സ്പെഷ്യല്‍
ദിനംപ്രതി നന്നായി വളരുന്ന മുളകള്‍ കണ്ട് കണ്ണന്‍ നൃത്തം വെക്കും!; ഗുരുവായൂര്‍ ഉത്സവചടങ്ങുകളെക്കുറിച്ച് ക്ഷേത്രം കീഴ്ശാന്തി എഴുതുന്നു

ഇക്കൊലത്തെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രവരി 27 വ്യാഴാഴ്ച സമാരംഭിക്കുന്നു. അനുഗ്രഹ കലകള്‍ ശയിക്കുന്നത് കൊണ്ട് കലശം എന്ന് പറയുന്നു. അങ്ങിനെ ഒന്നല്ല ആയിരത്തിലധികം കലശങ്ങള്‍ കണ്ണന് അഭിഷേകം ചെയ്യുന്ന ദിവ്യോത്സവമാണ് ഗുരുവായൂര്‍ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ശുദ്ധി ചടങ്ങുകളുടെ ഭാഗമായി ഈ കലശാഭിഷേകം നടത്തുന്നു.

ക്ഷേത്ര മതില്‍ക്കകത്ത് എന്തെങ്കിലും അശുദ്ധി സംഭവിച്ചാല്‍ അപ്പപ്പോള്‍ തന്നെ അതിനാവശ്യമായ ശുദ്ധികര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. അപ്പോള്‍ പിന്നെ മാസംതോറും നടത്തുന്ന ശുദ്ധിയും ആണ്ടിലൊരിക്കല്‍ നടത്തുന്ന ഉത്സവശുദ്ധികര്‍മ്മങ്ങളും എന്തിനാണെന്ന് ചിലര്‍ക്കെങ്കിലും സംശയം വരാം.
പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാതെയും, അറിയാനിടയാകാതെയും, ചില അശുദ്ധികളൊ അപാകതകളോ, സംഭച്ചിട്ടുണ്ടെങ്കില്‍ അതിനും കുടിയുള്ള, പരിഹാരങ്ങളും, പ്രായശ്ചിത്തങ്ങളുമാണ് ഉത്സവ ശുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്.
നമ്മുടെ നഗ്‌ന നേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത അശുദ്ധികളും വരാം.എന്തെല്ലാമാണ് ഈ അശുദ്ധികള്‍. കാണാന്‍ കഴിയാത്ത ചെറു പ്രാണികളും, മറ്റ് ക്ഷുദ്ര ജീവജാലങ്ങളും, ക്ഷേത്രത്തില്‍ പ്രവേശിച്ച് അവക്ക് ജീവഹാനി സംഭവിക്കു.അന്യരുടെ മുതല്‍ അപഹരിക്കുന്ന ചോരന്മാര്‍ (കള്ളന്‍ന്മാര്‍) ക്ഷേത്രത്തില്‍ പ്രവേശിക്കുക. ഇവരെ പോലുള്ള ഇതര അനര്‍ഹരായ ചിന്താ മനസ്‌ക്കര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക.

ക്ഷേത്രത്തില്‍ വെച്ച് അസത്യമായ സംഭവങ്ങള്‍ പറയുക. ചിന്തിക്കുക. ഉച്ചത്തിലും ക്ഷോഭിച്ചും സംസാരിക്കുമ്പോഴുണ്ടാകുന്ന അപശബ്ദങ്ങള്‍ മൂലം പരിസരം മലിനീകരണം സംഭവിക്കുക.മനസ്സില്‍ നീചമായ ചിന്തകള്‍ ഉണ്ടാവുക. ക്ഷുദ്രാന്യ മന്ത്ര യജനം, ദേവന് അനുയോജ്യമല്ലാത്ത, ജല, ഗന്ധ, പുഷ്പം എന്നിവ കൊണ്ടുള്ള പൂജ, സമര്‍പ്പണം, ഇവയെല്ലാം തന്ത്രശാസ്ത്രത്തില്‍ പറഞ്ഞ അശുദ്ധി കാരണങ്ങളാണ്.
ഈ അശുദ്ധികള്‍, ഭൗതികമായും, മാനസികമായും പരിഹരിക്കുന്ന യജ്ഞമാണ് ശുദ്ധി ക്രിയകള്‍. അതിനായി, അടിച്ചുവാരുക, കഴുകുക, നിറം പിടിപ്പിക്കുക എന്നിവയും, വേദമന്ത്രജപം, ഹോമം, പൂജ, കലശം എന്നിവയെല്ലാം ഭൗതിക മാനസിക ശുദ്ധിക്കായി ചെയ്യുന്നു.
ശ്രീ അമ്പാടി കണ്ണന്റെ സഹസ്രകലശത്തിന്റെ പ്രാരഭമായി നടക്കുന്ന ആദ്യ ചടങ്ങാണ് ആചര്യവരണം. 27-2-20 ന് ദീപാരാധനക്ക് ശേഷം നവഗ്രഹങ്ങള്‍ ശുഭമായി നില്‍ക്കുന്ന മുഹൂര്‍ത്തില്‍ ഗണപതി പൂജക്ക് ശേഷമാണ് ആചര്യനെ (തന്ത്രിയെ) വരിക്കുന്നത്.

