സ്പെഷ്യല്‍
ശ്രീകൃഷ്ണന്‍ അപൂര്‍വ ദര്‍ശനം നല്‍കുന്നിടം

2020 ഡിസംബര്‍ 16 ബുധനാഴ്ച മുതല്‍ 2021 ജനുവരി 2 ശനിയാഴ്ചവരെയാണ് കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഇത്തവണത്തെ വിശ്വരൂപദര്‍ശനം. വൃശ്ചികം 30ന് (ചൊവ്വാഴ്ച) വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ 18 ദിവസം മാത്രം ഭഗവാന് ചാര്‍ത്താനുള്ള വിശ്വരൂപ ഗോളിക ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിച്ച് ധനുപുലരി മുതല്‍ ഈ ഗോളിക ചാര്‍ത്തിയുള്ള പുണ്യദര്‍ശനമാണ് ഇവിടത്തെ പ്രത്യേകത.

18 ദിവസം മാത്രം ഭഗവാന്‍ വിശ്വരൂപത്തില്‍ ദര്‍ശനം നല്‍കുന്ന ഏകക്ഷേത്രം. ഈ ദിവസങ്ങളില്‍ മാത്രമുള്ള ഇവിടുത്തെ നിവേദ്യം. പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം കഴിച്ചാല്‍ ഏതു രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് വിശ്വാസം.

ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം. അനന്തരൂപനും അനന്തശക്തിയും ആദിദേവനുമായ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം. വര്‍ഷത്തില്‍ 18 ദിവസം മാത്രം വിശ്വരൂപത്തിലും ബാക്കി സമയങ്ങളില്‍ ശ്രീപുരുഷനായും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ഏക ക്ഷേത്രമാണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം. ഈ തിരുനടയിലെത്താനും വിശ്വരൂപദര്‍ശന സൗഭാഗ്യം നുകരാനും ഭക്തിയുടെ പരകോടയിലായിലലിയാനും ഭക്തര്‍ ഒഴുകിയെത്തുന്നു. മഹോത്സവത്തോടനുബന്ധിച്ച് നിത്യേന വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുന്നതാണ്. വിശേഷാല്‍ നിവേദ്യം, ദേവചൈതന്യവും അത്ഭുതങ്ങളും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രവും പരിസരവും ഇങ്ങനെ എല്ലാം കൊണ്ടും പ്രശസ്തമാണ് മദ്ധ്യതിരുവിതാംകൂറിലെ ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം.

എറണാകുളം ജില്ലയില്‍ പിറവത്ത് കക്കാടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സഞ്ചാരസൗകര്യവുമുണ്ട്. എറണാകുളം വൈറ്റിലയില്‍ നിന്നും 30 കിലോമീറ്ററും കോട്ടയത്തുനിന്നും 45 കി.മി ദൂരമുണ്ട് ഇവിടേക്ക്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനായ പിറവം റോഡില്‍ നിന്നും 12 കി.മീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

മഹാഭാരതവുമായി ബന്ധം

ഏറെ പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും മഹാഭാരതവുമായി ബന്ധപ്പെട്ടതാണെന്ന് സവിശേഷതയുമുണ്ട്. കുരുക്ഷേത്രയുദ്ധം നടന്നത് 18 ദിവസമാണെന്ന് മഹാഭാരതം പറയുന്നു. ഈ വേളയിലെ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ വിശ്വരൂപ ഭാവമാണ് പ്രതിഷ്ഠയിലുള്ളത്. നാടിന്റെ വിശ്വാസങ്ങളിലേക്കും ക്ഷേത്രം ആഴത്തില്‍ കടന്നു ചെല്ലുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പണ്ട് ശ്രീപുരുഷനെന്ന ശ്രീകൃഷ്ണ സങ്കല്പത്തിലാണ് ഇവിടെ ഭഗവാനെ പ്രതിഷ്ഠിച്ചിരുന്നത്.

കാലങ്ങള്‍ ഏറെ കടന്നുപോയപ്പോള്‍ ക്ഷേത്രത്തിനും ചില അപചയം സംഭവിച്ചു തുടങ്ങി. പതിവായുള്ള പൂജകള്‍ മുടങ്ങി. ഇതിന്റെ പരിണിതഫലങ്ങള്‍ നാട്ടിലും കണ്ടു തുടങ്ങിയത്രേ. ദുര്‍മരണങ്ങളും ദുരന്തങ്ങളും പതിവായി. ഒരു ഘട്ടത്തില്‍ ക്ഷേത്രം സമ്പൂര്‍ണ്ണ നാശത്തിലേക്ക് തന്നെ കടന്നു. ഇതോടെ പുതിയ കമ്മിറ്റിയുണ്ടാവുകയും ദേവപ്രശ്‌നം വച്ചു നോക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ദൈവജ്ഞന്‍ കൈമുക്ക് നാരായണന്‍ നമ്പൂതിരിക്കായിരുന്നു ആ നിയോഗം പ്രശ്‌നവശാല്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീകൃഷണന്‍ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് കണ്ടെത്തി. അതിനാല്‍ വിശ്വരൂപഭാവത്തില്‍ വര്‍ഷത്തില്‍ 18 ദിവസവും ഭഗവാനെ ആരാധിക്കണമെന്നും ബാക്കി ദിവസങ്ങളില്‍ ശ്രീ പുരുഷനായിതന്നെ ഇവിടെ വിളങ്ങുമെന്നും തെളിഞ്ഞു. അന്നുമുതലാണ് ക്ഷേത്രത്തിലെ പ്രശസ്തമായ വിശ്വരൂപദര്‍ശന മഹോത്സവവും തുടങ്ങിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികളും നടന്നു.

