സ്പെഷ്യല്‍
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടപ്പോള്‍; നിഷ സാരംഗ് അനുഭവം പങ്കുവയ്ക്കുന്നു

തന്റെ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമെല്ലാം പിന്നില്‍ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും ശക്തിയും ഒന്നുമാത്രമാണെന്നു പ്രശസ്ത ചലച്ചിത്രതാരം നിഷ സാരംഗ്. ആറ്റുകാലമ്മയിലര്‍പ്പിച്ച വിശ്വാസവഴികളെക്കുറിച്ച് ജ്യോതിഷവാര്‍ത്താ ഡോട്ട്‌കോമുമായി അവര്‍ അനുഭവം പങ്കുവയ്ക്കുന്നു.

എന്റെ ജീവിതത്തിലെ നല്ലകാര്യങ്ങളെല്ലാം നടന്നത് ആറ്റുകാലമ്മയുടെ അനുഗ്രഹം കൊണ്ടാണ്. അഭിനയരംഗത്തേക്കുവന്ന വര്‍ഷം മുതല്‍ മുടങ്ങാതെ ആറ്റുകാല്‍ പൊങ്കാലയിടുന്നുണ്ട്. പൊങ്കാലയര്‍പ്പിക്കല്‍ എന്നെ സംബന്ധിച്ച് ഓരോ തവണയും ഓരോ അനുഭവമാണ്.

ഒരുതവണ ചോറ്റാനിക്കര മകംതൊഴലിന്റെ പിറ്റേ ദിവസമായിരുന്നു ആറ്റുകാല്‍ പൊങ്കാല. ആ വര്‍ഷം മകം തൊഴലിനുശേഷം അടുത്തദിവസം പൊങ്കാലയുമിട്ടു. പൊങ്കാലയിടുമ്പോള്‍ ശരീരത്തിനും മനസിനും ലഭിക്കുന്ന അനുഭൂതിവേറെയാണ്. എന്റെ പുതിയ വീടുവയ്ക്കല്‍, മകളുടെ കല്യാണം, അവളുടെ പ്രസവം അങ്ങനെ വീട്ടിലേയും കുട്ടികളുടെയും കാര്യത്തിലും അഭിനയത്തിലുമെല്ലാം ദേവിയുടെ അനുഗ്രഹം എനിക്കു ലഭിച്ചിട്ടുണ്ട്.

അഭിനയ രംഗത്ത് നിലനില്‍ക്കുന്നതുതന്നെ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ഞാന്‍മാത്രമല്ല, ലക്ഷക്കണക്കിന് ഭക്തരാണ്  ആറ്റുകാലമ്മയുടെ ഭക്തവാത്സല്യം അനുഭവിച്ചറിഞ്ഞിട്ടുള്ളത്.എന്റെ പരിചയത്തിലുള്ള സുഹൃത്തിന്റെ കുടുംബം നല്ലൊരു ജോലിയില്ലാതെ കഷ്ടപ്പെട്ട് സങ്കടം പറഞ്ഞപ്പോള്‍ ഞാനാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ പറഞ്ഞത്. പൊങ്കാലയര്‍പ്പിച്ചതിനു പിന്നാലെ അവര്‍ ആഗ്രഹിച്ച കാര്യം നടന്നതായി വിളിച്ചറിയിച്ചത് ഏറെ സന്തോഷംതോന്നി.

അഭിനയ രംഗത്തുള്ള മറ്റൊരു നടിയുടെ മകള്‍ക്ക് വിവാഹാലോചനകള്‍ ശരിയാവാത്ത പ്രശ്നം പറഞ്ഞപ്പോഴും പ്രാര്‍ഥിച്ച് പൊങ്കാലയിടാന്‍ പറയുകയും അവരെ കൂടെ കൊണ്ടുപോവുകയും ചെയ്തു. പൊങ്കാലയിട്ട് അധികം വൈകാതെ ഒരു നല്ല ആലോചന വന്നിട്ടുണ്ടെന്ന് അവര്‍ സന്തോഷത്തോടെ വിളിച്ചറിയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കല്യാണമുറപ്പിക്കുകയും ചെയ്തു.

കഴിഞ്ഞനാലുവര്‍ഷമായി സഹോദരന്റെയും സുഹൃത്തിന്റെകുടുംബത്തോടുമൊപ്പമാണ് പൊങ്കാല അര്‍പ്പിക്കാനായി പോകുന്നത്. രണ്ടുമൂന്നുതവണ തിരക്കിനിടയില്‍ റോഡരികില്‍വരെ പൊങ്കാലയിട്ടിട്ടുണ്ട്. ഈ സമയത്തൊക്കെ പൊങ്കാല അര്‍പ്പിക്കല്‍ പകര്‍ത്തുന്ന ക്യാമറകളില്‍നിന്ന് സെലിബ്രിറ്റി എന്ന നിലയില്‍ ചെന്നുപെടാറില്ല. പ്രാര്‍ഥനയിലുള്ള ശ്രദ്ധ മാറിപ്പോവാതിരിക്കാന്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. പൊങ്കാല അര്‍പ്പണത്തിനു മാത്രമല്ല ഞാന്‍ ആറ്റുകാലമ്മയുടെ തിരുസന്നിധിയിലെത്താറുള്ളത്. തിരുവനന്തപുരത്ത് ഷൂട്ടിനു പോകുമ്പോഴെല്ലാം അമ്മയുടെ നടയില്‍ രാവിലെ ഞാനുണ്ടാവും. പ്രാര്‍ഥിച്ചശേഷം മാത്രമേ ഷൂട്ടിംഗിനായി പോകാറുള്ളൂ. ആറ്റുകാലമ്മയുടെ അനുഗ്രഹം എനിക്കെപ്പോഴുമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

Related Posts