സ്പെഷ്യല്‍
എന്തായാലും…അത് കിരണ്‍ ആനന്ദും ഗുരുവായൂരപ്പനും തീരുമാനിക്കട്ടെ

സമ്പാദകന്‍ : രാമയ്യര്‍ പരമേശ്വരന്‍,
റിട്ട. മാനേജര്‍, ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂരപ്പന്റെ സ്വന്തം ചെലവില്‍ ദേവസ്വം വകയായി നടത്തിവരുന്ന വേദപാഠശാലയില്‍നിന്നും വേദപഠനം നടത്തിയ ഒരേ ഒരു വിദ്യാര്‍ത്ഥി. കക്കാട് ഓതിക്കന്‍ കിരണ്‍ ആനന്ദ് നമ്പൂതിരി. 1198 കന്നി 1 ന്(2022 സെപ്റ്റംബര്‍ 17) ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്ക് ശേഷം ഭക്തജനം തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ ദേവസ്വം അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നമസ്‌കാര മണ്ഡപത്തില്‍ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതൊരു ചരിത്രസംഭവമായി.

യഥാര്‍ത്ഥത്തില്‍ 54 വര്‍ഷം മുന്‍പ് 1969 ല്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം വകയായി ഒരു വേദപാഠശാല ആരംഭിക്കാന്‍ ശ്രമമാരഭിച്ചിരുന്നു. തെക്കെ ഊട്ടുപുരയില്‍ വെച്ച് വേദപഠനം ക്ലാസ് ആരംഭിക്കാനായിരുന്നു ആലോചന. കൂടാതെ ഗുരുവായൂരില്‍തന്നെ തന്ത്രവിദ്യാപീഠം സ്ഥാപിക്കാനും കാര്യമായ ശ്രമം ഉണ്ടായി. 1968 ആഗസ്റ്റ് മാസം 22,23,24 തിയ്യതികളില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന കേരളത്തിലെ തന്ത്രി മാരുടെ ഒരു സമ്മേളനം ഈ മഹല്‍സംരഭത്തിന് പ്രചോദനമായി. മങ്കടകോവിലകത്ത് കാശി വിശ്വനാഥ വര്‍മ്മ രാജയുടെ ഉത്സാഹവും,അഖിലകേരള തന്ത്രി സമാജം സെക്രട്ടറി പുല്ലാംവഴി ദേവന്‍ നാരായണന്‍ നമ്പൂതിരിപ്പാടും അന്നത്തെ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്,മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, അമ്പലപ്പുഴ തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി,അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാട്, എന്നിങ്ങനെ യുള്ള പ്രഗല്‍ഭമതികളുടെ ഉത്സാഹത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ , 1970 ല്‍ ക്ഷേത്രത്തില്‍ അവിചാരിതമായി ഉണ്ടായ അഗ്‌നിബാധയും മറ്റു സംഭവവികാസങ്ങളും വേദപാഠശാലയുടെ തുടര്‍നടപടികളെ മന്ദീഭവിപ്പിച്ചു. കാലം കടന്നുപോയി.ക്ഷേത്രപുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ശ്രദ്ധ.

1989 മാര്‍ച്ച് മാസത്തിനുശേഷം ഗുരുവായൂരപ്പന്റെ തന്ത്രിയായിചുമതലയേറ്റ ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ നിഷ്‌കര്‍ഷയും ദൃഢനിശ്ചയവും ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ വേദപാഠശാല ആരംഭിക്കാന്‍ കാരണമായി.1997 ല്‍ പാഠശാലയുടെ പ്രാരംഭനടപടികളില്‍ പ്രവര്‍ത്തനമാരംഭിച്ചു.കേരളത്തിലെ പ്രസിദ്ധ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി എന്നപേരില്‍ അറിയപ്പെട്ട നാരായണ മംഗലത്ത് അഗ്‌നിശര്‍മ്മന്‍ നമ്പൂതിരിപ്പാടിനെ ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വേദാദ്ധ്യാപകനായി ദേവസ്വം നിശ്ചയിച്ചു.

