
ദുരിതങ്ങള്‍ നീക്കുന്ന ചാന്താട്ടവും വലിയഗുരുതിയും; എളവൂര്‍ ശ്രീ പിച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ബുക്കിംഗ് ആരംഭിച്ചു
എളവൂര്‍ ശ്രീ പിച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ചാന്താട്ടവും താലപ്പൊലി മഹോത്സവവും ഫെബ്രുവരി 22, 23, 24 തീയതികളില്‍ നടക്കും. ഭഗവതിക്ക് ഏറെ പ്രീതികരമായ ‘ചാന്താട്ടം’, ‘വലിയ ഗുരുതി’ എന്നീ വഴിപാടുകളാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ഭഗവതി ക്ഷേത്രങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ് ചാന്താട്ടം. ഉഗ്രഭാവത്തിലുള്ള ദേവിയുടെ കോപം ശമിപ്പിച്ച് ശാന്തസ്വരൂപിണിയാക്കാന്‍ നടത്തുന്ന ഒരു വിശേഷാല്‍ അഭിഷേക കര്‍മ്മമാണിത്. പിച്ചേലിക്കാവ് ഭഗവതിക്ക് ചാന്താട്ടം നടത്തുകയും അത് നേരിട്ട് ദര്‍ശിക്കുകയും ചെയ്യുന്നത് സര്‍വ്വ ദുഃഖങ്ങളും അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം.
ദേവി ക്ഷേത്രങ്ങളില്‍ ഭക്തിയുടെയും ശക്തിയുടെയും പ്രതീകമായി നടക്കുന്ന സുപ്രധാന ചടങ്ങാണ് വലിയ ഗുരുതി. ശത്രുദോഷങ്ങള്‍ അകറ്റാനും, രോഗശാന്തിക്കും, ദൃഷ്ടിദോഷങ്ങള്‍ മാറാനും, തടസ്സങ്ങള്‍ വഴിമാറാനും ഭക്തര്‍ ഗുരുതി വഴിപാട് സമര്‍പ്പിക്കുന്നു. പിച്ചേലിക്കാവിലെ വലിയ ഗുരുതി ദര്‍ശിക്കുന്നത് അതീവ പുണ്യദായകമാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ചാന്താട്ടവും വലിയഗുരുതിയും ഭക്തര്‍ക്ക് ഇപ്പോള്‍ വഴിപാടായി ബുക്ക് ചെയ്യാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; 94009 91305.

