സ്പെഷ്യല്‍
അയ്യപ്പാനുഗ്രഹത്താല്‍ ആഗ്രഹിച്ചകാര്യം സാധിച്ചു; 18000 നാളികേരത്തിന്റെ നെയ്യഭിഷേകം നടത്താനൊരുങ്ങി ഭക്തന്‍

ശബരിമലയില്‍ 18000 നാളികേരത്തിന്റെ നെയ്യഭിഷേകം അഞ്ചിന് പുലര്‍ച്ചെ നാലിന് നട തുറന്ന ശേഷം നടക്കും. ശബരിമലയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഭക്തന്‍ ഇത്രയും നാളികേരത്തിന്റെ നെയ്യഭിഷേക വഴിപാട് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ബാംഗ്‌ളൂര്‍ സ്വദേശിയായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്തനാണ് വഴിപാട് നടത്തുന്നത്. അഭിഷേകത്തിനുള്ള നാളികേരവും നെയ്യും പമ്പയിലെത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പമ്പയില്‍ നെയ് നിറച്ച നാളികേരം ഇന്നലെ മുതല്‍ സന്നിധാനത്തേക്ക് ട്രാക്ടറില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. വഴിപാട് നിരക്കായ 18 ലക്ഷം രൂപ ഭക്തന്‍ ഡി.ഡിയായി ദേവസ്വം ബോര്‍ഡിന് അടച്ചു.

വര്‍ഷങ്ങളായി ദര്‍ശനം നടത്തുന്ന ഭക്തന്‍, അയ്യപ്പാനുഗ്രഹത്താല്‍ ആഗ്രഹിച്ച കാര്യം സാധിച്ചതിനുള്ള വഴിപാടെന്നാണ് അറിയിച്ചിട്ടുള്ളത്. പതിനെട്ട് പടികളെയും മലകളെയും സങ്കല്‍പ്പിച്ചാണ് 18000 നാളികേരത്തിന്റെ നെയ്യഭിഷേകം. നെയ്യഭിഷേക ദിവസം ഇദ്ദേഹം ദര്‍ശനത്തിനെത്തുമോ എന്നറിയിച്ചിട്ടില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍ പറഞ്ഞു.

 

Related Posts