വിഷ്ണു യാഗമായ സഹസ്രകലശം നിര്‍വിഘ്‌നം നടത്തി തരുവാന്‍ ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു. ക്ഷേത്ര ഊരാളന്‍ മല്ലിശ്ശേരി മനയിലെ കാരണവര്‍ ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി യാണ് ക്ഷേത്ര ആചാര്യന്‍ ബ്രഹ്മശ്രീ ചേന്നാസ്സ് വാസുദേവന്‍ നമ്പൂതിരി പ്പാടിനെ ആചാര്യനായി വരിക്കുന്നത്. പത്രതാബൂലാദികളും, ഇണ വസ്ത്രവും, പവിത്രവും കൊടുത്ത് സഹസ്രകലശം ഭംഗിയായി നടത്തി തരുവാനുള്ള പ്രാര്‍ത്ഥനയും ചൊല്ലി ആചര്യവരണം നടത്തുന്നു.
ആചാര്യവരണത്തിന് ശേഷം, എഴാം ദിവസം കണ്ണന് അഭിഷേകം ചെയ്യുന്ന അമൃതകുംഭത്തിന് ചുറ്റും വെക്കുവാനുള്ള പതിനാറ് അമൃത കല പ്രതീകങ്ങളായ പാലികകളില്‍ വിത്ത് വിതച്ച് വെള്ളം, വളം എന്നിവ നല്‍കി നട്ടു വളര്‍ത്തുന്നു.ഈ പൂജാ ക്രിയകള്‍ക്ക് മുളയിടല്‍ എന്ന് പറയുന്നു.

സഹസ്രകലശങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ബ്രഹ്മകലശത്തിനു ചുറ്റും വെക്കുവാന്‍ വേണ്ടിയുള്ള മുളകള്‍ വളര്‍ന്ന് പാകമാകാന്‍ വേണ്ടി തന്ത്രി ഏഴ് ദിവസം മുമ്പ് അങ്കുരാരോപണം നടത്തുന്നു.
അങ്കുരാരോപണ പൂജക്ക് വേണ്ടതായതെല്ലാം ആചര്യ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം കീഴ്ശാന്തി പരികര്‍മ്മിമാര്‍ ഒരുക്കി വെക്കുന്നു.
മുളയറ വൃത്തിയാക്കി മന്ത്രപൂര്‍വ്വം ശുദ്ധി ചെയ്താല്‍ മുളിയിടുവാനുള്ള പതിനാറ് പാലികള്‍ വെക്കുവാനുള്ള പത്മം ഇടുന്നു. അരിപ്പൊടിയും മഞ്ഞപ്പൊടിയും ഉപയോഗിച്ച് തയ്യാറാക്കിയ പതിനാറ് പത്മപീഠങ്ങളില്‍ നെല്ല് വിരിച്ച് കുറുമ്പുലിട്ട് പീഠം വിരിക്കുന്നു.
പീഠത്തിന് മുകളില്‍, പതിനാറ് മുളമ്പാലികകള്‍ മന്ത്രപൂര്‍വ്വം ജലം കൊണ്ട് കഴുകി, മന്ത്രനൂല്ല് കെട്ടി തളിര് ആലിലയും മാവിലയും,കറുകയും കെട്ടി അലങ്കരിച്ച് അഗ്‌നി കോണു മുതല്‍ ഈശാന കോണു വരെ യഥാവിധി ക്രമത്തില്‍ വെക്കുന്നു.
പാലികയില്‍ എല്ലാം തന്നെ ആദ്യം പുറ്റുമണ്ണ് അതിന് മുകളില്‍ മണല്‍, അതിനു പരി ചാണക പൊടി എന്നിവ ക്രമത്തില്‍ നിറക്കണം. ദര്‍ഭ പുല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂര്‍ച്ചം പാലികയുടെ നടുക്ക് ഉര്‍ദ്ധ്വാഗ്രമായി വെക്കണം.കൂര്‍ച്ചം ഇഡ, പിംഗള സുഷുമ്‌നാ നാഡീ പ്രതീകങ്ങളും, ഭര്‍ഭാഗ്രം സഹസ്രാര പ്രതീകവുമാണ്. മുള ദ്രവ്യങ്ങള്‍ എല്ലാം ഒന്നിച്ച് കൂട്ടി പാലുകൊണ്ടും, ജലം കൊണ്ടും മന്ത്രപൂര്‍വ്വം കഴുകണം..
പിന്നീട് മുഹൂര്‍ത്ത പ്രായശ്ചിത്തങ്ങള്‍ ചെയ്ത് ബീജാങ്കുരദേവതമാരുടെ പ്രീതിക്കായി നാന്ദീ മുഖം ചെയ്യണം. ബീജങ്ങള്‍ നിറച്ച പാത്രത്തിന് പാത്ര പൂജയും, ബീജങ്ങളില്‍ സോമപൂജയും ചെയ്യുന്നു.

