
ഈ നക്ഷത്രക്കാര്‍ അതിസമര്‍ത്ഥര്‍; സര്‍ക്കാര്‍ ഉദ്യോഗത്തിനും യോഗം
വിവേകശാലികളും സഹൃദയരും പ്രത്യേക വ്യക്തിത്വമുള്ളവരുമായിരിക്കും പൂരം നക്ഷത്രക്കാര്‍. മധുരമായി സംസാരിക്കുന്നവരും ഹൃദ്യമായി ഇടപെടുന്നവരുമായിരിക്കും. അധര്‍മവും അന്യായവും വച്ചുപൊറുപ്പിക്കില്ല. സര്‍വകാര്യങ്ങളും നിര്‍വഹിക്കുന്നതില്‍ അതിസമര്‍ത്ഥരായിരിക്കും. നൂതനമായ പല ആശയങ്ങളും ഉണ്ടാകുമെങ്കിലും മറ്റുള്ളവരുടെ ഒത്താശകളോടുകൂടി മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ. വീരസാഹസിക കൃത്യങ്ങളില്‍ തല്‍പരരായിരിക്കും. അപാരമായ ഓര്‍മശക്തി പുലര്‍ത്തും.
നിഗൂഢശാസ്ത്രങ്ങളും തന്ത്രവിദ്യകളും ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടാന്‍ ഇഷ്ടപ്പെടില്ല. തന്റെ തെറ്റുകുറ്റങ്ങള്‍ അന്യരുടെ പേരില്‍ ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നത് ദൗര്‍ബല്യമായിരിക്കും.
സ്ത്രീകള്‍ സൗമ്യഭാഷണവും സ്വഭാവശുദ്ധിയും സന്താനസൗഭാഗ്യമുള്ളവരുമായിരിക്കും. ഇവര്‍ ആഭരണക്കമ്പക്കാരും അലങ്കാരപ്രിയരുമാകാനും ഇടയുണ്ട്. കലാസ്‌നേഹികളായ ഇവര്‍ നൃത്തം, സംഗീതം എന്നീ കലകളില്‍ അഭിരുചിയുള്ളവരാകും.
സര്‍ക്കാരുദ്യോഗം, ദേശരക്ഷാപ്രവര്‍ത്തനം, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് മേഖലകളില്‍ ശോഭിക്കും. നട്ടെല്ലുവേദന, കഴുത്തുവേദന, കിതപ്പ്, കണങ്കാലിനു വീക്കം എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.
തൊട്ടിലിന്റെ കാലുകള്‍പോലെ രണ്ടു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് പൂരം. പൂരം വന്ധ്യനക്ഷത്രമായതിനാല്‍ പല ശുഭകാര്യങ്ങള്‍ക്കും യോജ്യമല്ല.
ദേവത-ആര്യമാവ്, ഗണം-മാനുഷം, യോനി-സ്ത്രീ, ഭൂതം-ജലം, മൃഗം-ചുണ്ടെലി, പക്ഷി-ചെമ്പോത്ത്, വൃക്ഷം-പ്ലാശ്.