സ്പെഷ്യല്‍
സ്‌പോട്ട് ബുക്കിംഗ് ലളിതമാക്കിയതോടെ അവസരം ഉപയോഗപ്പെടുത്തി അയ്യപ്പ ഭക്തർ

ശബരിമലയിൽ ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യം വർധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം കൂടി. തുടക്കത്തിൽ ഒരു ദിവസം സ്‌പോട്ട് ബുക്കിംഗിന് 5000 പേർ എന്ന് നിശ്ചയിച്ചിരുന്നത് പിന്നീട് ഏഴായിരം ആക്കി വർധിപ്പിച്ചിരുന്നു. കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് വരും ദിവസത്തെക്ക് നേരത്തെ തന്നെ പൂർണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് ദേവസ്വം ബോർഡും പോലീസും സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയത്. നേരിട്ട് ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്്.

എരുമേലിയിലും നിലയ്ക്കലും ഉള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്ക് ഉണ്ടായി. ഈ അയ്യപ്പ ഭക്തർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ തന്നെ ദർശന സൗകര്യം ഒരുക്കാനും കഴിഞ്ഞു. ദേവസ്വം ബോർഡ് പത്തിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്്.

ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്‌പോട്ട് ബുക്കിംഗിനായി ഒരുക്കിയത്. തീർഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്‌പോട്ട് ബുക്കിംഗ് നടത്താം. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ട് തീർഥാടകർ എത്താതിരുന്നാൽ തുടർന്നുള്ള ഒഴിവുകൾ സ്‌പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്.

രണ്ട് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ 72 മണിക്കൂർ മുൻപ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയാണ് ഭക്തർ കരുതേണ്ടത്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. അർഹമായ രേഖകളോടെ എത്തുന്ന ഏതൊരു തീർഥാടകനും അയ്യപ്പദർശനം ഉറപ്പാക്കിട്ടുണ്ട്.

Related Posts