സ്പെഷ്യല്‍
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് കൃത്തികേശ് വര്‍മ്മയും പൗര്‍ണ്ണമി.ജി വര്‍മ്മയും

വിഷ്ണു വാസുദേവന്‍

പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വര്‍ഷം പന്തളം കൊട്ടാരത്തില്‍ നിന്നും കൃത്തികേശ് വര്‍മ്മയും പൗര്‍ണ്ണമി ജി. വര്‍മ്മയും മല കയറും. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ മകയിരം നാള്‍ രാഘവവര്‍മ്മ തമ്പുരാനും കൊട്ടാരം നിര്‍വ്വാഹക സംഘം ഭരണസമിതിയും ചേര്‍ന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

2011 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കാന്‍ അയക്കുന്നത്. ശബരിമലയിലും മാളികപ്പുറത്തും ഒരു വര്‍ഷക്കാലം മേല്‍ശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം 1-ാം തിയതി (18/10/2022 ) സന്നിധാനത്തു വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.

ശബരിമല മേല്‍ശാന്തിയെ കൃത്തികേശ് വര്‍മ്മയും, മാളികപ്പുറം മേല്‍ശാന്തിയെ പൗര്‍ണ്ണമി.ജി. വര്‍മ്മയും നറുക്കെടുക്കും. പന്തളം മുണ്ടക്കല്‍ കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടേയും എറണാകുളം മംഗള മഠത്തില്‍ പാര്‍വ്വതീ വര്‍മ്മയുടേയും മകനാണ് കൃത്തികേശ് വര്‍മ്മ. എറണാകുളം ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൃത്തികേശ്.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഡോ. ഗിരീഷ് വര്‍മ്മയുടേയും ഇടപ്പള്ളി ലക്ഷ്മീ വിലാസത്തില്‍ സരിതാ വര്‍മ്മയുടേയും മകളാണ് പൗര്‍ണ്ണമി വര്‍മ്മ. ദോഹയിലെ ഡല്‍ഹി പബ്‌ളിക്ക് സ്‌ക്കൂള്‍ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പൗര്‍ണ്ണമി.ജി. വര്‍മ്മ.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടേയും അനുഗ്രഹത്തോടെ ഒക്ടോബര്‍ 17 ന് ഉച്ചക്ക് 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത് വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളും കൂടി ശബരിമലക്ക് യാത്ര ആരംഭിക്കും.

Related Posts