ശബരിമല സ്‌പെഷ്യല്‍
അയ്യപ്പ സന്നിധിയിലെ പൂജകള്‍

അയ്യപ്പ സന്നിധിയിലെ പൂജകള്‍ തുടങ്ങുന്നത് പുലര്‍ച്ചേ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെയാണ്. മേല്‍ശാന്തി ശ്രീകോവിലിനു പ്രദിക്ഷണമായി വന്ന് സോപാനത്തന് നമസ്‌ക്കരിച്ച് മണിയടിച്ച് തിരുനട തുറക്കുന്നതോടെ ഭക്തരുടെ ഒരു ദിവസത്തെ ദര്‍ശനം തുടങ്ങുകയാണ്.

ശ്രീകോവിലിലെ നെയ്‌വിളക്കുകള്‍ കത്തിക്കുന്നതോടെ നിര്‍മാല്യ ദര്‍ശനം തുടങ്ങി. പിന്നീട് ഉപദേവന്മാരായ ഗണപതിക്കും നാഗര്‍ക്കും വിളക്കുതെളിയിച്ച് ശ്രീകോവിലില്‍ തിരിച്ചെത്തി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് നിര്‍മാല്യം മാറ്റും.

ഭസ്മം, പാല്‍, തേന്‍, പഞ്ചാമൃതം, കരിക്കിന്‍വെള്ളം, പനനീര്‍ തുടങ്ങിയവ അഭിഷേകം ചെയ്യും. അയ്യപ്പ വിഗ്രഹം തുടച്ച് നീലപ്പട്ടും പൂമാലയും ചാര്‍ത്തി ചന്ദനം തൊടീച്ച് അവല്‍, മലര്‍, തൃമധുരം എന്നിവ നേദിക്കും. തുടര്‍ന്നു പട്ടുംമാലയും മാറ്റി സ്വര്‍ണക്കുടത്തില്‍ നിറച്ച നെയ്യ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭഗവാന് അഭിഷേകം ചെയ്യും.

തുടര്‍ന്ന് മേല്‍ശാന്തി മേല്‍ശാന്തി മലര്‍ നിവേദ്യം നടത്തി നെയ്യഭിഷേകം പുനഃരാരംഭിക്കും. ഇതോടൊപ്പം തന്ത്രി കിഴക്കേ മണ്ഡപത്തില്‍ എത്തി മഹാഗണപതി ഹോമം തുടങ്ങും. ഏഴുമണിയോടെ നെയ്യഭിഷേകം നിര്‍ത്തി ഉഷഃപൂജക്കുള്ള തയാറെടുപ്പു തുടങ്ങും. എന്നും രാവിലെ 7.30ന് ഉഷഃപൂജ നടക്കും.

ശബരിമലയില്‍ മറ്റെല്ലാ പൂജകളും ഭക്തരുടെ തിരക്കിന് അനുസരിച്ച് സമയം മാറ്റുമെങ്കിലും ഉഷഃപൂജയുടെ സമയം ഒരിക്കലും മാറ്റാറില്ല. ഉഷഃപൂജ കഴിഞ്ഞ് നെയ്യഭിഷേകം പുനഃരാരംഭിക്കും. മാസപൂജാകാലത്ത് ഉഷഃ പൂജയോടൊപ്പം ഉദയാസ്തമന പൂജയും തുടങ്ങും. തുടര്‍ന്ന് 15 പൂജകള്‍ക്കു ശേഷമേ നെയ്യഭിഷേകം പുനഃരാരംഭിക്കുകയുള്ളു.

പന്ത്രണ്ടരയോടെയാണ് ഉച്ചപൂജ തുടങ്ങുക. മാസപൂജക്ക് സഹസ്രകലശാഭിഷേകവും കളഭാഭിഷേകവും ഉള്ളതിനാല്‍ 11 മണിയോടെ ചടങ്ങുകള്‍ തുടങ്ങും. തന്ത്രി പീഠപൂജ കഴിച്ച് സ്‌നാനകാലഘട്ടത്തില്‍ സഹസ്രകലശാഭിഷേകം നടത്തും. സഹസ്രകലശം ഇല്ലാത്തപ്പോള്‍ 25 കലശമാണ് അഭിഷേകം ചെയ്യുക.

തുടര്‍ന്ന് ഉച്ചപൂജയുടെ നിവേദ്യം. ഉപദേവന്മാര്‍ക്കും നിവേദ്യം കഴിച്ച് പ്രദക്ഷിണമായി പതിനെട്ടാംപടിയില്‍ മലദേവതകള്‍ക്ക് ബലി തൂകി അഗ്‌നികോണില്‍ വൈശ്യം തൂകി കാലുകഴുകി ആചമിച്ച് സോപാനത്തില്‍ നമസ്‌ക്കരിച്ച് മമിയടിച്ച് ശ്രീകോവിലില്‍ കയരി നിവേദ്യം പൂര്‍ത്തിയാക്കി പ്രസന്ന പൂജക്കായി നടഅടയ്ക്കും. തുടര്‍ന്ന് മഹാദീപാരാധനയും പ്രസാദ വിതരണത്തോടെ ഉച്ചപൂജ പൂര്‍ത്തിയാക്കി നടഅടയ്ക്കും.

വൈകിട്ട് നാലിന് നടതുറന്ന് വിളക്കു തെളിയിച്ച് ഭഗവാന് മലര്‍ നിവേദ്യം നടത്തും. ഈ സമയത്താണ് മേല്‍സാന്തി അര്‍ച്ചനകള്‍ നടത്തുന്നത്. ആറരക്കാണ് ദീപാരാധന. ഉദയാസ്തമന പൂജയുള്ളപ്പോള്‍ ദീപാരാധന പൂജയായിട്ടാണ് നടത്തുന്നത്.

പ്രസന്ന പൂജ കഴിഞ്ഞ് നടതുറക്കുന്ന സമയത്ത് ചമയത്തോടെയാണ് സന്ധ്യാ ദീപാരാധന നടത്തുന്നത്. തുടര്‍ന്ന് പുഷ്പാഭിഷേകം നടക്കും. ഒപ്പം തന്ത്രിയുടെ കാര്‍മികത്വത്തില്‍ പടിപൂജയും. പത്തുമണിയോടെ മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ അത്താഴ പൂജ ആരംഭിച്ച് നിവേദ്യം സമര്‍പ്പിക്കും.

തിരിച്ചിറങ്ങി വാതില്‍ ചാരി ഉപദേവന്മാര്‍ക്കും നിവേദ്യം സമര്‍പ്പിക്കും. പടിപൂജയില്ലാത്ത ദിവസങ്ങളില്‍ പടിനെട്ടാംപടിക്കു മുകളില്‍ പടിക്കു മുകളില്‍ നിന്ന് മലദൈവങ്ങളെ ശരണം വിളിച്ച് പ്രാര്‍ഥിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി കാല്‍ കഴുകി നമസ്‌കരിച്ച് ശ്രീകോവിലില്‍ കയറി നിവേദ്യം മുഴുവനാക്കി പ്രസന്ന പൂജക്ക് അപ്പവും പാനകവും നിവേദിക്കും. പുഷ്പാജ്ഞലി കഴിച്ച് മഹാമംഗളാരതി നടത്തി ഭക്തര്‍ക്ക് പാനകം പ്രസാദമായി നല്‍കും. പൂജാ പാത്രങ്ങളും ശ്രീകോവിലും ശുദ്ധി വരുത്തി ഹരിവരാസനം ചൊല്ലി നടഅടയ്ക്കും.

Related Posts