നക്ഷത്രവിചാരം
ഒരുതൊഴിലിലും ഉറച്ചുനില്‍ക്കാത്തവര്‍

സൗമ്യതയും ശാന്തതയും ക്ഷമയും ഉള്ളവരായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍. ഏതുകാര്യവും ആലോചിച്ചു മാത്രമേ നടപ്പാക്കൂ. ദാനശീലരായിരിക്കും. സമാധാനപരമായ കുടുംബജീവിതം നയിക്കാന്‍ ഇഷ്ടപ്പെടും. പുതുപുത്തന്‍ കാര്യങ്ങള്‍ അറിയാനും കൗതുകം പ്രകടിപ്പിക്കും. ശുചിത്വകാര്യത്തില്‍ കര്‍ക്കശരാകും.

നീതിക്കുനിരക്കാത്ത കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരായിരിക്കും. നിസാരപ്രശ്‌നങ്ങള്‍ പോലും കൂടുതലായി ചിന്തിച്ച് തലപുകയ്ക്കും. സുഹൃത്തുക്കള്‍ അധികമുണ്ടാകില്ല. അന്യരെ സഹായിക്കാന്‍ താത്പര്യപ്പെടും. ഒരു തൊഴിലില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ താത്പര്യമില്ലാത്തതിനാല്‍ മാറി മാറി പല തൊഴിലുകളില്‍ വ്യാപൃതരാകുന്ന സ്വഭാവക്കാരായിരിക്കും. എളുപ്പത്തില്‍ ശാരീരിക അസ്വസ്ഥതകളുണ്ടാകാന്‍ ഇടയുണ്ട്.

സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടും മാതാപിതാക്കളോടും ഭക്തിയും ബഹുമാനവും കൂടുതലായുണ്ടാകും. അവരുടെ നന്മകളില്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കും. ശുചിത്വം പാലിക്കുന്നവരും വസ്ത്രങ്ങളില്‍ കമ്പമുള്ളവരുമായിരിക്കും. മറ്റുള്ളവരെ പ്രശംസിക്കാന്‍ എന്നപോലെ വിമര്‍ശിക്കാനും മടികാട്ടാത്ത പ്രകൃതമായിരിക്കും.
നീതിന്യായവകുപ്പ്, പ്രസിദ്ധീകരണം, ബാങ്കിംഗ്, ഗണിതം എന്നീ മേഖലകളില്‍ ശോഭിക്കും. കരള്‍, ഉദരരോഗങ്ങള്‍, ഗോയിറ്റര്‍ എന്നിവ എളുപ്പത്തില്‍ ബാധിച്ചേക്കാം.

പാമരം പോലെ തോന്നിപ്പിക്കുന്ന ആറ് നക്ഷത്രങ്ങളുടെ കൂട്ടമാണ് പുണര്‍തം. വിഷ്ണുവാണ് ദേവത. ചരവും തിര്യങ്മുഖവുമായ പുണര്‍തം നക്ഷത്രം ഒരു സൃഷ്ടി നക്ഷത്രമാണ്. കപ്പല്‍ മുതലായവ ജലാശയത്തിലിറക്കാനും ആദ്യമായി  യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നാല്ക്കാലികളെ വാങ്ങുന്നതിനും ആഭരണങ്ങളുണ്ടാക്കാനും യാത്രപുറപ്പെടാനും ക്രയവിക്രയങ്ങള്‍ നടത്താനും അനുയോജ്യമായ നക്ഷത്രമാണ്.

ദേവത-അദിതി, ഗണം-ദൈവം, യോനി-സ്ത്രീ, ഭൂതം-ജലം, മൃഗം-പൂച്ച, പക്ഷി-ചെമ്പോത്ത്, വൃക്ഷം-മുള.

Related Posts