സ്പെഷ്യല്‍
നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

നിലവിളക്ക് കൊളുത്താത്ത ഹൈന്ദവഭവനങ്ങള്‍ വിരളമായിരിക്കും.അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച് എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ ഈശ്വരനായി സങ്കല്‍പ്പിച്ച് അര്‍ച്ചന ചെയ്യുന്നു. മനസ്, ബിന്ദു,കല,നാദം, പഞ്ചഭൂതം എന്നിവയുടെ പ്രതീകമായാണ് നിലവിളക്കിനെ കണക്കാക്കുന്നത്. അതേസമയം, അലങ്കാരവിളക്കുകളും തൂക്കുവിളക്കുകളും വീടുകളിലും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല എന്നതും പ്രത്യേകതയാണ്.

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും കുറിക്കുന്നു എന്നാണ് വിശ്വാസം. രണ്ടു തട്ടുകള്‍ ഉള്ളതും ഓടില്‍ നിര്‍മ്മിച്ചതുമായ നിലവിളക്കാണ് ഭവനങ്ങളില്‍ കത്തിക്കാന്‍ ഉത്തമമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിക്കാന്‍. ഇങ്ങനെ ചെയ്താല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയിച്ചാല്‍ കടബാധ്യത തീരും എന്നും ആചാര്യന്മാര്‍ പറയുന്നു. വടക്കുദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും പറയുന്നു. എന്നാല്‍, തെക്ക് നോക്കി നിലവിളക്ക് തെളിയിക്കുന്നത് അശുഭകാര്യങ്ങള്‍ക്ക് ഇടയാക്കുമെന്നും വിശ്വാസം.

ഒറ്റത്തിരിയിട്ടു കത്തിച്ചാല്‍ മഹാവ്യാധിയും രണ്ടു തിരിയിട്ടു കത്തിച്ചാല്‍ സമ്പത്തും മൂന്ന് തിരിയാല്‍ അത് ആലസ്യവും,നാലു തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യവും അഞ്ച് തിരിയായാല്‍ വളരെ മംഗളപ്രദവും എന്നാണ് വിശ്വാസം.

കൂടുതല്‍ തിരികള്‍ കൊളുത്തുന്ന കല്‍വിളക്കുകളില്‍ തിരികള്‍ വടക്കുവശത്തു നിന്നും കൊളുത്തിത്തുടങ്ങണം. പ്രദക്ഷിണമായി കൊളുത്തിത്തുടങ്ങി അവസാനതിരിയും കൊളുത്തിയശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം.എന്നിട്ട് കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തണം എന്നും ആചാര്യന്മാര്‍ പറയുന്നു.തിരി പിന്നിലേക്ക് നീക്കി എണ്ണയില്‍ മുക്കിയാണ് ദീപം കെടുത്തേണ്ടത്. ദീപം കരിന്തിരി കത്തി സ്വയം അണയുന്നത് അശുഭലക്ഷണമെന്നും വിശ്വാസം.

Related Posts