അദ്ദേഹത്തിന് താമസസൗകര്യവും,ഭക്ഷണസൗകര്യവും ദേവസ്വം ഏര്‍പ്പെടുത്തി.കാഞ്ചിമഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ വകയായി ദേവസ്വം സ്ഥലത്ത് നിര്‍മ്മിച്ച് നല്‍കിയ ഇപ്പോഴത്തെ ദേവസ്വംവക വേദപാഠശാലയിലെ പഴയ കെട്ടിടത്തില്‍ വേദപഠനം ക്ലാസ് ആരംഭിച്ചു. അങ്ങനെ ആദ്യമായി ഒരദ്ധ്യാപകനും ഒരേ ഒരു വിദ്യാര്‍ത്ഥി കക്കാട് മനയിലെ കിരണ്‍ ആനന്ദും 2005 വരെ കിരണ്‍ ആനന്ദ് നമ്പൂതിരി വേദപഠനം തുടര്‍ന്നു. ഭാഗികമായെങ്കിലും പഠനം പൂര്‍ത്തിയാക്കി. കടവല്ലൂരിലെ വിദ്വല്‍ സദസ്സിലുംപങ്കെടുക്കാന്‍ കഴിഞ്ഞു.എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. 1997 ഏപ്രില്‍ മാസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിലാണ് വേദപഠനത്തിന് പ്രാരംഭംകുറിച്ചത്. കക്കാട് മനയിലെ മനു നമ്പൂതിരി, വിനീത് നമ്പൂതിരിയും കിരണ്‍ നമ്പൂതിരിയുടെ കൂടെ വേദപഠനക്‌ളാസ്സില്‍ പിന്നീട് ചേരുകയുണ്ടായി.1997 ഏപ്രില്‍ മാസത്തില്‍ വേദപഠനം ആരംഭിക്കുമ്പോള്‍ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെയും,മേശ്ശാന്തി കുത്തുള്ളി നമ്പൂതിരിയുടേയും സാന്നിദ്ധ്യത്തില്‍ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി നിവേദ്യത്തറയില്‍വെച്ച് തന്റെ ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ച അതേ സ്ഥലത്ത് നിന്നു തന്നെ മേശ്ശാന്തി നറുക്കെടുപ്പിലൂടെ..

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ അവര്‍കള്‍ ഗുരുവായൂരപ്പന്റെ ‘മേശ്ശാന്തി കക്കാട് കിരണ്‍ ആനന്ദ് ‘എന്ന നാമധേയം ഉറക്കെ പറഞ്ഞപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കിരണ്‍ ആനന്ദിന് ഗദ്ഗദത്തോടെ ശബ്ദമിടറി…ഒരു നിമിഷം …ന്റെ ഗുരുവായൂരപ്പാ…..ഉടനെ പരിഭ്രമവും എല്ലാം ആ മുഖത്ത് കാണാമായിരുന്നു. സന്തോഷഭരിതനായ കിരണ്‍ തെല്ലൊന്ന് പതറി….കൂടി നിന്നവരെ ല്ലാം കിരണ്‍ ആനന്ദിനെ ആശ്ലേഷിച്ചു. അഭിനന്ദിച്ചു. വേദപഠനം ആരംഭിച്ച സുദിനത്തില്‍ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് ആയിരുന്നു വെങ്കില്‍ ഇന്നിതാ താന്‍ മേശ്ശാന്തി പദത്തിലേക്ക് എത്തുമ്പോള്‍ അന്നത്തെ തന്ത്രിയുടെ മകന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് തന്ത്രിസ്ഥാനത്ത് മണ്ഡപത്തില്‍ ഉണ്ട്.

ആചാര്യനായ തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാടിനെ വണങ്ങി മണ്ഡപത്തില്‍ കയറി ഗദ്ഗദത്തോടെ ഗുരുവായൂരപ്പനെ സാഷ്ടാംഗം നമസ്‌കരിച്ചു.ഗുരുനാഥനായ നാറാസ് നമ്പൂതിരിയെ മനസ്സില്‍ ധ്യാനിച്ചു. ഗുരുവായൂരപ്പനും ഒന്ന് കരുതിയൊ…തന്റെ സ്വന്തം വേദപാഠശാലയില്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വേദസൂക്തങ്ങളും,മന്ത്രങ്ങളും പൂര്‍ണ്ണമായല്ലെങ്കിലും ആദ്യമായി അഭ്യസിച്ച പ്രഥമ വിദ്യാര്‍ത്ഥി കിരണ്‍ ആനന്ദ് തന്നെ പൂജിക്കാന്‍ അനുവാദംചോദിച്ച് ആദ്യമായി തന്റെ തിരുമുമ്പില്‍ അപേക്ഷിച്ച ഈ സന്ദര്‍ഭം…. ഒഴിവാക്കാനാകുമോ……ഇതൊരു ചരിത്രനിയോഗമാകട്ടെയെന്ന്……ഗുരുവായൂരപ്പന്‍ നിശ്ചയിച്ചതല്ലെ.
ഒട്ടും ഉപേക്ഷവരുത്താതെ മേല്‍ശാന്തി പദം കിരണിന് ഗുരുവായൂരപ്പന്‍ അനുഗ്രിച്ചുനല്‍കിയതല്ലെ……. എന്തായാലും…അത് കിരണ്‍ ആനന്ദും,ഗുരുവായൂരപ്പനും തീരുമാനിക്കട്ടെ. ഗുരുവായൂരപ്പന്റെ വേദപാഠശാലയിലെ ആദ്യ വിദ്യാര്‍ത്ഥി ഇതാ ആദ്യമായി മേശ്ശാന്തിപ്രവര്‍ത്തിക്ക് അപേക്ഷിച്ച് ആദ്യ നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

 

Related Posts