സ്പെഷ്യല്‍
രാഹു-കേതു മാറ്റം; ദോഷപരിഹാരങ്ങള്‍

രാഹു – കേതു മാറ്റങ്ങളെത്തുടര്‍ന്നുള്ള അവയുടെ ദോഷഫലങ്ങള്‍ മാറി അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ താഴെ പറയുന്ന പരിഹാരങ്ങള്‍ ചെയ്യുക. ചെയ്യുന്ന പരിഹാരങ്ങള്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ചെയ്യുക. ക്ഷേത്രങ്ങളില്‍ മാത്രം വഴിപാടുകള്‍ നടത്തുക. ഒരു പൂവോ, ഫലമോ, നാണയമോ ഭഗവാനു സമര്‍പ്പിക്കുമ്പോഴും നമ്മുടെ മനസ്സ് അതോടൊപ്പമുണ്ടാവണം. ‘ചെയ്യുന്നത് വെറും വഴിപാടാകരുത്’ എന്നു സാരം.

കാപട്യങ്ങളില്‍പ്പെട്ട് അനാവശ്യ പൂജകള്‍ക്കും, യന്ത്രങ്ങള്‍ക്കും, രത്‌നങ്ങള്‍ക്കും പണം നല്‍കി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈശ്വരശക്തിയില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുക. ഹരിനാമകീര്‍ത്തനത്തിലെ വാക്കുകള്‍ ഓര്‍മ്മിക്കുക. ‘സുഖവും ദുഃഖവും അനുഭവ കാലം, പോയാല്‍ സമമിഹ നാരായണ ജയ’. മനുഷ്യജന്മത്തില്‍ രണ്ടും അനുഭവിക്കാതെ മറ്റു പോംവഴിയില്ല.

ഞായറാഴ്ചകളില്‍ പേരും നക്ഷത്രവും പറഞ്ഞ് നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ‘രാഹു പൂജ’ ചെയ്യിക്കുന്നത് ഉത്തമമാണ്.രാഹുവിന്റെ ദോഷം മാറാനും രാഹുവിന്റെ അനുഗ്രഹത്തിനുമായി ‘ഉഴുന്ന്’ എന്ന ധാന്യം ദാനം ചെയ്യുക. ഉഴുന്നില്‍ തയ്യാറാക്കിയ പലഹാരങ്ങളുമാകാം. നവഗ്രഹമുളള ക്ഷേത്രത്തില്‍ രാഹുവിന് കറുത്ത പട്ട് വസ്ത്രം ചാര്‍ത്തുക. നവഗ്രഹപുഷ്പങ്ങളില്‍ രാഹുവിന് നീലപുഷ്പങ്ങള്‍ നാഗദന്തി പൂവ് എന്നിവ സമര്‍പ്പിക്കാം.

ലഹരിപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. പരസ്ത്രീ/പരപുരുഷ ബന്ധം ഒഴിവാക്കുക. കഴിയുന്നതും ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ പുറത്തു നിന്നുളള ദക്ഷണം കഴിക്കാതിരിക്കുക, വീട്ടിലെ ഭക്ഷണം ശീലമാക്കുക. വിഘ്‌ന വിനാശകനായ വിഘ്‌നേശ്വരനെ, ഗണപതിയെ ഭജിക്കുന്നത് കേതുദോഷമുളളവര്‍ക്ക് ഗുണപ്രദമാണ്. മാസത്തില്‍ ഒരു ചൊവ്വാഴ്ച ഗണപതി ഹോമം നടത്താം. ചതുര്‍ത്ഥിയും ചൊവ്വാഴ്ചയും ചേര്‍ന്നു വരുന്ന ദിവസമാണെങ്കില്‍ അത്യുത്തമം.

കേതു ദോഷം മാറാനും, അനുകൂലഫലങ്ങള്‍ ലഭിക്കാനും ചൊവ്വാഴ്ച ‘മുതിര’ ദാനം ചെയ്യുക. ചിത്രവര്‍ണ്ണങ്ങളുള്ള പട്ടുവസ്ത്രം നവഗ്രഹ പ്രതിഷ്ഠയുളള ക്ഷേത്രത്തില്‍ കേതുവിന് ചാര്‍ത്തുക. നവഗ്രഹപുഷ്പങ്ങളില്‍ കേതുവിന് ചൊവ്വാഴ്ച ചുവന്നപുഷ്പങ്ങളും വിവിധ വര്‍ണ്ണത്തിലുള്ള പുഷ്പങ്ങളും എരുക്കിന്‍പൂവും സമര്‍പ്പിക്കാം. പേരും നാളും ചൊല്ലി ചൊവ്വാഴ്ച വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലി നടത്തുന്നതുവഴി തടസ്സങ്ങളെ ഗണപതി ഭഗവാന്‍ തീര്‍ച്ചയായും മാറ്റിത്തരും.

രാഹുവിന്റെയും കേതുവിന്റെയും സ്‌തോത്രം നിത്യവും ശീലമാക്കുക. ഞായറാഴ്ച ഉറപ്പായും രാഹുവിന്റെയും ചൊവ്വാഴ്ച ഉറപ്പായും കേതുവിന്റെ സ്‌തോത്രവും ശീലമാക്കുക. സമയവും സാഹചര്യവുമനുസരിച്ച് 11, 27, 54, 108 എന്ന ക്രമത്തില്‍ ചൊല്ലാവുന്നതാണ്.

രാഹുവിന്റെ സ്‌തോത്രവും അര്‍ത്ഥവും

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

(പകുതി ശരീരത്തോടു കൂടിയവനായി, മഹാവീര്യവാനും സൂര്യചന്ദ്രന്മാരെ മര്‍ദ്ദിക്കുന്നവനും (വിഴുങ്ങുന്നവനും) സിംഹികാ എന്ന അസുര സ്ത്രീയില്‍ ജനിച്ചവനുമായ രാഹുവിനെ നമസ്‌ക്കരിക്കുന്നു.)

കേതുവിന്റെ സ്‌തോത്രവും അര്‍ത്ഥവും

പലാശപുഷ്പസങ്കാശം
താരകാകാര മസ്തകം
രൗദ്രം രൗദ്രഗുണോപേതം
തം കേതും പ്രണമാമ്യഹം

പ്ലാശിന്‍പൂവിനൊപ്പം തേജസ്സുളളവനും, നക്ഷത്രാകൃതിയില്‍ ശിരസ്സുളളവനും, കോപിഷ്ഠനും, രുദ്രസ്വരൂപനും, ഭയങ്കരനുമായ കേതുവിനെ ഞാന്‍ നമസ്‌ക്കരിക്കുന്നു.)

തയാറാക്കിയത്: ശിവ മാന്നാര്‍
ഫോണ്‍: 9819277144

Related Posts