സ്പെഷ്യല്‍
ഏപ്രിൽ 5, പാപമോചനി ഏകാദശി; സർവ്വ പാപങ്ങളും നശിക്കും, ഇത്തവണ ഇങ്ങനെ വ്രതമെടുത്തോളൂ

ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ആമലകീ ഏകാദശി കഴിഞ്ഞു വരുന്ന കൃഷ്ണ പക്ഷത്തിലാണ് പാപമോചനി ഏകാദശി. സര്‍വ്വ പാപങ്ങള്‍ നശിപ്പിക്കുന്നതോടൊപ്പം ശത്രുനാശത്തിനും സമ്പദ്‌സമൃദ്ധിക്കും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്. ഏപ്രിൽ 5 നാണ്‌ ഇത്തവണത്തെ പാപമോചനി ഏകാദശി.

ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ പറയുന്നു.

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിക്കാതിരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം.

 

ekadashi
ekadashi vrat
ekadashi vritam
ekadasi
Papamochani Ekadashi
പാപമോചനി ഏകാദശി
Related Posts