സ്പെഷ്യല്‍
ഇന്ന്‌ ശിവഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഇരട്ടിഫലം!

ശിവപ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ത്രയോദശി ദിവസം സായം സന്ധ്യയുടെ ആരംഭത്തിലാണ് പ്രദോഷം.

ഈ സമയം സമസ്തദേവന്മാരും പ്രദോഷരുദ്രനെ ആരാധിക്കുകയും നൃത്താദികള്‍ നടത്തി ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. ശിവന്‍ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നാണ് വിശ്വാസം. അന്ന് കൂവളത്തിലകൊണ്ട് ശിവഭഗവാനെ അര്‍ച്ചിച്ചാല്‍ സായൂജ്യം കൈവരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണ് ശിവപുരാണത്തില്‍ പറയുന്നത്.

ജൂണ്‍ 12 ഞായറാഴ്ചയാണ്‌ ഇത്തവണത്തെ പ്രദോഷവ്രതം.

പ്രത്യേക പക്ഷത്തുവരുന്ന ത്രയോദശിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു. സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവര്‍ ശിവക്ഷേത്രദര്‍ശനവും പൂജയും നടത്തി അല്‍പഭക്ഷണം കഴിക്കണമെന്നും ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ് എന്നാണ് വിശ്വാസം. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാല്‍ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് പറയുന്നു.

പ്രദോഷ വ്രതം എടുക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി വെളുത്ത വസ്ത്രവും ഭസ്മവും ധരിച്ചു ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവപഞ്ചാക്ഷരിയും ശിവസഹസ്രനാമവും ഗായത്രി മന്ത്രവും ജപിക്കാം. ഈ ദിവസം ഗായത്രിമന്ത്രം പത്തു തവണ ജപിച്ചാല്‍ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടെന്ന് പറയപ്പെടുന്നു.

പ്രദോഷ ദിനത്തില്‍ ഉപവാസമാണ് പറയുന്നത്. പച്ചവെള്ളം പോലും കുടിക്കാതെ സന്ധ്യ വരെ ശിവഭജനവുമായി കഴിയുക. പ്രദോഷ സന്ധ്യയ്ക്ക് അഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ കണ്ടു തൊഴുതശേഷം അഭിഷേകം ചെയ്ത പാല് കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. തുടര്‍ന്ന്, ദേവനു നേദിച്ച ചോറ് ഏറ്റവും സാത്വികമായ ഉപദംശങ്ങള്‍ കൂട്ടി കഴിക്കാം. ഇതോടെ പ്രദോഷ വ്രതം അവസാനിപ്പിക്കാം.

Related Posts