്തു. അഹങ്കാരം ശമിച്ച അര്‍ജ്ജുനന്‍ ഭഗവാന്റെ അനുഗ്രഹം വാങ്ങി കുട്ടികളെയും കൊണ്ട് കൃഷ്ണന്റെയൊപ്പം ഭൂലോകത്തേക്കു പോയി. അവിടെ ചെന്ന് ബ്രാഹ്മണന് പത്തുകുട്ടികളെയും കൊടുത്തു. ഇതെല്ലാം കണ്ടു സന്തോഷവാനായ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ ആനന്ദാശ്രുക്കളാല്‍ അനുഗ്രഹിച്ചു.അങ്ങനെ വിഷ്ണു ഭഗവാന് നരനാരായണന്മാരെ ഒരുമിച്ചു കാണുവാനും കൃഷ്ണന് അര്‍ജ്ജുനന്റെ അഹങ്കാരം മാറ്റാനും സാധിച്ചു.

അത്യപൂര്‍വ്വ ഭാവമായാണ് ഭഗവാന്റെ സന്താന ഗോപാല മൂര്‍ത്തി ഭാവത്തെ വാഴ്ത്തുന്നത്. ശ്രീദേവി ഭൂദേവി സമേതനായ അനന്ത ശായിയായ ഭഗവാനെയും നര നാരായണന്മാരെയും ഒരുമിച്ചു കാണുന്നത് തന്നെ പുണ്യം.

Related Posts