സ്പെഷ്യല്‍
തങ്കയങ്കി ചാർത്തി ദീപാരാധന നാളെ; മണ്ഡലപൂജ 26-ന്

ശബരിമല : മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 25-ന് ഉച്ചയ്ക്ക് 1.30-ന് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് സന്നിധാനത്തേക്ക് തിരിക്കുന്ന തങ്കയങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കും.

പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് 6.30ന് ദീപാരാധന.

26-ന് ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്കയങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും.

വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.

Related Posts