വിശ്വരൂപദര്‍ശനം

എല്ലാ വര്‍ഷവും ധനു ഒന്നു മുതല്‍ 18 വരെയാണ് വിശ്വരൂപദര്‍ശന മഹോത്സവമായി കൊണ്ടാടുന്നത്. കുരുക്ഷേത്രയുദ്ധം നടന്നത്. ധനു 1 മുതല്‍ 18 വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

യുദ്ധസമയത്ത് അര്‍ജുനന് കര്‍മ്മവിഘ്‌നനിവാരണാര്‍ത്ഥം ഭഗവാന്‍ നല്‍കിയ വിശ്വരൂപഭാവത്തിലാണ് ഈ ദിവസങ്ങളില്‍ ഇവിടെ ദര്‍ശനമുള്ളത്. ഈ പതിനെട്ടുദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസമെങ്കിലും ദര്‍ശനഭാഗ്യം നേടുന്നവര്‍ക്ക് കര്‍മ്മതടസ്സങ്ങള്‍ നീങ്ങി അഭിഷ്ടസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഇതിനാല്‍ ദര്‍ശനഭാഗ്യം നേടാനും അഭിഷ്ടസിദ്ധിക്കായി വഴിപാടുകള്‍ നടത്താനും ഭക്തജനപ്രവാഹമാണ് ഈ ദിവസങ്ങളില്‍ ഇവിടെ കണ്ടുവരിക.

ചൈതന്യത്തിന്റെ പ്രകാശരൂപമായി ഭഗവാന്‍ മാറുന്നു. പതിനെട്ടുദിവസവും വിശ്വരൂപഗോളകകൊണ്ട് ഭഗവാനെ അണിയിച്ചൊരുക്കും. ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശം പോലുള്ള മഹാതേജസ്സിനെ സ്മരിച്ച് ഭക്തര്‍ വഴിപാടായി വിശ്വരൂപദര്‍ശനം ഒരുക്കുന്നു. ഈ വഴിപാടുവഴി എത്ര കഠിന തടസ്സവും നീങ്ങുമെന്നാണ് വിശ്വാസം.

പ്രധാന വഴിപാടുകള്‍

1. എല്ലാ പ്രതിബന്ധങ്ങളും അകറ്റുന്നതിന് ഏകദിനവിശ്വരൂപപൂജ (ദിവസവും ഒരാള്‍ക്ക് മാത്രം ശിട്ടാക്കാവുന്നത്.

2. കുടുംബൈശ്വര്യ പൂജ

3. രോഗപ്രതിരോധത്തിന് പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം (ശ്രീകൃഷ്ണഭഗവാന്‍ യുദ്ധ പുറപ്പാടിനു മുന്‍പ് ഭുജിച്ച നിവേദ്യം

4. ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യഹവനം

5. സന്താനസൗഭാഗ്യത്തിന് -താമരമൊട്ടില്‍ നെയ്യ് നിറമുള്ള ഹവനം

6. വിദ്യാതടസ്സം മാറുന്നതിന്-വിദ്യാഗോപാലമന്ത്രാര്‍ച്ചന

7. വിദ്യാഗോപാലമന്ത്രം ജപിച്ച-സാരസ്വതഘൃതം

8. ധനാഭിവൃദ്ധിക്ക്-ആദികൂര്‍മ്മ പൂജ

ഇതു കൂടാതെ പാല്‍ പായസം, പഴംപഞ്ചസാര, വെണ്ണനിവേദ്യം, കദളിപ്പഴം, കദളിപഴമിട്ട പാല്‍പായസം തുടങ്ങിയ വഴിപാടുകള്‍ നടത്താനും സൗകര്യമുണ്ട്. ഇവയെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്യണം.

ക്ഷേത്രത്തിലെ നമ്പര്‍: 9895522739,8606290970,9446086064

ലക്ഷമിനാരായണപൂജ

മംഗല്യഭാഗ്യത്തിനും സൗഭാഗ്യപൂര്‍ണ്ണമായ കുടുംബജീവിതം ലഭിക്കാനുമുള്ള ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് ലക്ഷമിനാരായണപൂജ. ലക്ഷമിനാരായണന്മാര്‍ക്കുള്ള പ്രത്യേക പൂജാവിധിയാണ് ഇതിലുള്ളത്. ഈ വഴിപാട് വിശ്വരൂപദര്‍ശന ദിവസങ്ങളില്‍ കഴിക്കുന്നതല്ല.

പതിനെട്ടുദിവസങ്ങളിലെ ദര്‍ശനസമയം

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അതാത് സമയത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്കുള്ള പ്രവേശനം സാധ്യമാകൂ. ഈ ദിവസങ്ങളിലെ ദര്‍ശനം രാവിലെ 6 മുതല്‍ 11.30 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 8 വരെയുമാണ്.

ക്ഷേത്രത്തിന്റെ വിലാസവും അക്കൗണ്ട് നമ്പരും

ശ്രീപുരുഷമംഗലം ദേവസ്വം

കക്കാട് പി.ഒ, പിറവം

എറണാകുളം ജില്ല, 686 664

എറണാകുളം ജില്ല സഹകരണബാങ്ക്, പിറവം ബ്രാഞ്ച്

അക്കൗണ്ട് നമ്പര്‍: 021241000010516

IFSC-UBINODCBEDC

Related Posts