സ്പെഷ്യല്‍
ഈ വര്‍ഷത്തെ നവരാത്രി വ്രതം ആരംഭിക്കുന്നത്

ദേവിയെ ഉപാസിക്കാനുള്ള ഒന്‍പതു നാളുകളാണ് നവരാത്രി. ദേവീ പ്രീതിക്കുള്ള ഉത്തമമാര്‍ഗം കൂടിയാണത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതമെടുക്കാം. ഈ വര്‍ഷത്തെ നവരാത്രി സെപ്റ്റംബര്‍ 28 ശനിയാഴ്ച രാത്രി 11.57 ന് ആരംഭിക്കും. ഇതനുസരിച്ച് സെപ്റ്റംബര്‍ 29 മുതല്‍ വ്രതം ആരംഭിക്കണം. ഒക്ടോബര്‍ ഏഴിനു ഉച്ചയ്ക്ക് 12.43നു നവമി തീരും. അതുവരെ നവരാത്രി വ്രതമെടുക്കണം.

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്‌നങ്ങളും മാറി ഐശ്വര്യം വരുമെന്നാണു വിശ്വാസം. വ്രതം എടുക്കുന്നതിനു മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതിഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്.

അന്നേദിവസം പിതൃപ്രീതി വരുത്തുകയും വേണം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്.

എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാ ലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒമ്പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്കു സൗന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കുമെന്നാണു വിശ്വാസം.

Related Posts