മുളദ്രവ്യങ്ങളും, ദ്രവ്യ ദേവതാ സങ്കല്‍പ്പവും.
1. നവര-ആദിത്യന്‍
2.ഉഴുന്ന് – ഇന്ദ്രന്‍
3. യവം-ബ്രഹ്മാവ്
4. തിന-സ്‌കന്ദന്‍
5. എള്ള്:-യമന്‍
6. തുമര-വായു,
7. മുതിര- അഗ്‌നി.
8.ചെറുപയര്‍- വിഷ്ണു
9. കടുക്.- ശിവന്‍
10. അമര-ശ്രീഭഗവതി
11. ചാമ-സോമന്‍
12.വലിയപയറ്-വരുണന്‍.
എന്നിവയാണ് പന്ത്രണ്ട് മുള ദ്രവ്യങ്ങള്‍

ആചാര്യവരണം,മുളയിടല്‍ എന്നിവക്ക് ശേഷം അടുത്ത ദിവസം ദീപാരാധനക്ക് ശേഷം ‘പ്രാസദ ശുദ്ധി ‘ നടത്തുന്നു. പ്രാസദം എന്നാല്‍ കാണുമ്പോള്‍ പ്രസാദത്തെ സന്തോഷത്തെ ഉണ്ടാക്കുന്നത് എന്നാണര്‍ത്ഥം. അപ്പോള്‍ പ്രാസദം ശില്പ കലകളാലും ,കപോല മാല, ഭൂത മാല, എന്നിവയാലും, ചുമര്‍ചിത്രങ്ങളാലും അലംകൃതമായിരിക്കും.
അതെ, ശ്രീ ഗുരുവായൂര്‍ കണ്ണന്റെ ശ്രീകോവിലിന്റെ പ്രാസദ ഭഗമായ, തറ ഭിത്തി, സോപാനപടികള്‍, ഓവ്, എന്നിവയെല്ലാം കലകളാല്‍ അലംകൃതമാണ്.തെക്ക് ഭാഗത്തെ ഭിത്തിയിലെ ചുമര്‍ചിത്രങ്ങള്‍ ശിവമയമാണ്. അവിടെ ഉണ്ണിഗണപതി, ബാല മുരുകന്‍,ശങ്കര മോഹനം, കിരാതം, നടരാജനടനം, തുടങ്ങിയ ചുമര്‍ ചിത്രങ്ങള്‍ പഞ്ചവര്‍ണ്ണത്താല്‍ അലംങ്കരിച്ചിരിക്കുന്നു.
ശ്രീകോവിലിന്റെ ചുമരിന്റെ മുകള്‍ ഭാഗം ഭൂതമാല, കപോല മാല എന്നിവയാല്‍ അലംകൃതമാണ്. അതിന് മുകളില്‍, എല്ലാറ്റിനം സാക്ഷിയായി , സദാശിവമൂര്‍ത്തിയുടെ സുന്ദരമായ ഒരു പ്രതിമയും ഉണ്ട്.
ഇപ്രകാരം വിവിധ അലങ്കാരങ്ങളോടുകൂടിയ പ്രാസാദം കാണുമ്പോള്‍ ആര്‍ക്കാണ് പ്രസദം ഉണ്ടാകാതിരിക്കുക?. കണ്ണനിരിക്കുന്ന, ശ്രീകോവിലിന്റെ ഗര്‍ഭഗൃഹം, അതിന് ചുറ്റുമുള്ള ഇടനാഴിക, മുഖമണ്ഡപം, പുറത്തെ പ്രാസാദം എന്നിവ വൃത്തിയാക്കി മന്ത്രപൂര്‍വ്വം, ക്രിയാ പൂര്‍വ്വം, പലതരം അനുയോജിമായ ദൃവ്യങ്ങളാല്‍ ശുദ്ധി ചെയ്യുന്ന ക്രിയക്ക് പ്രാസദ ശുദ്ധി എന്ന് പറയുന്നു. നൂല്ല്, മാല, മുഷ്ടി,ഗോമയ ജലം, കടുക്, ഗോമയം പഞ്ചഗവ്യം, പുഷ്പം, അക്ഷതം, ദര്‍ഭാഗ്രം, മുള പൊട്ടിയ വിത്ത് എന്നിവയാണ് ശുദ്ധി ദ്രവ്യങ്ങള്‍.

