സ്പെഷ്യല്‍
ദുരിതമോചനം നല്‍കുന്ന ഋഷിപഞ്ചമി ഇന്ന്‌

ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. സപ്തര്‍ഷികളെ പൂജിക്കേണ്ട ദിവസമാണ് ഋഷിപഞ്ചമിയെന്നാണു ഒരു വിശ്വാസം. ഇത്തവണത്തെ ഋഷി പഞ്ചമിവ്രതം സെപ്റ്റംബര്‍ 20 നാണ്.

കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ് ഠന്‍ എന്നിവരാണു സപ്തര്‍ഷികള്‍. ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷി പഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്. ഭാദ്രപാദ മാസത്തിലെ നാലാം ദിവസം അതായതു ചതുര്‍ത്ഥിനാള്‍ വിനായക ചതുര്‍ത്ഥിയും, പിറ്റേന്ന് ഋഷിപഞ്ചമിയുമാണ്.

വിശ്വകര്‍മ്മ സങ്കല്‍പ്പം കേവലം മതപരമായ ദേവതാ സങ്കല്‍പ്പമല്ല, ത്രിലോകത്തിലും കര്‍മ്മ ശക്തിയുടെ പ്രണയിതാവായ ഋഷിയാണ് വിശ്വകര്‍മ്മാവ്. ഒരു പ്രദേശത്തേക്കോ ഒരു കാലത്തേക്കോ മാത്രമല്ല, സൃഷ്ടി കാലം മുഴുവന്‍ എല്ലാ തൊഴില്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളും വിശ്വകര്‍മ്മാവിന്റെ കീഴില്‍ നടക്കുന്നുവെന്നാണു നമ്മുടെ വിശ്വാസം.

അതി പ്രാചീനകാലം മുതല്‍ തന്നെ ഭാരതത്തില്‍ വിശ്വകര്‍മ്മാവിനെ എല്ലാവിധ തൊഴിലിന്റെയും ആചാര്യനായി കണക്കാക്കി ആദരിച്ചു വരുന്നു. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുന്നതെന്നാണു വിശ്വാസം. ഋഷിപഞ്ചമി വിശ്വകര്‍മ്മ ജയന്തിയായിട്ടാണു നാം ആഘോഷിക്കുന്നത്.

ആദി വിശ്വകര്‍മ്മാവ് സ്വയം ഭൂജാതനായെന്നാണു വിശ്വാസം. അദ്ദേഹം യോനിജനോ അണ്ഡജനോ അല്ല. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയൊന്നും ഇല്ലാത്ത പ്രപഞ്ചത്തിന്റെ ആദികാലത്ത് സ്വയംഭൂവായ വിശ്വകര്‍മ്മാവ് അവതരിച്ചുവെന്നു വേദങ്ങള്‍ പറയുന്നു. അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണു വിശ്വകര്‍മ്മാവിന്‍േറത്.

ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.

അഞ്ച് ശക്തികളുടെ ഏകഭാവത്തില്‍ നിന്നും തന്റെ അംശാവതാരമായ പരാശക്തിയുടെ വൈഭവത്താല്‍ വിശ്വകര്‍മ്മത്തിനായി അഞ്ച് മൂര്‍ത്തീ ഭാവത്തോടു കൂടിയ അഞ്ച് മുഖങ്ങളായി ഭവിച്ചുവെന്നും അഞ്ച് ശക്തികളായ മനു, മയ, ത്വഷ്ട, ശില്‍പ്പി, വിശ്വജ്ഞ എന്നീ ദേവഗണങ്ങളാണു ലോകത്തെ നില നിര്‍ത്തുന്നതെന്നാണു പുരാണങ്ങള്‍ പറയുന്നത്.

നമ്മുടെ പാരമ്പര്യത്തില്‍ പഞ്ചമി വ്രതം സ്ത്രീകള്‍ക്ക് വളരെ പ്രധാന്യമുള്ളതായി കരുതിപ്പോരുന്നു. ഗൃഹത്തില്‍ എപ്പോഴും ജ്വലിച്ചു പ്രകാശിച്ചു കൊണ്ടിരിക്കുന്ന ശ്രീ അഥവാ ഐശ്വര്യ ദേവതയാണു സ്ത്രീ. അതുകൊണ്ടുതന്നെ അവര്‍ക്കുള്ള കര്‍മ്മ, കുടുംബ ദോഷങ്ങള്‍ മാറുന്നതിനും ദുരിതാനുഭവങ്ങളില്‍നിന്നു മോചനം നേടുന്നതിനും കുടുംബ ജീവിതം ഐശ്വര്യമാക്കുന്നതിനും ഋഷി പഞ്ചമി വ്രതം അനുഷ്ടിക്കുന്നതു ഉചിതമാണെന്നു പുരാണങ്ങള്‍ പറയുന്നു.

rishi panchami viratham
Related Posts