ശബരിമല സ്‌പെഷ്യല്‍
രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉള്ളവര്‍ മലകയറുമ്പോള്‍

അയ്യപ്പഭക്തര്‍ മലകയറ്റം ഏറെ ശ്രദ്ധിക്കേണ്ടതാണ്. വൃദ്ധരോടും രോഗബാധിതരോടുമൊപ്പം വരുന്നവര്‍ മുന്നില്‍ നടന്ന് മലകയറരുത്. പിന്നിലായവര്‍ മുന്നിലെത്തിയ തന്നോടൊപ്പമുള്ളവര്‍ക്കൊപ്പം കൂടുതല്‍ ആയാസപ്പെട്ട് മലകയറാന്‍ ശ്രമിക്കരുത്, അത് അപകടത്തിന് കാരണമാകും. ഇത്തരക്കാരോടൊപ്പം വരുന്നവര്‍ ഏപ്പോഴും അവര്‍ക്ക് പിന്നാലെ മാത്രമേ നടന്നുകയറാവൂ. ഒറ്റയടിക്ക് മലകയറി മികവ് പ്രകടമാക്കാന്‍ ശ്രമിക്കരുത്. ഇടയ്ക്കിടയ്ക്ക് വിശ്രമകേന്ദ്രത്തില്‍ ഇരുന്ന് ക്ഷീണമകറ്റിവേണം മലതാണ്ടാന്‍.

രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉള്ളവര്‍ മല കയറുമ്പോള്‍ ഡോക്ടറെ കണ്ട് ആരോഗ്യനില വിലയിരുത്തി, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്രം മലകയറാന്‍ തീരുമാനിക്കുക. സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ തുടര്‍ന്നു കഴിക്കുക. മലകയറുമ്പോള്‍ അമിത ആയാസം ഒഴിവാക്കണം. വയറുനിറച്ച് ഭക്ഷണം കഴിച്ചോ, വെള്ളം കുടിച്ചോ മലകയറരുത്.

വേഗത കുറച്ച് സാവധാനം മല കയറുക. ഇടയ്ക്കിടെ വിശ്രമിക്കണം. മത്സരം ഒഴിവാക്കുക. ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടുന്നതിന് മടിക്കരുത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങില്‍ സര്‍ക്കാര്‍ ആശുപത്രിയും അതിനോടനുബന്ധിച്ച് ഹൃദ്രോഗവിഭാഗത്തിന്റെ സേവനവും ലഭ്യമാണ്. വിവിധ സ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള ഓക്‌സിജന്‍ പാര്‍ലറിന്റെ സേവനവും ഉപയോഗപ്പെടുത്തുക.

Related Posts