സ്പെഷ്യല്‍
വിദ്യാരംഭത്തിന് ഉത്തമമായ സമയം അറിയാം

കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തങ്ങളൊന്നും നോക്കാതെ വിദ്യാരംഭം കുറിക്കാവുന്നതാണ്. ദേവീപൂജയ്ക്ക് ശേഷം അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് ‘ഹരിശ്രീഗണപതയെനമ:’ എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ ‘ഓം ഹരിശ്രീഗണപതയെനമ: അവിഘ്നമസ്തു’ എന്നും എഴുതുന്നതാണ് വിദ്യാരംഭം.

കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറേകാല്‍ നാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. പൂജയെടുപ്പ് കഴിഞ്ഞാണ് വിദ്യാരംഭം ആരംഭിക്കേണ്ടത്.

ഈ വര്‍ഷത്തെ പൂജയെടുപ്പിന് ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാവിലെ 6.54 മുതല്‍ 8.56 വരെയുള്ള സമയം അത്യുത്തമമാണ്. പൂജയെടുപ്പിനു ശേഷം 8.56 വരെയുളള സമയം വിദ്യാരംഭത്തിനും ശുഭമാണ്.

മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത് നാലിന് അകം വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം. എന്നാല്‍ രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദമുണ്ട്. ഗണപതിയെയും വരദയും കാമരൂപിണിയുമായ സരസ്വതിയെയും പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു.

വിദ്യാദേവതകളായ ഗണപതിയേയും സരസ്വതിയേയും പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും.സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്.

Related Posts