സ്പെഷ്യല്‍
ഈ വര്‍ഷത്തെ ഉത്ഥാന ഏകാദശിക്ക് വളരെയേറെ പ്രാധാന്യമുണ്ട്, കാരണം ഇതാണ്

വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏകാദശി വ്രതം. ഇത്തവണത്തെ ഏകാദശി നവംബര്‍ നാലിനാണ്. ‘കാര്‍ത്തിക’ മാസത്തിലെ ശുക്ല പക്ഷ ഏകാദശി തിഥിയില്‍ വരുന്ന ഉത്ഥാന ഏകാദശി അല്ലെങ്കില്‍ പ്രബോധിനി ഏകാദശിയാണ് അന്ന്. ഈ ഏകാദശിക്ക് വളരെയേറെ പ്രധാന്യമുണ്ട്. കാരണം ഇതാണ്-

ആഷാഢ മാസത്തിലെ ശുക്ല പക്ഷ ഏകാദശി മുതല്‍ നാലു മാസക്കാലത്തെ യോഗനിദ്രയില്‍നിന്ന് ഭഗവാന്‍ ഉണരുന്ന ദിവസമാണ് അന്ന്. വിഷ്ണുപുരാണം അനുസരിച്ച് ഈ ഏകാദശി ദിവസം വിഷ്ണുഭഗവാനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നന്നവരുടെ സകല ദുഖങ്ങളും മാറുമെന്നാണ് വിശ്വാസം. ജീവിതകാലത്ത് ചെയ്ത പാപങ്ങള്‍ കഴുകിക്കളയാനും ഭക്തര്‍ ഈ പുണ്യ വ്രതം ആചരിക്കാറുണ്ട്. പ്രബോധിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണത്തില്‍ ബ്രഹ്‌മാവും നാരദമുനിയും തമ്മില്‍ ഈ പ്രബോധിനി ഏകാദശിയുടെ മഹത്വത്തെ കുറിച്ച് പറയുന്നുണ്ട്.

ഇനി ഈ ഏകാദശിയെടുക്കുന്നതെങ്ങനെയെന്നു നോക്കാം.

ദശമി, ഏകാദശി , ദ്വാദശി എന്നീ മൂന്നു ദിനങ്ങളിലായാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്. നവംബര്‍ 3 ന് രാത്രി 7.30 നാണ് ഏകാദശിതിഥി ആരംഭിക്കുന്നത്. ഈ ദിവസം ഒരിക്കലൂണാണ് നല്ലത്. വ്രതമെടുക്കുന്നവര്‍ ഈ സമയം മുതല്‍ വിഷ്ണുഭജനം ആരംഭിക്കണം. കഴിയുന്നത്ര ഭഗവാന്റെ നാമങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്. ഏകാദശിദിവസം അതായത് നവംബര്‍ 4 ന് പൂര്‍ണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ലഘു ഭക്ഷണമോ കഴിക്കുക. ഏകാദശിദിവസം എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല.

പ്രഭാത സ്‌നാനത്തിനു ശേഷം ശുഭ്ര വസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണുസൂക്തമോ ഭാഗ്യസൂക്തമോ പുരുഷ സൂക്തമോ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവന്‍ അന്യചിന്തകള്‍ക്കൊന്നും ഇടം നല്‍കാതെ തെളിഞ്ഞ മനസ്സോടെ ഭഗവല്‍ മന്ത്രങ്ങളില്‍ മുഴുകിയിരിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

ഈ ഏകാദശിനാളില്‍ ഭഗവാന്റെ സാന്നിധ്യം ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള സമയമാണ് നവംബര്‍ 4ന് ഉച്ചയ്ക്ക് 12.29 മുതല്‍ രാത്രി 11.56 വരെ. ഈ സമയം നിരന്തരം നാമജപം നടത്താന്‍ സാധിക്കുന്നത് ഉത്തമമാണ്.

ഏകാദശിയുടെ പിറ്റേന്ന് നവംബര്‍ 5 ദ്വാദശി ദിവസം രാവിലെ 6.38 മുതല്‍ 8.51 വരെയുള്ള സമയമാണ് വ്രതം അവസാനിപ്പിക്കേണ്ടത്. മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ച് പാരണ വിടാം.

 

Related Posts