മുളയിടലും, പൂജയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പാടി കണ്ണന്‍ നൃത്തം വെച്ച് കൃഷ്ണനാട്ടത്തിന്റെ ചുവടുകള്‍ വെച്ച് ശ്രീ മാനവേദന്‍ തമ്പുരാന് ദര്‍ശനം നല്‍കിയ ഒരു അറയുണ്ട്. ആ മുറിക്ക് നൃത്തം എന്ന് പറയുന്നു. സകലകലാവല്ലഭനായ ഉണ്ണിക്കണ്ണന്റെ ഇഷ്ട കലയാണ് കൃഷ്ണനാട്ടം.വില്വമംഗലം സ്വാമിയാരുടെ അകമഴിഞ്ഞ അനുഗ്രഹാശിസുകള്‍ കൊണ്ട് സാമൂതിരിക്ക് കണ്ണനെ കാണാനും സ്പര്‍ശിക്കാനുമുള്ള ഭാഗ്യം ലഭിച്ചു. അന്ന് കൈവന്ന ഒരു വര്‍ണ്ണമയില്‍പ്പീലി കഷ്ണനാട്ടത്തിന്റെ കൃഷ്ണ കിരീടത്തിന് അലങ്കാരമായി. ഈനൃത്ത മുറിയുടെ കിഴക്ക് വശത്താണ് മുളയറ.ദിനംപ്രതി നന്നായി വളരുന്ന മുളകള്‍ കണ്ട് കണ്ണന്‍ നൃത്തം വെക്കും. കൃഷ്ണ ഭക്തന്മാരായ വില്വമംഗലം സ്വാമിയാരുടേയും, വര്‍ണ്ണമയില്‍ പ്പീലിയും ആലേഖനം ചെയ്ത ഒരു ചുമര്‍ചിത്രം ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
മുളയറ സൂര്യപ്രകാശം തട്ടാത്ത വിധത്തില്‍ മറച്ച് കെട്ടി തോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്നു. മുളയിടുന്ന സ്ഥലം നൂല്ലും, മേഖലയും കൊണ്ട് കെട്ടി വേര്‍തിരിക്കും. മുളയിടല്‍ കഴിഞ്ഞാല്‍ നിത്യവും ത്രികാല പൂജ ഉണ്ടാകും. ഓതിക്കന്മാരാണ് നിത്യപൂജ കഴിക്കുന്നത്. അഷ്ടഗന്ധവും, മഞ്ഞളും ചേര്‍ത്ത ജലം കൊണ്ട് എല്ലാ ദിവസവും നനക്കണം. ഓരോ ദിവസവും ഓഷധീശനായ, നക്ഷത്രാധിപതിയായ, സോമദേവനേയും, പരിപാലന കര്‍ത്താവായ വിഷ്ണുവിനേയും പൂജിക്കുന്നു. ഓരോ ദിവസവും രാത്രി പൂജ കഴിഞ്ഞാല്‍ ഏഴ് ഗ്രഹങ്ങള്‍ക്ക് ബലി തൂവണം.

ബലിഗ്രഹദേവതകള്‍:

1. ഭൂതഗ്രഹം
2. പിതൃ ഗ്രഹം
3. യക്ഷഗ്രഹം
4. നാഗഗ്രഹം
5. ബ്രഹ്മ ഗ്രഹം
6.ശിവഗ്രഹം
7. വിഷ്ണുഗ്രഹം.
ഇപ്രകാരം ഭൂതപിതൃയക്ഷനാഗബ്രഹ്മ ശിവ വിഷ്ണുപര്യന്തം ബലിതൂവി മുളപൂജ നിര്‍വ്വഹിക്കുന്നു.

തയാറാക്കിയത്:

ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി
(ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി)

Related Posts