ശബരിമല സ്‌പെഷ്യല്‍
പതിനെട്ടുപടികളും ചവിട്ടിയാല്‍

വേദശാസ്ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തെതന്നെയാണ് സത്യമായ ‘പൊന്നു പതിനെട്ടാംപടി’യും സൂചിപ്പിക്കുന്നത്.ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി ചവിട്ടുവാന്‍ പറ്റൂ. അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങയുടച്ച് വലതുകാല്‍വെച്ച് കയറുന്നു.

ധ്യാനനിരതനായ ഭക്തന്റെ മനസ്സ് ‘സ്ഥൂല’ ‘സൂക്ഷ്മ’ ശരീരങ്ങള്‍ ഭേദിച്ച് യഥാര്‍ഥമെന്നു കരുതുന്ന ‘ഭകാരണത്തി’ലെത്തി ലയിക്കണം. ഇതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് തേങ്ങയുടയ്ക്കല്‍ ചടങ്ങ്. ഇവിടെ തേങ്ങയുടെ ചിരട്ട ‘സ്ഥൂല’ ശരീരത്തെയും പരിപ്പ് ‘സൂക്ഷ്മ’ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.

പതിനെട്ടാംപടി കടന്നുചെന്നാല്‍ കാണുന്നത് ഭട്ടബന്ധം പൂണ്ട് യോഗസമാധിപ്പൊരുളായി ചിന്മുദ്രയും കാട്ടി’ ഇരിക്കുന്ന അയ്യപ്പനെയാണ്. പടികള്‍ ചവുട്ടിക്കയറാനുള്ള യോഗ്യത നേടലാണ് വ്രതകാലത്ത് ഭക്തന്‍ ചെയ്യേണ്ടത്. ശ്രദ്ധ, വീര്യം, സ്മൃതി, സമത്വബുദ്ധി എന്നിവയാണോ യോഗ്യത. യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ.

വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക, ബ്രഹ്മചര്യം, അന്യരില്‍നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക (അപരിഗ്രഹ) എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ് യമനിയമങ്ങള്‍.

പൂങ്കാവനത്തില്‍ 18 മലകളാണുള്ളത്. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നാണ് വിശ്വാസം. പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്.

കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മൈലാടുംമേട്, തലപ്പാറ, നിലയ്ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണ് പതിനെട്ടു മലകള്‍. ഒരു സാധാരണ വിശ്വാസിക്ക് അഗമ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ല, മോക്ഷപ്രാപ്തിക്കുമുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു.

പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യപാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില്‍ നിന്ന് മോചനം നേടാനാവൂ.

18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളും അഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും 18 എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്.

Related Posts