പൈതൃകം
ഈ ഞായറാഴ്ച വിഷ്ണു ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

ശ്രാവണമാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണു പുത്രദാ ഏകാദശി. ഇത്തവണത്തെ പുത്രദാ ഏകാദശി ജനുവരി 24 ഞായറാഴ്ചയാണ്.
ഈ ദിവസം വിഷ്ണു ഭഗവാന്റെ നാമത്തില്‍ വ്രതം അനുഷ്ടിച്ചു ഭഗവത് പൂജ നടത്തി വേദജ്ഞരായ ബ്രാഹ്മിണര്‍ക്കു ഭക്ഷണവും ദാനവും നല്‍കി ആശീര്‍വാദം വാങ്ങണം. പകല്‍മുഴുവന്‍ ഭഗവത് കഥകള്‍ ശ്രവിക്കുകയും കീര്‍ത്തനങ്ങള്‍ ചൊല്ലുകയും രാത്രിയില്‍ ഭഗവാനെ മനസ്സില്‍ സദാ പ്രാര്‍ത്ഥിച്ചു കിടക്കണം. ഇങ്ങനെ ഈ വ്രതം അനുഷ്ഠിക്കുന്ന സന്താനരഹിതര്‍ക്കു സത്സന്താനങ്ങളെ ലഭിക്കും.

പണ്ട് മാഹീഷ്മതി എന്ന നഗരത്തില്‍ മഹീജിത്തെന്ന ഒരു രാജാവ് ഉണ്ടായിരുന്നു. വലിയ ധാര്‍മ്മിഷ്ഠനും ശാന്തനും ദാനിയും ആയിരുന്നിട്ടും സന്താന ദുഃഖം വല്ലാതെ അലട്ടിയിരുന്നു. അതിന്റെ കാരണം അറിയാന്‍ അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ മഹര്‍ഷിമാരെയും വരുത്തി സന്താനലബ്ധിക്കുള്ള പരിഹാരമാര്‍ഗം എന്താണ് ചെയ്യണ്ടത് എന്ന് അന്വേഷിച്ചു.

അപ്പോള്‍ ലോമേശ മഹര്‍ഷി പറഞ്ഞു താങ്കള്‍ ഒരു ശ്രാവണമാസത്തില്‍ ഏകാദശി ദിവസം ഉദ്യാന സമീപമുള്ള കുളത്തില്‍ നിന്നും ദാഹം നിമിത്തം വെള്ളം കുടിച്ചുകൊണ്ടിരുന്ന പശുവിനെ ഓടിച്ചു വിട്ടിരിക്കുന്നു. അതിന്റെ താപത്താലാണ് താങ്കള്‍ക്ക് പുത്ര ലബ്ധി ഭവിക്കാത്തതു. ആയതിനാല്‍ താങ്കള്‍ ശ്രാവണ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയ പുത്രദാ ഏകാദശി വ്രതം അനുഷ്ഠിക്കുക സന്താനം ഉണ്ടാവും.
ഋഷിയുടെ നിര്‍ദ്ദേശാനുസരണം രാജാവും കുടുംബവും ഏകാദശി അനുഷ്ടിച്ചു എന്നും സത്സന്താന പ്രാപ്തി കൈവരിച്ചു എന്നും ഐതീഹ്യം.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.

Related Posts